ഹോക്കി ലോകകപ്പ്; സ്പെയ്നിനെ തകര്‍ത്ത് തുടക്കം ഗംഭീരമാക്കി ഇന്ത്യ
|കരുത്തരായ സ്പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്.
ലോകകപ്പ് ഹോക്കിയില്‍ വിജയത്തോടെ തുടങ്ങി ടീം ഇന്ത്യ. പൂള് ഡി-യിലെ മത്സരത്തില്‍ കരുത്തരായ സ്പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യ രണ്ട് ക്വാര്‍ട്ടറുകളിലാണ് രണ്ട് ഗോളുകളും പിറന്നത്. ആദ്യ ക്വാര്‍ട്ടറില്‍ അമിത് രോഹിദാസ് ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തപ്പോള്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഹര്‍ദിക് സിങാണ് സ്കോര്‍ ചെയ്തത്. അവസാന രണ്ട് ക്വാര്‍ട്ടറുകളിലും ഗോളകന്നു നിന്നു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് ഒഡിഷയില്‍ വെച്ചാണ് തുടക്കമായത്. ഇന്നുകൂടി ജയിച്ചതോടെ സ്പെയിനിനെതിരായ നേര്‍ക്കുനേര്‍ കണക്കിൽ ഇന്ത്യ വീണ്ടും ആധിപത്യമുയര്ത്തി. തമ്മില്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ 14 മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ 11 മത്സരങ്ങളിലാണ് സ്പെയ്നിന് ജയിക്കാനായത്.
പൂള് എ-യില്‍ സൗത്ത് ആഫ്രിക്കയെ കീഴടക്കി അര്‍ജന്റീനയും ഫ്രാൻസിനെ കീഴടക്കി ഓസ്ട്രേലിയയും ലോകകപ്പ് യാത്ര ജയത്തോടെ തുടങ്ങി. ഇന്ത്യ ഉള്‍പ്പെടുന്ന പൂള് ഡി-യില്‍ വെയിൽസിനെ കീഴടക്കി ഇംഗ്ലണ്ടും തുടക്കം ഗംഭീരമാക്കി. വെയില്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇംഗ്ലണ്ട് കീഴടക്കിയത്. അതുകൊണ്ട് തന്നെ ജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യ പൂളില്‍ രണ്ടാം സ്ഥാനത്താണ്.
അതേസമയം ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് തുടര്‍ച്ചയായി രണ്ടാംവട്ടവും ഒഡീഷ ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റിന് വേദിയായത്. ഇന്ത്യ ലോകകപ്പ് ഹോക്കിക്ക് ആതിഥേയത്വം വഹിക്കുന്നതാകട്ടെ നാലാം തവണയും. ഇതിന് മുമ്പ് 2018ല്‍ നടന്ന അവസാന ഹോക്കി ലോകകപ്പിലും ഒഡീഷ തന്നെയായിരുന്നു ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന് വേദിയായത്. 17 ദിവസം നീണ്ടുനില്‍ക്കുന്ന ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ആകെ 16 ടീമുകള്‍ ആണ് മത്സരിക്കുന്നത്. ഫൈനല്‍ ഉള്‍പ്പെടെ 44 മത്സരങ്ങളാണ് ആകെയുള്ളത്.