ഇങ്ങനൊരു ഫീല്‍ഡ് സെറ്റിങ് ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ?; ലോകത്തെ ഞെട്ടിച്ച ആഷസിലെ 'ബ്രൂംബെല്ല' ഫീല്‍ഡ്
|ഓസീസ് ബാറ്റര്‍ ഉസ്മാന് ഖവാജയെ പുറത്താക്കാന്‍ ഇംഗ്ലീഷ് നായകന് ബെന്‍ സ്റ്റോക്സിന്റെ മനസിലുദിച്ച ആശയമാണ് 'ബ്രൂംബെല്ല' ഫീല്‍ഡ്
ബാറ്റര്‍മാരെ പുറത്താക്കാന്‍ എന്തൊക്കെ തന്ത്രങ്ങള്‍ ഫീല്‍ഡില്‍ പ്രയോഗിക്കാം എന്നതിന്റെ കോപ്പിബുക്കാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്. ആഷസ് സീരീസില്‍ ഓസീസ് ബാറ്റര്‍ ഉസ്മാന് ഖവാജയെ വീഴ്ത്താന്‍ സ്റ്റോക്സ് ഒരുക്കിയ ഫീല്‍ഡ് സെറ്റിങ് രീതി ക്രിക്കറ്റ് ലോകത്ത് ഇതിനോടകം വൈറലായിരിക്കുകയാണ്. പരമ്പരാഗത രീതികളെ ഒക്കെ പൊളിച്ചുകൊണ്ടായിരുന്നു സ്റ്റോക്സിന്റെ പുതിയ പരീക്ഷണം. നേരത്തെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ കീഴില്‍ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള സമീപനം തന്നെ മാറ്റിയ 'ബാസ് ബോള്‍' ശൈലി കൊണ്ടും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ബാസ്ബോള്‍ എന്നാല്‍ ബാറ്റിങിലെ വെടിക്കെട്ട് മാത്രമല്ല ഫീല്‍ഡിലെ അസാധാരണ വാരിക്കുഴിയൊരുക്കല് കൂടിയാണെന്ന് കളിഞ്ഞ ദിവസത്തെ പ്രകടനത്തിലൂടെ ഇംഗ്ലണ്ട് തെളിയിച്ചു. ആദ്യ ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഓസീസിന്റെ രക്ഷകനായി മാറിയ ഖവാജയെയാണ് സ്റ്റോക്സും സംഘവും പുതിയ തന്ത്രത്തിലൂടെ വീഴ്ത്തിയത്. 321 പന്തില്‍ 14 ഫോറും മൂന്ന് സിക്സറുമടക്കം 141 റണ്‍സെടുത്ത താരത്തെ വീഴ്ത്താന്‍ ഇംഗ്ലണ്ട് നന്നേ പണിപ്പെട്ടു. ഒടുവില്‍ ഒരു തന്ത്രവും ഫലിക്കാതെ വന്നപ്പോഴാണ് ബെന്‍ സ്റ്റോക്സ് ആവനാഴിയിലെ അവസാനത്തെ അസ്ത്രം പ്രയോഗിച്ചത്.
'ബ്രൂംബെല്ല' ഫീല്‍ഡ്
സാധാരണഗതിയില്‍ ബാറ്ററുടെ പിറകിലായി(സ്ലിപ്പ്) ഫീല്‍ഡര്‍മാരെ നിരത്തി നിര്‍ത്തി കുട നിവര്‍ത്തിവെച്ചതുപോലെ ഫീല്‍ഡ് സെറ്റ് ചെയ്യുന്ന രീതിയെ 'അംബ്രല്ല ഫീല്‍ഡ്' എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ഫീല്‍ഡ് സെറ്റ് ചെയ്ത ശേഷം ബൌളര്‍മാര്‍ റിവേഴ്സ് സ്വിങ്ങും ഔട് സ്വിങ്ങറുകളും എറിഞ്ഞ് ബാറ്റര്‍മാരെ സ്ലിപ്പിലെ ഫീല്‍ഡറുടെ കൈകളിലെത്തിക്കുന്നതാണ് പരമ്പരാഗത രീതി.
