Sports
emiliano Martinez
Sports

മെസിക്കായി എമി വീണ്ടും വീണ്ടും അവതരിക്കുമ്പോൾ

Web Desk
|
5 July 2024 9:31 AM GMT

അർജന്റൈൻ ജഴ്‌സിയിൽ 24 പെനാൽട്ടികൾക്ക് എമി മാര്‍ട്ടിനസ് ഗോൾവലകാത്തു. അതിൽ 12 തവണ മാത്രമാണ് എതിരാളികൾക്ക് അയാളെ മറികടന്ന് പന്ത് വലയിലാക്കാനായത്

'പറ്റുമെങ്കിൽ റെഗുലർ ടൈമിൽ അർജന്റീനയെ തോൽപ്പിക്കുക. അത് കഴിഞ്ഞാൽ പിന്നെ എമിലിയാനോ മാർട്ടിനസിന് മുന്നിൽ തോൽവി സമ്മതിക്കുക'. അർജന്റീനയുടെ കോപ്പ അമേരിക്ക സെമി ഫൈനൽ പ്രവേശത്തിന് തൊട്ട് പിറകേ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഇങ്ങനെ കുറിച്ചു.

അതെ അർജന്റീനക്കെതിരെ നിങ്ങൾക്ക് കളി ജയിക്കണമെങ്കിൽ മുഴുവൻ സമയത്ത് ഗോൾവലയിൽ പന്തെത്തിക്കുക. ഇഞ്ചുറി ടൈം പിന്നിട്ട് കളി ഷൂട്ടൗട്ടിലേക്ക് കടന്ന് കഴിഞ്ഞാൽ പിന്നെ ഗോൾ വലക്ക് മുന്നിൽ നിങ്ങൾക്കൊരു മഹാമേരുവിനെ കാണാം. അയാളെ കടന്ന് നിങ്ങൾക്ക് പന്ത് വലയിലെത്തിക്കാൻ ചില്ലറ വിയർപ്പൊന്നുമൊഴുക്കിയാൽ പോര. ഷൂട്ടൗട്ടുകൾ ഭാഗ്യനിർഭാഗ്യങ്ങളുടെ കളിനേരങ്ങളാണെന്ന് പറയാറുണ്ട് പലരും. എന്നാൽ അർജന്റീനയുടെ കാര്യത്തിൽ അതങ്ങനെയല്ല.

തങ്ങളുടെ താരങ്ങൾ പെനാൽട്ടി പാഴാക്കിയാലും എമി കാത്തോളും എന്ന വലിയൊരുറപ്പ്. ഷൂട്ടൗട്ടിൽ നിങ്ങൾ ജയം മറന്നേക്കൂ എന്നു പറയാൻ മാത്രം ധൈര്യം തരുന്നൊരുറപ്പ്. ഡാമിയൻ എമിലിയാനോ മാർട്ടിനസ്. അർജന്റൈൻ ഫുട്‌ബോളിൽ ഇതിഹാസങ്ങൾക്കൊപ്പമാണിപ്പോൾ അയാളുടെ പേരുള്ളത്. വർഷങ്ങളായി അയാൾ അർജന്റൈൻ സ്വപ്‌നങ്ങൾക്ക് മുന്നിൽ ഇരു കൈയ്യും വിടർത്തി കാവൽ നിൽക്കുന്നുണ്ട്. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പുക്കൾക്ക് ശേഷം അർജന്റീന വിശ്വകിരീടത്തിൽ മുത്തമിടുമ്പോൾ അയാളില്ലായിരുന്നെങ്കിലോ എന്ന് പലരുടേയും മനസ്സ് മന്ത്രിച്ചിച്ചിട്ടുണ്ട്.

മെസ്സി പെനാൽട്ടി പുറത്തേക്കടിച്ചു കളയുമ്പോൽ ഇക്വഡോർ താരങ്ങളുടെ ഹൃദയത്തിൽ വിടർന്ന പ്രതീക്ഷകൾക്ക് ഒരു മിനിറ്റിന്റെ ആയുസ്സ് പോലും അയാൾ നൽകിയിട്ടില്ല. എയ്ഞ്ചൽ മെനയും അലൻ മിൻയും നിസ്സഹായരായിരുന്നു. നിർണായക സേവുകൾക്ക് ശേഷം എമി ഗാലറിയെ നോക്കി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഭ്രാന്തമായി ആക്രോശിച്ചു. തന്നെ അഹങ്കാരിയെന്ന് വിളിച്ച് കൊണ്ടേയിരിക്കൂ എന്നാണയാൾ എതിരാളികളോട് ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്നത്.

