മിശിഹയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; മെക്സിക്കോയെ രണ്ട് ഗോളിന് തകര്‍ത്ത് അര്‍ജന്റീന
|64ആം മിനുറ്റില്‍ ഡീ മരിയ നല്കിയ പാസിലാണ് മെസി ലക്ഷ്യം തൊട്ടത്
ഗ്രൂപ്പ് സിയില്‍ മെക്സിക്കോക്കെതിരായ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനക്ക് ഉയര്‍ത്തെഴുന്നേല്‍പ്പ്. മെസിയുടെ കരുത്തിലാണ് അര്‍ജന്റീനക്ക് പുതുജീവന്‍ കൈവന്നത്. 64ആം മിനുറ്റില്‍ ഡീ മരിയ നല്കിയ പാസിലാണ് മെസി ലക്ഷ്യം തൊട്ടത്. 87ആം മിനുറ്റില്‍ രണ്ടാമതും നിറയൊഴിച്ചു. ഇത്തവണ എന്‍സോ ഫെര്‍ണാണ്ടസാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍വല കുലുക്കിയത്. രണ്ട് ഗോളുകളോടെ അര്‍ജന്റീന മെക്സിക്കോക്കെതിരെ വിജയം സുനിശ്ചിതമാക്കി. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയിൽ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി.
മത്സരത്തിന്റെ ആദ്യപകുതി വിരസമായ ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. ബോള്‍ പോസിഷനില്‍ അര്‍ജന്റീന ഏറെ മുന്നിട്ടു നിന്നപ്പോള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയം പ്രകടമായിരുന്നു. 34ആം മിനുറ്റില്‍ ഡീപോളിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും ഉപയോഗപ്പെടുത്താനായില്ല. മെസിയുടെ ഫ്രീകിക്ക് അത്ഭുതകരമായി തന്നെ ഒചാവോ കൈപിടിയിലാക്കി.
42ആം മിനുറ്റില്‍ ക്യാപ്റ്റന്‍ ഗോര്‍ഡാഡോയെ മെക്സിക്കോ പിന്‍വലിച്ച് എറിക് ഗുട്ടറസിനെ ഗ്രൗണ്ടിലിറക്കി. 45ആം മിനുറ്റില്‍ മെക്സിക്കോ താരം വേഗ തൊടുത്ത ഫ്രീ കിക്ക് മാര്‍ട്ടീനസ് മനോഹരമായി തടഞ്ഞിട്ടു.
അടിമുടി മാറ്റങ്ങളോടെയാണ് അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങിയത്. ക്രിസ്റ്റിയന്‍ റൊമേറോയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോയ്ക്ക് പകരം മാര്‍ക്കോസ് അകുന, നഹ്വെല്‍ മൊളിനയ്ക്ക് പകരം ഗോണ്‍സാലോ മോണ്‍ഡിയല്‍, ലിയാന്‍ഡ്രോ പരെഡെസിന് പകരം ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസിന് പകരം അലെക്സിസ് മാക് അല്ലിസ്റ്റര്‍ എന്നിവരാണ് ആദ്യ ഇലവനില്‍ കളിക്കുന്നത്. അര്‍ജന്റീന 4-2-3-1 ഫോർമാറ്റിലും മെക്സിക്കോ 3-5-2 ഫോർമാറ്റിലുമാണ് ടീം ഒരുക്കിയിരുന്നത്. അര്‍ജന്റീനയുടെ അടുത്ത മത്സരം പോളണ്ടുമായാണുള്ളത്.
ടീം ലൈനപ്പ് ഇങ്ങനെ:
അര്‍ജന്റീന:
ലയണല്‍ മെസി(ക്യാപ്റ്റന്‍), അലെക്സിസ് മാക് അലിസ്റ്റര്‍, ഡി മരിയ, നിക്കോളാസ് ഒറ്റമെന്‍ഡി, ഗൈഡോ റോഡ്രിഗസ്, ഗോണ്‍സാലോ മോണ്‍ഡിയല്‍, എമിലിയാനോ മാര്‍ട്ടീനസ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അകുന, റോഡിഗ്രോ ഡി പോള്‍, ലൗത്താരോ മാര്‍ട്ടീനസ്
മെക്സിക്കോ:
ഗോര്‍ഡാഡോ(ക്യാപ്റ്റന്‍), ഗില്ലര്‍മോ ഒച്ചാവോ, ഹെക്ടര്‍ മൊറിനോ, നെസ്റ്റര്‍ അറൗജോ, സെസര്‍ മോണ്ഡിസ്, ജീസസ് ഗല്ലാര്‍ഡോ, ലൂയിസ് ഷാവസ്, ആന്‍ഡ്രേ ഹെക്ടര്‍ ഹെരേര, കെവിന് അല്‍വാരസ്, അലക്സിസ് വേഗ, ഹിര്‍വിങ് ലൊസാനോ