എന്നാല്‍ ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തില്‍ നടന്നത് അംബ്രല്ല ഫീല്‍ഡിങ്ങിന്റെ നേരെ വിപരീതമായ രീതിയാണ്. കുട നിവര്ത്തിവെച്ചതു പോലെ അംബ്രല്ല ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിന് പകരം കുട നിവര്‍ത്തി തിരിച്ചുവെച്ചതുപോലെ ഫീല്‍ഡ് സെറ്റ് ചെയ്യുന്ന 'ബ്രൂംബെല്ല' എന്ന പുതിയ രീതിക്കാണ് സ്റ്റോക്സ് നിര്‍ദേശം കൊടുത്തത്. ക്രിക്കറ്റിലെ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഫീല്‍ഡിങ് സെറ്റപ്പ് ആയിരുന്നു അത്. ഖവാജ ബാറ്റ് ചെയ്യുമ്പോള്‍ ഫീല്‍ഡര്‍മാര്‍ നേര്‍ക്കുനേര്‍ അഭിമുഖമായി വരുന്ന തരത്തിലായിരുന്നു ഫീല്‍ഡ്. ഓണ്‍ സൈഡിലും ഓഫ് സൈഡിലുമായി ചുറ്റും ആറ് ഫീല്‍ഡര്‍മാരെയാണ് ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സ് നിരത്തി നിര്‍ത്തിയത്.
ബാക് ഫൂട്ടിലോ പ്രതിരോധത്തിലോ കളിക്കാന്‍ ശ്രമിച്ചാല്‍ ക്യാച്ച് ഉറപ്പ്. ലെഗ് സൈഡില്‍ ക്യാച്ചിങ് പൊസിഷനില്‍ ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ജെയിംസ് ആന്ഡേഴ്സണ് എന്നിവര്‍ അണിനിരന്നപ്പോള്‍ ഓഫ് സൈഡില്‍ ജോ റൂട്ട്, സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റോക്സ് എന്നിവരും ഖവാജക്ക് ചുറ്റും നിന്നു.
ചുറ്റും ഫീല്‍ഡര്‍മാരെ നിരത്തി നിര്‍ത്തി ഓലി റോബിന്‍സണ്‍ ഖവാജക്കെതിരെ എറിഞ്ഞതാകട്ടെ മനോഹരമായൊരു യോര്‍ക്കറും. സ്റ്റോക്സ് ഒരുക്കിയ ഫീല്‍ഡിങ് പൊളിക്കാന്‍ വേണ്ടി ഇറങ്ങിയടിക്കാന്‍ ശ്രമിച്ച ഖവാജക്ക് പക്ഷേ പിഴച്ചു. ലൈനില്‍ കൃത്യമായെത്തിയ യോര്‍ക്കര്‍ ഖവാജയുടെ ഓഫ് സ്റ്റമ്പ് പിഴുതു.
നേരത്തെ സ്റ്റീവ് സ്മിത്ത് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ലെഗ് സ്ലിപ്പിലും ഗള്ളിയിലുമായി ഫീല്‍ഡര്‍മാരെ നിരത്തിയിട്ട് സ്റ്റോക്സ് തന്ത്രങ്ങള്‍ ഒരുക്കിയതും ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതേസമയം ഖവാജയെ പുറത്താക്കാന്‍ സ്റ്റോക്സ് ഒരുക്കിയ 'ബ്രൂംബെല്ല' ഫീല്‍ഡ് കണ്ട് കമന്ററി ബോക്സിലിരുന്ന കെവിന് പീറ്റേഴ്സന്റെ കമന്ററിയും രസരകമായി. ഇതുപോലൊരു ഫീല്‍ഡ് സെറ്റിങ് ഇതിനുമുമ്പ് ക്രിക്കറ്റില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നായിരുന്നു ചിരിച്ചുകൊണ്ട് പീറ്റേഴ്സണിന്റെ ഡയലോഗ്. ഒരു ബ്രേക് ത്രൂ ലഭിക്കാനായി സ്റ്റോക്സ് സൃഷ്ടിക്കുന്ന തന്ത്രങ്ങലെ മുന്‍ ഇംഗ്ലണ്ട് നായകന് ഓയിന്‍ മോര്‍ഗനും അഭിനന്ദിച്ചു.