മെസ്സി എമി മാർട്ടിനസിനടുത്തേക്ക് ഓടിയെത്തി. എത്ര സുന്ദരമാണീ കാഴ്ച്ച. അർജന്റൈൻ ആരാധകരുടെ ഓർമകൾ ഒരു ഫ്‌ളാഷ് ബാക്ക് പോലെ രണ്ട് വർഷം പിറകിലേക്ക് സഞ്ചരിച്ച് കാണും. ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന നെതർലാന്റ്‌സ് ക്വാർട്ടർ പോര് അരങ്ങേറുകയാണ്. 12 മിനിറ്റിൽ അവതരിച്ച വോട്ട് വെഗോഴ്‌സ്റ്റ് മാജിക്കിൽ ലൂയി വാൻഗാലിന്റെ സംഘം കളിയിലേക്ക് അവിശ്വസനീയമായി തിരിച്ചെത്തുന്നു. സംഘർഷ ഭരിതമായ 90 മിനിറ്റുകൾ. മത്സരം പെനാല്‍ട്ടി ഷൂട്ടൌട്ടിന് വഴിമാറി.

ഗോള്‍മുഖത്ത് അശങ്കയെന്ന വാക്കിനെ അപ്രസക്തമാക്കികളഞ്ഞ എമി മാര്‍ട്ടിനസ് എന്ന അതികായനായ കാവല്‍ക്കാരനെ അര്‍ജന്‍റീനക്കാര്‍ അന്ധമായി വിശ്വസിച്ചു തുടങ്ങിയ കാലമാണത്. നെതര്‍ലന്‍റ്സിനായി ആദ്യ കിക്കെടുക്കാന്‍ പരിജയ സമ്പന്നനായ വിര്‍ജിന്‍ വാന്‍ഡെക്കിനെ തന്നെ വാന്‍ഗാല്‍ പറഞ്ഞു വിടുമ്പോള്‍ ഇനി തോല്‍ക്കാനില്ലെന്ന് മനസ്സിലുറപ്പിച്ച് കാണണം അയാള്‍. പക്ഷെ എമിക്ക് മുന്നില്‍ വാന്‍ഗാലിന്‍റെ കളിക്കൂട്ടത്തിന് തൊട്ടതെല്ലാം പിഴച്ചു. വാന്‍ഡെക്കിന്‍റേയും ബെര്‍ഗുവിസിന്‍റേയും കിക്കുകള്‍ അവിശ്വസനീയമായാണ് എമി തട്ടിയകറ്റിയത്. നെതര്‍ലന്‍റ്സ് ആരാധകരുടെ ഹൃദയങ്ങളില്‍ കനല്‍ കോരിയിട്ട ആ പോരാളി ഗാലറിയെ നോക്കി അന്നും ആക്രോശിച്ചു. ഒടുക്കം നോപ്പര്‍ട്ടിനെ നിഷ്പ്രഭനാക്കി ലൌത്താരോ മാര്‍ട്ടിനസിന്‍റെ കിക്ക് വലയില്‍ പതിച്ചു.

ഗോള്‍ വീണയുടന്‍ അര്‍ജന്‍റീന താരങ്ങള്‍ മുഴുവന്‍ ലൊത്താരോ മാര്‍ട്ടിനസിനെ പൊതിയാന്‍ ഓടിയെത്തിയപ്പോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി മാത്രം മൈതാനത്ത് മുഖം അമര്‍ത്തി കിടക്കുന്ന എമിയുടെ അടുക്കലേക്കാണ് ഓടിയത്. ഫുട്ബോളിന്‍റെ മിശിഹാ അയാളെ നിറ കണ്ണുകളോടെ ചേര്‍ത്തു പിടിച്ച് ചുംബിച്ചു. കളി കൈവിട്ടു എന്ന് തോന്നിക്കുന്ന നിമിഷങ്ങളിലൊക്കെ അയാള്‍ മൈതാനത്ത് പലവുരു രക്ഷക വേഷം കെട്ടിയാടിയിട്ടുണ്ട്. ലോകകപ്പിന്‍റെ കലാശപ്പോരിലാണ് എമിയുടെ വിശ്വരൂപം ഫുട്ബോല്‍ ലോകം വീണ്ടും ഒരിക്കല്‍ കൂടി കണ്ടത്. എക്സ്ട്രാ ടൈം അവസാനിക്കാന്‍ സെക്കന്‍റുകള്‍ മാത്രം അവശേഷിക്കേ ഗോള്‍വലയിലേക്ക് പാഞ്ഞ റന്‍ഡല്‍ കോലോ മുആനിയുടെ ആ ഷോട്ട് അയാള്‍ തട്ടിയകറ്റുന്നത് അവിശ്വസനീയമായാണ് അന്ന് ഫുട്ബോള്‍ ലോകം കണ്ടു നിന്നത്. ഒടുവില്‍ ഷൂട്ടൌട്ടില്‍ അയാള്‍ക്ക് മുന്നില്‍ ഫ്രഞ്ച് പട കിരീടം വച്ച് കീഴടങ്ങി.

