ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: ശ്രീശങ്കറിന് മെഡലില്ല
|ആദ്യ അവസരത്തിൽ 7.96 മീറ്റർ ദൂരം താണ്ടിയ ശ്രീശങ്കർ രണ്ടും മൂന്നൂം ശ്രമങ്ങൾ പാഴാക്കി
ഒറിഗോൺ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് മെഡലില്ല. ആദ്യ അവസരത്തിൽ 7.96 മീറ്റർ ദൂരം താണ്ടിയ ശ്രീശങ്കർ രണ്ടും മൂന്നൂം ശ്രമങ്ങൾ പാഴാക്കി. പിന്നീടുള്ള ശ്രമങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താനായില്ല. 7.89 മീറ്ററും , 7.83 മീറ്റർ ദൂരവുമാണ് ശ്രീശങ്കറിന് നേടാനായത്.
8.36 മീറ്റർ ചാടി ചൈനയുടെ വാങ് ജിനാൻ ഈ ഇനത്തിൽ സ്വർണം നേടി. 8.32 മീറ്റർ ചാടിയ ഗ്രീസിന്റെ മിൽട്ടിയാഡിസ് തിതോഗ്ലൂവിനാണ് വെള്ളി. 8.16 മീറ്റർ ചാടിയ സ്വിസ് താരം സിമോൺ ഇഹാമറിനാണ് വെങ്കലം.
ഒറിഗോണിൽ ഇന്ത്യൻ സമയം രാവിലെ 7 മണിയോടെയാണ് ഫൈനൽ മത്സരം തുടങ്ങിയത്. യോഗ്യതാ റൗണ്ടിൽ 8 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനലിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഫെഡറേഷൻ കപ്പിൽ 8.36 മീറ്റർ ദൂരം കണ്ടെത്തി ദേശീയ റെക്കോർഡ് സ്വന്തമാക്കിയ താരമാണ് ശ്രീശങ്കർ.സീസണിൽ ലോങ് ജമ്പ് താരങ്ങളുടെ മികച്ച രണ്ടാമത്തെ പ്രകടനം കൂടിയാണിത്. ഈ മികവ് ആവർത്തിക്കാനായാൽ ശ്രീശങ്കറിന് മെഡൽ പ്രതീക്ഷിക്കാം. ലോങ് ജന്പ് ഇനത്തിൽ ലോക അത്‌ലറ്റിക്‌സ് മീറ്റിൽ ഫൈനൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ശ്രീശങ്കർ.
അതേസമയം 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി ജാബിലും സെമിയിൽ പുറത്തായിരുന്നു. രണ്ടാം ഹീറ്റ്‌സിൽ എഴാം സ്ഥാനക്കാരനായാണ് ജാബിർ ഫിനീഷ് ചെയ്തത്. കരിയറിൽ 49.13 സെക്കൻഡ് മികച്ച റെക്കോർഡുള്ള ജാബിറിന് 50.76 സെക്കൻഡിലാണ് ഫിനിഷ് ചെയ്യാനായത്. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചേയ്‌സിൽ പരുൾ ചൗധരി 9.38.09 മിനിട്ടിൽ കരിയറിലെ മികച്ച സമയംകൊണ്ട് ഫിനിഷ് ചെയ്‌തെങ്കിലും ഫൈനൽ യോഗ്യത നേടിയില്ല. പന്ത്രണ്ടാമതായാണ് താരം ഫിനിഷ് ചെയ്തത്.