ഭാവിയിൽ ബാലൻദ്യോറിൽ ആരൊക്കെ മുത്തമിടും? നാല് പേരുടെ പേര് പറഞ്ഞ് ക്രിസ്റ്റ്യാനോ
|സംഭാഷണ മധ്യേ റിയോ ഫെർഡിനാന്റ് ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ പേര് പറഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ ഒന്നും മിണ്ടിയില്ല
ബാലൻദ്യോർ പുരസ്‌കാര വേദിയിൽ ലയണൽ മെസ്സിയുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ആധിപത്യമവസാനിച്ചത് ഈ വർഷത്തെ അന്തിമ പട്ടിക പ്രഖ്യാപിച്ചതോടെയാണ്. 21 വർഷത്തിനിടെ ഇതാദ്യമായാണ് മെസ്സിയോ റോണോയോ ഇല്ലാതെ ഒരു പട്ടിക പുറത്ത് വരുന്നത്. 13 തവണയാണ് റോണോയും മെസ്സിയും ബാലന്‍ദ്യോര്‍ പുരസ്‌കാരമണിഞ്ഞത്. മെസ്സി 8 തവണ പുരസ്‌കാരം ചൂടിയപ്പോള്‍ അഞ്ച് തവണയാണ് റോണോ പുരസ്‌കാരത്തിൽ മുത്തമിട്ടത്. റോണോയും മെസ്സിയുമില്ലാത്ത പട്ടികയിൽ ഇക്കുറി അവാര്‍ഡ് ആരെ തേടിയെത്തും എന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ദിവസം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ ഭാവിയിൽ ആരൊക്കെ ബാലൻദ്യോർ നേടുമെന്ന് പ്രവചിച്ചു. തന്‍റെ യൂട്യൂബ് ചാനലിൽ മുൻ മാഞ്ചസ്റ്റർ താരം റിയോ ഫെർഡിനാന്‍റുമായി നടത്തിയ സംഭാഷണത്തിനിടെയാണ് റോണോ ബാലൻദ്യോന്‍ നേടാന്‍ ഏറെ സാധ്യതയുള്ള നാല് താരങ്ങളെ കുറിച്ച് മനസ്സ് തുറന്നത്.
'എംബാപ്പെ സമീപകാലത്ത് മികച്ച രീതിയിൽ പന്ത് തട്ടുന്നുണ്ട്. ഇപ്പോഴാണെങ്കിൽ അയാൾ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബിലാണ്. റയലിന് മികച്ചൊരു കോച്ചും പ്രസിഡന്റുമുണ്ട്. ഇത് കൊണ്ടൊക്കെ എംബാപ്പേക്ക് കാര്യങ്ങൾ എളുപ്പമാവും. ഒപ്പം എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ഹാം, ലമീൻ യമാൽ തുടങ്ങിയ യുവപ്രതിഭകളൊക്കെ ഭാവിയിൽ ബാലൻദ്യോറിൽ മുത്തമിടും'- റോണോ പറഞ്ഞു. അതേ സമയം സംഭാഷണ മധ്യേ റിയോ ഫെർഡിനാന്റ് ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ പേര് പറഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ ഒന്നും മിണ്ടിയില്ല.
30 പേരുടെ അന്തിമപട്ടികയാണ് ദിവസങ്ങൾക്ക് മുമ്പ് ഫ്രഞ്ച് മാഗസിന്‍ പുറത്ത് വിട്ടത്. എംബാപ്പെ, വിനീഷ്യസ്, ജൂഡ് ബെല്ലിങ്ഹാം, ലാമിൻ യമാൽ, നിക്കോ വില്യംസ്, എർലിങ് ഹാലണ്ട്, ടോണി ക്രൂസ് തുടങ്ങി സമീപ കാലത്ത് മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത പ്രമുഖരൊക്കെ പട്ടികയിലുണ്ട്.