അകത്ത് ബ്രസീലിന്‍റെ ഗോളടി, പുറത്ത് സാമുവല്‍ എറ്റൂവിന്‍റെ അടി; വ്ളോഗറെ ചവിട്ടി നിലത്തിട്ട് മുന്‍ കാമറൂണ്‍ താരം
|മൈതാനത്ത് ഗോളടി മേളം തന്നെ കണ്ട ബ്രസീല്‍-കൊറിയ മത്സരത്തില്‍ പുറത്ത് മറ്റൊരു അടിയും നടന്നു. കാമറൂണ്‍ മുന്‍ ഫുട്ബോള്‍ താരവും കാമറൂണ്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ സാമുവല്‍ എറ്റുവാണ് വിവാദ നായകന്‍
ഫുട്ബോള്‍ ലോകകപ്പ് അതിന്‍റെ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. നോക്കൌട്ട് ഘട്ടത്തില്‍ ഏറ്റവും ആവേശകരമായ മത്സരങ്ങള്‍ക്കാണ് ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സൌത്ത് കൊറിയയെ തകര്‍ത്ത് ലോകകപ്പിലെ തന്നെ ഫേവറൈറ്റ്സുകളായ ബ്രസീല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
മൈതാനത്ത് ഗോളടി മേളം തന്നെ കണ്ട മത്സരത്തില്‍ പുറത്ത് മറ്റൊരു അടിയും നടന്നു. കാമറൂണ്‍ മുന്‍ ഫുട്ബോള്‍ താരവും കാമറൂണ്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ സാമുവല്‍ എറ്റുവാണ് വിവാദ നായകന്‍. ബ്രസീല്‍-സൌത്ത് കൊറിയ മത്സരത്തിന് ശേഷം ഗ്രൌണ്ടിന് പുറത്തുവെച്ചായിരുന്നു സംഭവം. ചോദ്യം ചോദിക്കുന്നതിനിടെ ഒരു വ്ളോഗറോട് ക്ഷുഭിതനായ സാമുവല്‍ എറ്റൂ അദ്ദേഹത്തിനെ ആക്രമിക്കാന്‍ പോകുന്നതും ഒപ്പമുള്ളവര്‍ എറ്റൂവിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.
[VIDEO] Samuel Eto'o golpea peligrosamente a una persona al final del partido entre Brasil y Corea https://t.co/smWcShJBYE pic.twitter.com/aXacvIHIdM
— La Opinión (@LaOpinionLA) December 6, 2022
അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെന്ന് കരുതുന്ന ഒരാള്‍ വന്ന് വ്ളോഗറുടെ കൈയ്യില്‍ നിന്ന് ക്യാമറ ബലമായി പിടിച്ചുവാങ്ങുന്നുണ്ട്. പിന്നാലെ ഓടിവന്ന സാമുവല്‍ എറ്റൂ വ്ളോഗറെ ചവിട്ടി നിലത്തിടുകയായിരുന്നു.
ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അൾജീരിയൻ യൂട്യൂബർ സെയ്ദ് മമൌനിക്കാണ് മര്‍ദനമേറ്റത്. പിന്നാലെ ഖത്തര്‍ പൊലീസിൽ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
കൊറിയയെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍
പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കൊറിയയെ ഗോളിൽ മുക്കി കാനറിപ്പട ക്വാർട്ടറിൽ. ഏകപക്ഷീയമായി മാറിയ പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. ആദ്യപകുതിയിലായിരുന്നു ബ്രസീലിന്റെ നാലു ഗോളുകളും.
വിനീഷ്യസ് (8), നെയ്മർ (13, പെനൽറ്റി), റിച്ചാർലിസൻ (29), ലൂക്കാസ് പക്വേറ്റ (36) എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ പയ്ക് സ്യൂങ് ഹോ നേടി.കളിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ മുന്നിലെത്തിയിരുന്നു. വലത് വിങ്ങിലെ മികച്ച മുന്നേറ്റത്തിനൊടുക്കം റാഫിന്യയുടെ ക്രോസ്സില്‍ നിന്നാണ് ഏഴാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്.
റിച്ചാർലിസണെ ഫൗൾ ചെയ്തതിനാണ് ബ്രസീലിന് അനുകൂലമായി പന്ത്രണ്ടാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി സൂപ്പർ താരം നെയ്മർ വലയിലെത്തിച്ചു. ബ്രസീലിനായി 123–ാം മത്സരം കളിക്കുന്ന നെയ്മറിന്റെ 76–ാം ഗോളാണ് കൊറിയയ്‌ക്കെതിരെ പിറന്നത്. ഇതിഹാസ താരം പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ നെയ്മറിനു വേണ്ടത് ഒരേയൊരു ഗോൾകൂടി മാത്രം.
കളത്തിൽ ബ്രസീൽ സമ്പൂർണാധിപത്യം തുടരുന്നതിനിടെയാണ് ബ്രസീൽ മൂന്നാം ഗോൾ നേടിയത്. മാർക്വീഞ്ഞോസിൽനിന്ന് പന്തു സ്വീകരിച്ച തിയാഗോ സിൽവയുടെ ത്രൂപാസ് റിച്ചാർലിസന് കൈമാറി. മുന്നോട്ടുകയറിയ റിച്ചാർലിസൻ പന്ത് വലയിലാക്കി. സ്കോർ 3–0.
ആ ഗോളിന്റെ ആരവം അടങ്ങുന്നതിന് മുമ്പ് അടുത്ത ഗോള്‍ പക്വേറ്റയുടെ വക. ഇടതുവിങ്ങിൽ പന്തു സ്വീകരിച്ച് വിനീഷ്യസ് അത് കൊറിയൻ ബോക്സിനുള്ളിലേക്ക് തട്ടിയിട്ടു. താരങ്ങളുടെ കൂട്ടപ്പൊരിച്ചിലിനിടെ പന്തു പക്വേറ്റയുടെ വലംകാലാൽ വലയിലേക്ക്. സ്കോർ 4–0.