88ല്‍ അര്‍ജന്‍റീനയെ വിറപ്പിച്ച സൗദി; പ്രതീക്ഷാഭാരവുമായി മെസ്സിയും സംഘവും
|അവസാന ലോകകപ്പിന് പന്തുതട്ടാനിറങ്ങുന്ന ലോകഫുട്‌ബോളിൻറെ മിശിഹാക്കും തങ്ങളുടെ പ്രിയപ്പെട്ട കോച്ച് ലയണൽ സ്‌കലോണിക്കും ലോകകിരീടത്തോടെ യാത്രയയപ്പ് നൽകുക എന്നതിൽ കുറഞ്ഞതൊന്നും അർജൻറീനയുടെ റഡാറിൽ ഉണ്ടാകില്ല.
കോപ്പ അമേരിക്കയും ഫൈനലിസിമയും ജയിച്ച് തോല്‍വിയറിയാതെ 36 മത്സരങ്ങള്‍ കടന്നെത്തുന്ന മെസ്സിക്കും അര്‍ജന്‍റീനക്കും മുന്‍പില്‍ ഇനി ഒരേയൊരു ലക്ഷ്യമേ ഉണ്ടാകുകയുള്ളൂ, അത് ലോക ചാമ്പ്യന്മാരുടെ പട്ടമാണ്. തങ്ങളുടെ പ്രിയപ്പെട്ട കോച്ച് ലയണല്‍ സ്കലോണിക്കും ലോകഫുട്ബോളിന്‍റെ മിശിഹാക്കും ലോകകിരീടത്തോടെ യാത്രയയപ്പ് നല്‍കുക എന്നതില്‍ കുറഞ്ഞതൊന്നും അര്‍ജന്‍റീനയുടെ റഡാറില്‍ ഉണ്ടാകില്ല.
മെസ്സിയുടെ അഞ്ചാം ലോകകപ്പ്
ഇന്ന് സൌദി അറേബ്യക്കെതിരായ മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ മെസി ബൂട്ടുകെട്ടുന്നത് തന്‍റെ അഞ്ചാം ലോകകപ്പിനാണ്. ചരിത്രത്തില്‍ അഞ്ച് ലോകകപ്പ് കളിക്കുന്ന അഞ്ചാമത്തെ മാത്രം താരം. ഒപ്പം ഈ മത്സരത്തിലും കൂടി തോല്‍വി വഴങ്ങാതിരുന്നാല്‍ അര്‍ജന്‍റീനയെ കാത്തിരിക്കുന്നതും ലോകറെക്കോര്‍ഡാണ്. തോല്‍വി അറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീമെന്ന നേട്ടം. 37 മത്സരങ്ങളുമായി ഇറ്റലിയാണ് ഈ പട്ടികയില്‍ നിലവില്‍ മുന്നില്‍. 36 മത്സരങ്ങളില്‍ തോല്‍വി വഴങ്ങാത്ത അര്‍ജന്‍റീന ഇന്ന് കൂടി തങ്ങളുടെ അശ്വമേധം ആവര്‍ത്തിച്ചാല്‍ ലോകറെക്കോര്‍ഡില്‍ ഇറ്റലിക്കൊപ്പമെത്തും.
വമ്പൻ താരനിര തന്നെയാണ് അർജന്റീനൻ സംഘത്തിന്റെ കരുത്ത്. മുൻനിര മുതൽ പ്രതിരോധവും ഗോൾവലയും വരെ എല്ലാവരും നിലവിൽ ലോകഫുട്‌ബോളിലെ കരുത്തർ.
മെസ്സിയുടെ താരസാന്നിധ്യവും തോൽവിയറിയാത്ത കുതിപ്പും മതുല്‍ കോച്ച് ലയണൽ സ്കലോണിയുടെ പണിശാലയിൽ ചുട്ടെടുത്ത യുവത്വവും പരിചയ സമ്പത്തും വരെ ചേർന്ന സംഘമാണ് അര്‍ജന്‍റീന. അങ്ങനെ ഫുട്ബോളിന്‍റെ ലോകകിരീടം ആഗ്രഹിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട് അര്‍ജന്‍റീനക്ക്, എന്നാല്‍ അട്ടിമറി മാത്രം ലക്ഷ്യമിട്ടായിരിക്കും സൌദി അറേബ്യ ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്‍റീനക്കെതിരെ പന്തു തട്ടാന്‍ ഇറങ്ങുന്നത്. പോളണ്ട്, മെക്സികോ എന്നീ കരുത്തർ കൂടി അണിനിരക്കുന്ന ഗ്രൂപ്പില്‍ ജയിച്ചാല്‍ മാത്രമേ നിലിനില്‍പ്പുണ്ടാകുള്ളൂ എന്ന് സൌദി അറേബ്യക്ക് അറിയാം.
സൗദിയിലെ ഒറ്റ താരവും നിലവിൽ മുൻനിര യൂറോപ്യൻ ടീമുകളിൽ കളിച്ചു പരിചയമില്ലാത്തവരാണ്. എന്നാൽ, എല്ലാവരും സൗദി പ്രോ ലീഗിലടക്കം കഴിവ് തെളിയിച്ചവർ തന്നെയാണ്. മധ്യനിരക്കാരൻ സാലിം അൽദൗസരി തന്നെയാകും സൗദി ആക്രമണത്തെ നയിക്കുക. സൗദിയുടെ എല്ലാ പ്രതീക്ഷയും താരത്തിന്റെ ചുമലിലാകും.
