ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചെടുത്തു; ബംഗ്ലാ കടുവകള്‍ക്ക് വിജയത്തുടക്കം
|ബംഗ്ലാദേശിന്‍റെ വിജയം ആറ് വിക്കറ്റിന്
ധര്‍മശാല: പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഒരു പോലെ കളംനിറഞ്ഞ ബംഗ്ലാ കടുവകള്‍ക്ക് ലോകകപ്പില്‍ വിജയത്തുടക്കം. ആറ് വിക്കറ്റിനാണ് ബംഗ്ലാദേശ് അഫ്ഗാനെ തകർത്തെറിഞ്ഞത്. നേരത്തേ ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 37 ഓവറിൽ 156 റൺസിന് അഫ്ഗാനെ കൂടാരം കയറ്റി. മറുപടി ബാറ്റിങ്ങിൽ വെറും 34 ഓവറിൽ ലക്ഷ്യം കണ്ടു.
ബംഗ്ലാദേശിനായി മെഹ്ദി ഹസൻ മിറാസും നജ്മുൽ ഹുസൈൻ ഷാന്റോയും അർധ സെഞ്ച്വറി നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തുകയും 57 റണ്‍സെടുക്കുകയും ചെയ്ത മെഹ്ദി ഹസനാണ് കളിയിലെ താരം.
ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബുൽ ഹസന്റെ തീരുമാനം ശരിവക്കുന്ന തരത്തിലായിരുന്നു ബോളർമാരുടെ പ്രകടനം. നായകൻ തന്നെ ബോളിങ് നിരയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒരു ബോളറൊഴികെ മറ്റെല്ലാവരും വിക്കറ്റ് പട്ടികയില്‍ ഇടംപിടിച്ചു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷാകിബുൽ ഹസനും മെഹ്ദി ഹസൻ മിറാസുമാണ് അഫ്ഗാൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഷൊരീഫുൽ ഇസ്ലാം രണ്ട് വിക്കറ്റ് വീഴ്ത്തി. 47 റൺസെടുത്ത ഗുർബാസാണ് അഫ്ഗാൻ നിരയിലെ ടോപ് സ്‌കോറർ. റാഷിദ് ഖാനടക്കമുള്ള അഫ്ഗാന്‍റെ കുന്തമുനകള്‍ക്കാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. റാഷിദ് 16 പന്തില്‍ വെറും 9 റണ്‍സെടുത്ത് പുറത്തായി.