2021 കോപ്പ അമേരിക്ക സെമി ഫൈനല്‍. ഷൂട്ടൌട്ടില്‍ അര്‍ജന്‍റൈന്‍ മധ്യനിരയിലെ വിശ്വസ്തന്‍ റോഡ്രിഗോ ഡീ പോള്‍ പെനാല്‍ട്ടി പുറത്തേക്കടിച്ചു കളയുമ്പോള്‍ ഒരിക്കല്‍ കൂടി കോപ്പയില്‍ തങ്ങള്‍ക്ക് കാലിടറാന്‍ പോവുകയാണെന്ന് ആല്‍ബിസെലസ്റ്റകളുടെ ഉള്ളു പറഞ്ഞിട്ടുണ്ടാവും.

പക്ഷെ എമിലിയാനോ മാര്‍ട്ടിനസ് എന്ന അതികായന് മുന്നില്‍ കൊളംബിയ അന്ന് തകര്‍ന്നടിഞ്ഞു. കൊളംബിയന്‍ താരങ്ങളുടെ മൂന്ന് ഷോട്ടുകളാണ് അന്ന് എമിക്ക് മുന്നില്‍ നിഷ്പ്രഭമായത്. കിക്കെടുക്കുന്നതിന് മുമ്പ് കൊളംബിയന്‍ താരങ്ങളെ പ്രകോപിപ്പിച്ചു കൊണ്ടേയിരുന്ന എമിയെ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. അന്നയാളെ പലരും അഹങ്കാരിയെന്ന് മുദ്ര കുത്തി. പക്ഷെ തന്‍റെ രാജ്യത്തിനായി ഒരു കിരീടം നേടാനുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു അയാളുടെ ഉള്ളു നിറയെ. ഒടുക്കം 28 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കാനറികളെ തകര്‍ത്ത് അർജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിടുമ്പോള്‍ നാലു ക്ലീൻ ഷീറ്റുകളുമായി ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം എമി സ്വന്തമാക്കി. കലാശപ്പോരില്‍ ബ്രസീലിന്‍റെ ഗോളെന്നുറപ്പിച്ച ഒരുപിടി മുന്നേറ്റങ്ങളാണ് അയാള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായത്. ഇപ്പോഴിതാ വീണ്ടുമൊരിക്കല്‍ കൂടി കോപ്പയില്‍ എമിയുടെ ചിറകിലേറി അര്‍ജന്‍റീന സെമിയിലേക്ക് മാര്‍ച്ച് ചെയ്യുന്നു.

അർജന്റൈൻ ജഴ്‌സിയിൽ 24 പെനാൽട്ടികൾക്ക് എമി മാര്‍ട്ടിനസ് ഗോൾവലകാത്തു. അതിൽ 12 തവണ മാത്രമാണ് എതിരാളികൾക്ക് അയാളെ മറികടന്ന് പന്ത് വലയിലാക്കാനായത്. 9 എണ്ണം എമി തട്ടിയകറ്റപ്പോൾ രണ്ടെണ്ണമാണ് ഓഫ് ടാർജറ്റിലേക്ക് പാഞ്ഞത്. ഒന്ന് പോസ്റ്റിലിടിച്ച് മടങ്ങി. അര്‍ജന്‍റീനക്കായി എമി ഗോള്‍ വല കാത്ത് തുടങ്ങിയത് മുതല്‍ നാളിതുവരെ വെറും രണ്ടേ രണ്ട് മത്സരത്തിലാണ് അര്‍ജന്‍റീന പരാജയം രുചിച്ചത് എന്നോര്‍ക്കണം. ഗോള്‍വലക്ക് മുന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്‍റെ ആള്‍രൂപമായി അയാള്‍ നിലയുറപ്പിക്കുന്നിടത്തോളം കാലം അര്‍ജന്‍റീനയുടെ ഈ കുതിപ്പിന് തടയിടാന്‍ എതിരാളികള്‍ ഏറെ വിയര്‍ക്കുമെന്നുറപ്പ്.

Similar Posts