അഫ്ഗാന്‍ താലിബാന്‍റെ കൈയ്യിലെത്തുമ്പോള്‍ രാജ്യത്തിന്‍റെ ക്രിക്കറ്റിന്‍റെ ഭാവി എന്താകും?
|കായിക മത്സരങ്ങൾക്ക് താലിബാൻ അനുമതി നൽകിയാലും, താലിബാൻ ഭരണകൂടത്തിനോട് മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിർണായകമാകും.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിക്കുമ്പോൾ അഫ്ഗാൻ ക്രിക്കറ്റിന്‍റെ ഭാവിയും അനിശ്ചിതത്വത്തിലാവുകയാണ്. കായിക മത്സരങ്ങൾക്ക് താലിബാൻ അനുമതി നൽകിയാലും, താലിബാൻ ഭരണകൂടത്തിനോട് മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിർണായകമാകും.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയും പുരോഗതി പ്രാപിച്ചൊരു ക്രിക്കറ്റ് ടീമില്ല. ഒരുപറ്റം ലോകോത്തര താരങ്ങളും അഫ്ഗാനിൽ നിന്ന് ഉണ്ടായി. നിലവാരമുള്ള സ്റ്റേഡിയങ്ങൾ ഇല്ലാത്തതിനാൽ തന്നെ 2017 മുതൽ ഇന്ത്യയിലെ നോയിഡയാണ് അഫ്ഗാൻ ക്രിക്കറ്റിന്‍റെ ബേസ് ഗ്രൗണ്ട്. റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് റഹ്മാൻ എന്നിവർ നിലവിൽ ഐ.പി.എല്ലിന്‍റെ ഭാഗമാണ്. ഇതിൽ റാഷിദ് ഖാനും മുഹമ്മദ് നബിയും നിലവിൽ യു.കെയിലാണ്. ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പമാവും ഒരുപക്ഷേ ഇവർ ഐ.പി.എല്ലിനെത്തുക.
തന്‍റെ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാഷിദ് ഖാനും, മുഹമ്മദ് നബിയും മുമ്പ് തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം, 20-20 ലോകകപ്പ് അടക്കം അന്താരാഷ്ട്ര മത്സരങ്ങൾ അഫ്ഗാനിസ്ഥാൻ ടീം കളിക്കാനുള്ള സാധ്യത അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സ്ഥിതിയെയും ആശ്രയിച്ചിരിക്കും. ഇന്ത്യ വേദിയാകേണ്ട ആസ്ത്രേലിയ- അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയും നീട്ടിവെച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍റെ ശ്രീലങ്കൻ പര്യടനവും അനിശ്ചിതത്വത്തിലാണ്. അഫ്ഗാൻ ക്രിക്കറ്റിന്‍റെ ഭാവി താലിബാൻ ഭരണകൂടവുമായി മറ്റ് രാഷ്ട്രങ്ങൾ സ്വീകരിക്കുന്ന നയതന്ത്ര സമീപനത്തെയും ആശ്രയിച്ചിരിക്കും