ഇതിനുമുമ്പ് നേര്‍ക്കുനേര്‍ അര്‍ജന്‍റീനയും സൌദി അറേബ്യയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത് നാല് തവണ മാത്രമാണ്. അതില്‍ രണ്ടുതവണ അര്‍ജന്‍റീന ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. 1988ല്‍ ആദ്യ ഏറ്റുമുട്ടലില്‍ ശരിക്കും അര്‍ജന്‍റീനയെ ഞെട്ടിച്ച ടീമാണ് സൌദി അറേബ്യ. (2-2) എന്ന നിലയിലാണ് അന്ന് ആ മത്സരം പിരിഞ്ഞത്. പിന്നീട് 88ലും 92ലും ഏറ്റുമുട്ടിയപ്പോള്‍ ജയം അര്‍ജന്‍റീനയോടൊപ്പം നിന്നു. അവസാനമായി ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത് 2012ലാണ്. അന്ന് കരുത്തരായ അര്‍ജന്‍റൈന്‍ നിരയെ സൌദി അറേബ്യ ഗോള്‍രഹിത സമനിലയില്‍ കുരുക്കി.
നിലവില്‍ ഫിഫ റാങ്കിങില്‍ സൌദി അറേബ്യ 51-ാം സ്ഥാനത്തും അര്‍ജന്‍റീന മൂന്നാം സ്ഥാനത്തുമാണ്. എന്നാല്‍ റാങ്കിങിലെ അന്തരം കളിക്കളത്തില്‍ കാണാനുള്ള സാധ്യത കുറവാണ്. ഫ്രഞ്ചുകാരനായ ഹെർവി റെനാർഡിന് കീഴിലുള്ള അറേബ്യൻ കരുത്തിനെ എഴുതിതള്ളാനാവില്ല. പ്രാദേശിക ലീഗുകളിൽ കളിക്കുന്ന മിടുമിടുക്കരായ താരങ്ങളുമായാണ് സൗദിയുടെ പടപ്പുറപ്പാട്. മാത്രമല്ല, അയൽരാജ്യെമന്ന നിലയിൽ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും ലുസൈലിലെ സ്റ്റേഡിയത്തിലുണ്ടാവും.
അർജന്റീനയുടെ സാധ്യതാ ഇലവൻ:
എമിലിയാനോ മാർട്ടിനെസ്, നാഹുവേൽ മൊളീന, ക്രിസ്റ്റിയൻ റൊമേരോ. നിക്കോളാസ് ഒട്ടമെൻഡി, മാർക്കോസ് അക്യൂന, ലിയാൻഡോ പരെദെസ്, റോഡ്രിഗോ ഡീപോൾ, ജുലിയൻ അൽവാരസ്, ലയണൽ മെസ്സി, ഏയ്ഞ്ചൽ ഡി മരിയ, ലൗറ്റാരോ മാർട്ടിനെസ്.
സൗദി അറേബ്യ സാധ്യതാ ഇലവൻ:
മുഹമ്മദ് അൽഉവൈസ്, സൗദ് അബ്ദുൽഹമീദ്, അബ്ദുല്ല അൽഅംരി, അലി അൽബുലൈഹി, യാസിർ അശ്ശഹ്‌റാനി, ഫെറാസ് അൽബിറാകൻ, മുഹമ്മദ് കന്നോ, അബ്ദുല്ല അൽമക്കി, സാലിം അൽദൗസരി, സൽമാൻ അൽഫറജ്, സാലിഹ് അൽഷെഹ്‌രി.
അതിനിടെ പരിക്കിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതിനാൽ, ആരാധകർക്ക് ആശങ്കപ്പെടാനൊന്നുമില്ല. പതിവ് ഫോർമാറ്റിലോ താരങ്ങളിലോ മാറ്റം വരുത്തില്ലെന്ന് പരിശീലകൻ ലയണൽ സ്‌കലോണിയും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ 'വിജയസഖ്യം' തന്നെയായിരിക്കും ഇന്ന് ലുസൈൽ രാജ്യാന്തര സ്‌റ്റേഡിയത്തിൽ ഇറങ്ങുക.
പരിക്കേറ്റെന്ന വാർത്ത തെറ്റാണെന്നും താൻ പൂർണ ആരോഗ്യവാനാണെന്നുമാണ് മെസ്സി ഇന്നലെ വ്യക്തമാക്കിയത്. ഖത്തറിലെ പ്രധാന മീഡിയ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മെസ്സിയുടെ വിശദീകരണം. ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയേക്കാമെന്നും താരം സൂചന നൽകി. അതിനാൽ സ്വപ്നസാക്ഷാത്കാരത്തിനായി പരമാവധി ശ്രമിക്കും. ടീമിലെ ഒത്തിണക്കമാണ് പ്രധാന കരുത്തെന്നും മെസ്സി വ്യക്തമാക്കി.