അച്ഛന്‍റെ വഴിയെ മകനും; പോര്‍ച്ചുഗലിനെ വിജയതീരമണച്ച ഫ്രാന്‍സിസ്കോയുടെ വെടിയുണ്ട
|പോര്‍ച്ചുഗീസ് ഇതിഹാസ താരം സെര്‍ജിയോ കോണ്‍സൈസാവോയുടെ മകനാണ് ഫ്രാന്‍സിസ്കോ
അത് ആ അച്ഛന്റെ മകനാണ്. ഹീറോ ആവാതിരിക്കാൻ അവന് എങ്ങനെ കഴിയും? യൂറോകപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ അവസാന നിമിഷം ഇറങ്ങി, രക്ഷകനായ പോർച്ചുഗീസ് താരം ഫ്രാൻസിസ്കോ കോൺസൈസാവോയെ കുറിച്ച് ആരാധകർ ഇങ്ങനെ പറയുന്നതിൽ ഒട്ടും അതിശയിക്കേണ്ട. പോർച്ചുഗലിനു വേണ്ടി മൈതാനത്ത് മാന്ത്രികത തീർത്ത സർജിയോ കോൺസൈസാവോയുടെ മകനാണ് ഫ്രാൻസിസ്കോ. രണ്ടുപേരുടെയും യൂറോ പ്രകടനത്തിന് ഒരു സമാനത കൂടിയുണ്ട്...
യൂറോകപ്പിന്റെ ഈ നൂറ്റാണ്ടിലെ ആദ്യ പതിപ്പ്.. ജർമ്മൻ മതിലായി ഗോൾവലയ്ക്ക് കീഴിൽ ഒലിവർ ഖാൻ മിന്നിത്തിളങ്ങി നിൽക്കുന്ന കാലം. ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് പോർച്ചുഗൽ - ജർമ്മനി മത്സരത്തിൽ മൂന്ന് തവണ ജർമ്മനിയുടെ വല കുലുങ്ങി.. വലതുപാർശത്തിലൂടെ പറന്നിറങ്ങി വന്ന പോർച്ചുഗീസ് മിഡ്ഫീൽഡറുടെ മുഖത്തേക്ക് നോക്കി. സാക്ഷാൽ ഒലിവർ ഖാൻ നിസ്സഹായനായി നിന്നു. അതെ ഫുട്ബോൾ ഹൃദയത്തിനോടും, മുറുക്കി കെട്ടിയ ബൂട്ടിനോടും ചേർത്തുവെച്ച പോർച്ചുഗീസ് മിഡ്ഫീൽഡർ സെർജിയോ കോൺസൈസാവോ സർജിയോയുടെ ഹാട്രിക് മികവിൽ , ജർമ്മനിയെ പോർച്ചുഗൽ തകർത്തത് 2000 ജൂൺ 20ന്.
2024 ജൂൺ 18. യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനോട് സമനിലക്കുരുക്കില്‍ പെടാതിരിക്കാൻ വിയർത്തു കളിക്കുന്ന പോർച്ചുഗീസ് താരങ്ങൾ. ഇഞ്ചുറി ടൈമിൽ കോച്ച് റോബർട്ടോ മാർട്ടിനസ് തന്റെ സൈഡ് ബെഞ്ചിൽ നിന്ന് ഒരു 21 കാരനെ വിളിച്ച് ഗ്രൗണ്ടിലേക്ക് അയക്കുന്നു. ഏത് നിമിഷവും അവസാന വിസിൽ കാത്തിരിക്കുന്ന മത്സരത്തിൽ അവൻ ഒരു ഹീറോയായി അവതരിക്കുന്നു. സി ആർ സെവൻ അവനെ പിടിവിടാതെ ചേർത്തുപിടിച്ചു. ഫ്രാൻസിസ്കോ കോൺസൈസാവോ. അതെ സെർജിയോ കോൺസൈസാവോയുടെ പ്രിയപുത്രൻ.
അച്ഛൻ പരിശീലകനായിരുന്ന എഫ് സി പോർട്ടോയിലാണ് ഫ്രാൻസിസ്കോയും കളിക്കുന്നത്. പിച്ചവെക്കാൻ തുടങ്ങിയ നാൾ മുതൽ കാലിൽ പന്ത് കൊരുത്ത് നൽകിയ അച്ഛന് ഇതിലും വലിയൊരു സമ്മാനം ഈ മകൻ എങ്ങനെ നൽകും. സർജിയോ കോൺസൈസേfrancisco conceição son of sergio conceiçãoക്ക് അഞ്ചു മക്കളാണ്.. അതിൽ നാലു മക്കളും പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ, നാലാമനാണ് ഫ്രാൻസിസ്കോ.10 വയസ്സുകാരൻ ജോസ് കോൺസൈസോയാണ് ഇളയവൻ... അവനും പന്ത് തട്ടി തുടങ്ങിയിട്ടുണ്ട്. അതെ എ കമ്പ്ലീറ്റ് ഫുട്ബോൾ ഫാമിലി.