ബ്ലാസ്റ്റേഴ്സിനു വിലക്ക് വരുമോ? പ്ലേ ഓഫ് ബഹിഷ്ക്കരണത്തില്‍ എന്ത് സംഭവിക്കും?
|ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളം വിടുന്നത്.
ബംഗളൂരു: ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ തന്നെ കേട്ടു കേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്കാണ് ഇന്ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായത്. എക്സ്ട്രാ ടൈമില്‍ ബംഗളൂരു നേടിയ വിവാദ ഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകുമാനോവിച്ച് താരങ്ങളെ തിരിച്ചു വിളിക്കുകയായിരുന്നു. ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളം വിടുന്നത്.
ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കടക്കം വലിയ നടപടികളിലേക്ക് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് നീങ്ങുമോ എന്ന ആശങ്കയിലാണിപ്പോള്‍ ആരാധകര്‍. മുമ്പ് 2015 ഐ.എസ്.എല്‍ ഫൈനലിന് ശേഷം എഫ്.സി ഗോവ സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. അന്ന് ടീമിന് 50 ലക്ഷം രൂപയാണ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് പിഴയേര്‍പ്പെടുത്തിയത്.
ഇരുപകുതികളും ഗോള്‍ രഹിതമായതിനെ തുടര്‍ന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 96 ാം മിനിറ്റിലാണ് വിവാദ ഗോള്‍ പിറന്നത്. ഫ്രീ കിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറാവും മുമ്പേ ബംഗളൂരു താരം സുനില്‍ ഛേത്രി ഗോള്‍ വലയിലാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകുമാനോവിച്ച് താരങ്ങളെ മുഴുവന്‍ തിരിച്ചു വിളിച്ചു.
ഗാലറിയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുടീം ആരാധകരും ഗാലറിയില്‍ ഏറ്റുമുട്ടുന്ന കാഴ്ചക്കും ബാംഗ്ലൂര്‍ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി. ശേഷം മാച്ച് റഫറിയെത്തി ബാംഗ്ലൂര്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ കളം നിറഞ്ഞത് ബംഗളൂരുവാണെങ്കില്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തില്‍ 60 ശതമാനവും പന്ത് കൈവശം വച്ചതd ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ മുഖത്തിനടത്തു വച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തി കളഞ്ഞത്.