ബലോട്ടെല്ലിയെ ബ്ലാസ്റ്റേഴ്സ് വേണ്ടെന്ന് വച്ചത് എന്ത് കൊണ്ട്? കാരണമിതാ
|കേരള ബ്ലാസ്റ്റേഴ്‌സ് ബലോട്ടെല്ലിയെ സൈൻ ചെയ്യാൻ വിസമ്മതിച്ചെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്
മരിയോ ബലോട്ടല്ലി. ഒരു കാലത്ത് ലോക ഫുട്‌ബോളിലെ വലിയ പേരുകളിലൊന്നായിരുന്നു അത്. ഇന്റർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി, എ.സി മിലാൻ, ലിവർപൂൾ, അങ്ങനെയങ്ങനെ യൂറോപ്പ്യൻ ഫുട്‌ബോളിലെ വമ്പൻ ക്ലബ്ബുകളിലായി നീണ്ടുകിടക്കുന്നതാണ് അയാളുടെ കളിക്കാലങ്ങൾ. ഇറ്റാലിയൻ ഫുട്‌ബോളിനെ അടക്കി വാഴുമെന്ന് ഫുട്‌ബോൾ വിശാരദരൊക്കെ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നൊരാൾ. എന്നാൽ പെട്ടെന്നാണ് ബലോട്ടല്ലിയെന്ന വന്മരം വിസ്മൃതിയിൽ മറഞ്ഞത്. ആരും അയാളെക്കുറിച്ച് അന്വേഷിക്കാതായത്. യൂറോപ്പ്യൻ ഫുട്‌ബോളിലെ വമ്പൻ ക്ലബ്ബുകളൊക്കെ അയാളെ തഴഞ്ഞ് തുടങ്ങിയത്.
ഈ സീസണിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സും താരത്തെ സൈൻ ചെയ്യാൻ വിസമ്മതിച്ചെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. തുർക്കിഷ് ക്ലബ്ബായ അഡാന ഡെമിർസ്‌പോറിനായാണ് ബലോട്ടെല്ലി അവസാനമായി ബൂട്ടണിഞ്ഞത്. കരാർ അവസാനിച്ചതോടെ ക്ലബ്ബ് വിട്ട ഇറ്റാലിയൻ താരം ഫ്രീ ഏജന്റാണിപ്പോൾ. ഇതോടെയാണ് ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ തട്ടകത്തിലെത്തിക്കാനുള്ള വലിയ അവസരം ബ്ലാസ്‌റ്റേഴ്‌സിന് മുന്നിൽ തുറന്നത്. എന്നാൽ താരത്തെ സൈൻ ചെയ്യാൻ ബ്ലാസ്‌റ്റേഴ്‌സ് വിസമ്മതിക്കുകയായിരുന്നു. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ചൂണ്ടിക്കാണിക്കുന്നത്.
ഒന്ന്, കരിയറിലുടനീളം വിവാദങ്ങളുടെ കളിത്തോഴനായിരുന്ന ബലോട്ടല്ലിയുടെ കളിക്കളത്തിലെ അച്ചടക്കമില്ലായ്മ തന്നെ. രണ്ട്, താരത്തിനായി മുടക്കേണ്ടി വരുന്ന ഭീമമായ തുക. കൂടാതെ ബലോട്ടെല്ലിയുടെ നിലവിലെ ഫോം കൂടി പരിഗണിക്കുമ്പോൾ ഇതൊരു മോശം സൈനിങ്ങാവാനിടയുണ്ടെന്ന വിലയിരുത്തലാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന്. ഇതോടെയാണ് സ്പാനിഷ് താരം ജീസസ് ജിമെനസിലേക്ക് ക്ലബ്ബിന്റെ ശ്രദ്ധ തിരിയുന്നതും താരത്തെ കൂടാരത്തിലെത്തിക്കുന്നതും.
രാജ്യത്തിനായും ക്ലബ്ബിനായും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്ന കാലത്തും കളിക്കളത്തിലെ അച്ചടക്കമില്ലായ്മയാണ് ബലോട്ടെല്ലിക്ക് പലപ്പോഴും തിരിച്ചടിയായത്. ഇപ്പോഴും താരത്തിന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. മാസങ്ങൾക്ക് മുമ്പാണ് അഡാന ഡെസ്‌പോറിന്റെ ഡ്രസ്സിങ് റൂമിൽ വച്ച് സഹ താരങ്ങൾക്ക് നേരെ പടക്കമെറിഞ്ഞ് ബലോട്ടെല്ലി വിവാദനായകനായത്. 2011ൽ മാഞ്ചസ്റ്റർ സിറ്റിയിലായിരിക്കേ യുണൈറ്റഡിനെതിരായ ഒരു നിർണായക മത്സരത്തിന് മുമ്പ് ബലോട്ടെല്ലിയുടെ വീടിന് തീപിടിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. പൊലീസ് അന്വേഷണം നടത്തിയപ്പോൾ താരം തന്നെയാണ് വീടിന് തീകൊടുത്തത് എന്ന് മനസ്സിലായി. സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ പടക്കം പൊട്ടിച്ച് കൊണ്ടിരിക്കേയാണ് ഇറ്റാലിയൻ താരത്തിന്റെ വീടിന് തീപിടിച്ചത്.
ഇന്റർമിലാനിൽ ജോസേ മൊറീന്യോക്ക് കീഴിൽ കളിച്ച കാലം മുതൽക്കാണ് ബലോട്ടെല്ലിക്ക് ഫുട്‌ബോൾ ലോകത്തെ ബാഡ് ബോയ് പരിവേഷം ലഭിക്കുന്നത്. മിലാനൊപ്പം ആദ്യ സീസണിൽ 10 മഞ്ഞക്കാർഡുകളാണ് മരിയോ വാങ്ങിക്കൂട്ടിയത്. ബലോട്ടെല്ലിയുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് ജോസേ മോറീന്യോ ഒരിക്കൽ തുറന്ന് പറഞ്ഞത് ഇങ്ങനെ.
ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി ഞങ്ങൾ കസാനിലേക്ക് യാത്ര തിരിച്ചു. ടീമിലെ ഒരുപാട് സ്‌ട്രൈക്കർമാർക്ക് പരിക്കേറ്റ് നിൽക്കുന്ന സമയമാണത്. ഡീഗോ മിലിറ്റോ ഇല്ല... സാമുവൽ ഏറ്റു ഇല്ല.. ഞാനാകെ ആശങ്കയിലായിരുന്നു. എന്റെ ആവനാഴിയിൽ മരിയോ മാത്രമേയുള്ളൂ... കളിയുടെ 43ാം മിനിറ്റിൽ അയാൾ മഞ്ഞക്കാർഡ് കണ്ടു. ഹാഫ് ടൈമിൽ ഡ്രസ്സിങ് റൂമിലെത്തി 15 മിനിറ്റ് നേരം ഞാനവനോട് സംസാരിച്ചു. മരിയോ എനിക്ക് നിന്നെ ഇപ്പോൾ മാറ്റാൻ ആവില്ല. ബെഞ്ചിൽ ഇപ്പോൾ പകരക്കാരനായി ഒരു സട്രൈക്കർ പോലും ഇല്ല. അത് കൊണ്ട് ഒരാളെയും തൊടാൻ നിൽക്കരുത്. നിന്നെ ആരെങ്കിലും പ്രകോപിപ്പിച്ചാൽ പ്രതികരിക്കരുത്.. ബോൾ നഷ്ടപ്പെട്ടാൽ പ്രതികരിക്കരുത്. റഫറിക്ക് എന്തെങ്കിലും പിഴവ് പറ്റിയാൽ പ്രതികരിക്കരുത്. ഞാനയാളോട് കൈകൂപ്പി പറഞ്ഞു. കളിയുടെ 46ാം മിനിറ്റ്. മരിയോക്ക് റെഡ് കാർഡ്. എല്ലാം അവസാനിച്ചു. മോറീന്യോ പറഞ്ഞവസാനിപ്പിച്ചു. സത്യത്തിൽ കളിയുടെ 60ാം മിനിറ്റിലാണ് മരിയോക്ക് ആ മത്സരത്തിൽ റെഡ് കാർഡ് ലഭിച്ചതെങ്കിലും മോറീന്യോ രസകരമായി ആ സംഭവം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻസീനിയും ബലോട്ടെല്ലിയും തമ്മിലുള്ള സംഘർഷങ്ങൾ ഫുട്‌ബോൾ ലോകത്ത് വിഖ്യാതമാണ്. പ്രീമീയർ ലീഗിൽ തന്റെ രണ്ടാം മത്സരത്തിൽ തന്നെ റെഡ് കാർഡ് വാങ്ങിയാണ് ബലോട്ടെല്ലി ഇംഗ്ലീഷ് മണ്ണിലേക്ക് വരവറിയിച്ചത്. 2012 ൽ പരിശീലനത്തിനിടെ ഒരു സിറ്റി താരത്തെ അപകടകരമായി ടാക്കിള്‍ ചെയ്തിനെ തുടർന്ന് ഗ്രൗണ്ടിൽ ബലോട്ടെല്ലിയുടെ ജേഴ്‌സിയിൽ പിടിച്ച് വലിച്ച് അരിശത്തോടെ കയർക്കുന്ന മാൻസിനിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. പിന്നീടീ സംഭവം വാർത്തകളിലും നിറഞ്ഞു. ഇതിന് ശേഷം ബലോട്ടില്ലെക്കെതിരെ മാൻസീനി രൂക്ഷവിമർശനമുയർത്തി പരസ്യമായി രംഗത്തെത്തി.
2011 ൽ ഒരു പ്രീ സീസൺ സൗഹൃദ മത്സരത്തിൽ അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചല്‍സ് ഗാലക്‌സിക്കെതിരെ മത്സരത്തിന്റെ 28 ാം മിനിറ്റിൽ ഗോൾമുഖത്തേക്ക് കുതിച്ച മരിയോ ഗോളെന്നുറപ്പിച്ച മുന്നേറ്റത്തെ അശ്രദ്ധമായി പാഴാക്കിക്കളഞ്ഞു. ഗോൾപോസ്റ്റിന് മുന്നിൽ ആ സമയത്ത് കീപ്പർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹതാരം ഡെക്കോ അടുത്തുണ്ടായിട്ട് പോലും പാസിന് മുതിരാതിരുന്ന താരം ഒരു ട്രിക്കി ഷോട്ടിന് ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. കളിക്കളത്തില്‍ താരത്തിന്‍റെ അലംഭാവം കണ്ട് അരിശം മൂത്ത കോച്ച് മാന്‍സീനി ഉടന്‍ ബലോട്ടെല്ലിയെ തിരിച്ചു വിളിച്ചു. സൈഡ് ലൈനരികില്‍ വച്ച് മരിയോയോട് കയര്‍ക്കുന്ന മാന്‍സീനിയുടെ ദൃശ്യങ്ങള്‍ പിന്നീട് വൈറലായി.
കളത്തിനകത്തും പുറത്തും വിവാദനായകനായിരുന്ന ബലോട്ടെല്ലിയെ പോലൊരു താരത്തെ ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്യാതിരുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇപ്പോള്‍ ഒരേ സ്വരത്തില്‍ പറയുന്നത്.