Sports
MS Dhoni,india-new zealand,ഇന്ത്യ,ധോണി,എം.എസ് ധോണി

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിനിടെ ധോണി ആരാധകരെ കൈവീശിക്കാണിക്കുന്നു

Sports

''ധോണീ...ധോണീ...'' സ്ക്രീനില്‍ 'തല'; ആര്‍പ്പുവിളിച്ച് ആരാധകര്‍

Web Desk
|
28 Jan 2023 4:10 AM GMT

ന്യൂസിലന്‍ഡ് ഇന്നിങ്സിനിടെ ഗ്യാലറിയില്‍ ഇരിക്കുന്ന ധോണിയിലേക്ക് ക്യാമറക്കണ്ണുകള്‍ പതിഞ്ഞതോടെ മൈതാനത്ത് ആര്‍പ്പുവിളികള്‍ മുഴങ്ങി...

ഇന്ത്യക്ക് രണ്ട് ക്രിക്കറ്റ് ലോകകിരീടങ്ങള്‍ നേടിത്തന്ന നായകന്‍ ധോണിക്ക് ആരാധകരുടെ എണ്ണത്തില്‍ ഇന്നും ഒരു കുറവുമില്ല. വിരമിച്ച് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 മത്സരം കാണാനെത്തിയ ധോണിക്ക് കിട്ടിയ ആര്‍പ്പുവിളികളും കൈയ്യടികളും തന്നെയാണ് അതിന്‍റെ തെളിവ്.

ധോണിയുടെ സ്വന്തം നാടായ റാഞ്ചിയില്‍ വെച്ചായിരുന്നു ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ ടി20. അതുകൊണ്ട് തന്നെ ടീം ഇന്ത്യയുടെ കളി കാണാന്‍ ഭാര്യ സാക്ഷിയുമൊത്താണ് ധോണിയെത്തിയത്. ന്യൂസിലന്‍ഡ് ഇന്നിങ്സിനിടെ ഗ്യാലറിയില്‍ ഇരിക്കുന്ന ധോണിയിലേക്ക് ക്യാമറക്കണ്ണുകള്‍ പതിഞ്ഞതോടെ മൈതാനത്ത് ആര്‍പ്പുവിളികള്‍ മുഴങ്ങി. തങ്ങളുടെ പ്രിയപ്പെട്ട 'തല'യെ ടിവി സ്‌ക്രീനില്‍ കാണിച്ചപ്പോഴെല്ലാം ആരാധകര്‍ ''ധോണീ... ധോണീ'' എന്ന് ഉറക്കെ വിളിച്ചുകൊണ്ടേയിരുന്നു. എം.എസ് ധോണി സ്റ്റാന്‍ഡില്‍ നിന്നായിരുന്നു ആരവങ്ങള്‍ കൂടുതലും.

റാഞ്ചി ധോണിയെ സ്വീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലെല്ലാം വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

View this post on Instagram

A post shared by Team India (@indiancricketteam)

കാണികളുടെ സ്നേഹത്തിന് മുന്നില്‍ തിരികെ സന്തോഷം പ്രകടിപ്പിക്കാനും ധോണി മറന്നില്ല. ആര്‍പ്പുവിളികളോടെ സ്വീകരിച്ച ആരാധകരെ തിരികെ കൈവീശിക്കാണിച്ചാണ് ധോണി സ്നേഹം പങ്കുവെച്ചത്.

ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വി

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 യില്‍ ഇന്ത്യക്ക് തോല്‍വി. 21 റണ്‍സിനാണ് കിവീസ് ഇന്ത്യയെ തകര്‍ത്തത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 177 റൺസ് റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 155 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയ വാഷിംഗ്ടൺ സുന്ദറും 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മാത്രമാണ് പൊരുതിയത്. ഒരു ഘട്ടത്തില്‍ 15 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ സൂര്യകുമാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് വന്‍തോല്‍‌വിയില്‍ നിന്ന് രക്ഷിച്ചത്.

വാഷിംഗ്ടണ്‍ സുന്ദര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ഇന്ത്യയെ വിജയതീരമണക്കാനായില്ല. സുന്ദര്‍ 35 പന്തില്‍ 52 റണ്‍സ് എടുത്തു. ന്യൂസിലന്‍ഡിനായി ക്യാപ്റ്റന്‍ സാന്‍റ്നറും ലോക്കി ഫെര്‍ഗൂസണും ബ്രേസ്‍വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തേ അര്‍ധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ഡെവോണ്‍ കോണ്‍വേയുടെയും ഡാരില്‍ മിച്ചലിന്‍റേയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവിലാണ് കിവീസ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മിച്ചല്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 35 പന്തിൽ ഒരു സിക്‌സിന്റേയും ഏഴ് ഫോറിന്റേയും അകമ്പടിയില്‍ 52 റൺസാണ് കോണ്‍വേ അടിച്ചെടുത്തത്. മിച്ചല്‍ 30 പന്തില്‍ അഞ്ച് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍‌ പുറത്താവാതെ 59 റണ്‍സെടുത്തു.ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ ഫിൻ അലനും കോൺവേയും ചേർന്ന് ന്യൂസിലന്റിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 35 റൺസെടുത്ത അലൻ വീണതിന് ശേഷം കൃത്യമായ ഇടവേളകളിൽ കിവീസ് ബാറ്റർമാർ കൂടാരം കയറിക്കൊണ്ടേയിരുന്നു. പിന്നീടാണ് അഞ്ചാമനായെത്തിയ മിച്ചല്‍ കത്തിക്കയറിയത്. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Similar Posts