കഞ്ചാവ് എന്തുകൊണ്ട് ഒളിംപിക്സ് നിരോധിത വസ്തുക്കളുടെ പട്ടികയിൽ?
|ടോക്യോ ഒളിംപിക്സിൽ നാളെ 100 മീറ്റർ ഹീറ്റ്സിൽ അമേരിക്കൻ താരങ്ങൾ ട്രാക്കിലിറങ്ങുമ്പോൾ അക്കൂട്ടത്തിൽ ലോകത്തെ അതിവേഗക്കാരിയായ ഷക്കേരി റിച്ചാർഡ്സണുണ്ടാകില്ല. ഒളിംപിക്സ് യോഗ്യതാ മത്സരത്തിൽ ഒന്നാമതായെങ്കിലും കഞ്ചാവ് ഉപയോഗത്തിന് പിടിക്കപ്പെട്ടതാണ് താരത്തിന് തിരിച്ചടിയായത്
ലോകചരിത്രത്തിലെ അതിവേഗക്കാരിയായ ആറാമത്തെ വനിതയാണ് യുഎസ് സ്പ്രിന്റ് താരം ഷക്കേരി റിച്ചാർഡ്സൺ. ടോക്യോ ഒളിംപിക്സിൽ 100 മീറ്ററിൽ സ്വർണം നേടുമെന്ന് എല്ലാവരുമുറപ്പിച്ച താരം. എന്നാൽ, നാളെ 100 മീറ്റർ ഹീറ്റ്സിൽ അമേരിക്കൻ താരങ്ങൾ ട്രാക്കിലിറങ്ങുമ്പോൾ അക്കൂട്ടത്തിൽ ഷക്കേരിയുണ്ടാകില്ല. ഒളിംപിക്സ് യോഗ്യതാ മത്സരത്തിൽ ഒന്നാമതായെങ്കിലും കഞ്ചാവ് ഉപയോഗമാണ് താരത്തിന് തിരിച്ചടിയായത്.
ഒളിംപിക്സ് യോഗ്യത നേടിയതിനു പിറകെ ഈ മാസം ആദ്യത്തിൽ നടന്ന ഉത്തേജകമരുന്ന് പരിശോധനയിലാണ് ഷക്കേരി കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതോടെ യുഎസ് ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി താരത്തെ ഒരു മാസം മത്സരങ്ങളിൽനിന്നു വിലക്കേർപ്പെടുത്തി. ഒളിംപിക്സിനിടെ വിലക്ക് കാലാവധി തീരുമെങ്കിലും യുഎസ് ഒളിംപിക് അസോസിയേഷൻ താരത്തെ അത്ലറ്റിക്സ് സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിലും വിവിധ വിദേശരാജ്യങ്ങളിലും കഞ്ചാവ് നിയമവിധേയമാണ്. എന്നാൽ, ഒളിംപിക്സിൽ ഇപ്പോഴും നിരോധിത വസ്തുക്കളുടെ പട്ടികയിൽ തന്നെയാണുള്ളത്. ഷക്കേരിക്ക് ഒളിംപിക്‌സ് നഷ്ടമാകാനിടയാക്കിയതോടെ നിരോധിത പട്ടികയിൽനിന്ന് കഞ്ചാവിനെ ഒഴിവാക്കണമെന്ന മുറവിളികളുമുയരുകയാണ്. കഞ്ചാവ് നിരോധിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ലോക അത്ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ ഈ ആവശ്യമുന്നയിച്ചിരുന്നു.
എന്തുകൊണ്ട് കഞ്ചാവ് നിരോധനം?
കായികരംഗത്ത് മയക്കുമരുന്ന് അടക്കമുള്ള ഉത്തേജക മരുന്നുകളുടെ ഉപയോഗം തടയാനായി രൂപീകരിച്ച വേൾഡ് ആന്റി ഡോപിങ് ഏജൻസി(വാഡ)യാണ് 2004ൽ കഞ്ചാവിനെ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയാണ് വാഡയ്ക്ക് രൂപംനൽകിയത്.
നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ താഴെ പറയുന്നു മൂന്ന് കാരണങ്ങളാണ് ഏജൻസി പറയുന്നത്: 1) അവ അത്ലറ്റുകളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു, 2) ഉത്തേജക മരുന്നുകളാണ്, 3) കളിയുടെ ആത്മാവിനെതിരാണ്. കളിയുടെ സമ്മർദത്തിനിടയിലും മികച്ച പ്രകടനം നടത്താൻ സഹായിക്കുന്നുവെന്ന് കഞ്ചാവ് നിരോധനത്തിനു കാരണമായി വാഡ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിനു മുൻപും മത്സരത്തിനിടയിലുമുള്ള സമ്മർദവും മനസംഘർഷവുമെല്ലാം ഇല്ലാതാക്കാൻ കഞ്ചാവിനാകുമെന്നും ഏജൻസി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, വാഡ ചൂണ്ടിക്കാട്ടുന്നതൊന്നും കഞ്ചാവ് ഉത്തേജക മരുന്നാണെന്നു തീരുമാനിക്കാൻ മതിയായ ന്യായങ്ങളല്ലെന്നാണ് കാനഡയിലെ ക്യൂബെക്ക് സർവകലാശാലാ കായിക ശാസ്ത്ര വിഭാഗം ഡയരക്ടർ അലെയിൻ സ്റ്റീവ് കോംറ്റോയിസ് പറയുന്നത്. മാനസിക ഉത്കണ്ഠ കുറയ്ക്കുമെങ്കിലും ശരീരശാസ്ത്രപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മത്സരരംഗത്തെ പ്രകടനത്തെ നേരെ തിരിച്ചാണു ബാധിക്കുന്നതെന്നതെന്നും അലെയിൻ സ്റ്റീവ് ചൂണ്ടിക്കാട്ടുന്നു.
ഉറുഗ്വെയാണ് കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യം. വിനോദോപാധിയായി കണക്കാക്കിയാണ് 2013ൽ ഉറുഗ്വെ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയത്. 2018ൽ കാനഡയും കഞ്ചാവ് നിയമവിധേയമാക്കി ഉത്തരവിറക്കി. പിന്നീട് ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, സ്പെയിൻ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും മരുന്ന് അടക്കമുള്ള വിവിധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കാമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. അമേരിക്കയിൽ മൊത്തത്തിൽ നിയമവിധേയമല്ലെങ്കിലും മൂന്നിലൊന്നു സംസ്ഥാനങ്ങളും കഞ്ചാവ് ഉപയോഗം അനുവദിച്ചിട്ടുണ്ട്. ഷക്കേരിയുടെ സംസ്ഥാനമായ ഒറിഗോണും ഇതിൽ ഉൾപ്പെടും.
ഷക്കേരി ആദ്യത്തെയാളല്ല
കഞ്ചാവുമായി ബന്ധപ്പെട്ട് വിലക്ക് നേരിടുന്ന ആദ്യത്തെ താരമല്ല ഷക്കേരി റിച്ചാർഡ്സൺ. ഇതിനുമുൻപും നിരവധി ലോകതാരങ്ങൾ കഞ്ചാവ് ഉപയോഗത്തിന്റെ പേരിൽ നടപടി നേരിട്ടിട്ടുണ്ട്.
അമേരിക്കൻ നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്സ് അക്കൂട്ടത്തിൽ പ്രമുഖനാണ്. മൂന്നു മാസത്തെ വിലക്കിനു പുറമെ കെല്ലോഗിന്റെ കോടികളുടെ സ്പോൺസർഷിപ്പും താരത്തിനു നഷ്ടമായിരുന്നു. 2009ൽ ഫെൽപ്സ് കഞ്ചാവ് ഉപയോഗിക്കുന്ന ചിത്രങ്ങൾ പുറത്തായതിനെ തുടർന്നായിരുന്നു നടപടി.
മുൻ ലോക ചാംപ്യൻ കൂടിയായ യുഎസ് സ്പ്രിന്റ് താരം ജോൺ കാപലിന് രണ്ടു വർഷമാണ് കഞ്ചാവ് ഉപയോഗംമൂലം നഷ്ടപ്പെട്ടത്. 2006ൽ നടന്ന പരിശോധനയിലായിരുന്നു തുടർച്ചയായി രണ്ടാം തവണയും കഞ്ചാവ് ഉപയോഗം കണ്ടെത്തിയതോടെ താരത്തിന് രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തിയത്.
വാഡയുടെ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറങ്ങുംമുൻപും കഞ്ചാവുമായി ബന്ധപ്പെട്ട് രാജ്യാന്തര ഒളിംപിക് കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. കനേഡിയൻ സ്നോബോർഡിങ് താരം റോസ് റെബാഗ്ലിയാറ്റിയായിരുന്നു അക്കൂട്ടത്തിലൊരാൾ. കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് താരത്തിൽനിന്ന് കമ്മിറ്റി സ്വർണ മെഡൽ തിരിച്ചുവാങ്ങുകയായിരുന്നു. എന്നാൽ, ഔദ്യോഗിക വിലക്കില്ലാത്തതിനാൽ മെഡൽ തിരിച്ചുവാങ്ങാൻ പാടില്ലെന്നു കോടതി ഉത്തരവിട്ടു. തുടർന്ന് ഒളിംപിക് കമ്മിറ്റി മെഡൽ തിരിച്ചുനൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാഡ കഞ്ചാവിനെ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.