ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ശ്രീലങ്ക ഇന്ത്യക്ക് വെല്ലുവിളിയാകുമോ?
|ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നഷ്ടപ്പെടുന്നതിന്റെ വക്കിലാണെങ്കിലും ജൂണില്‍ ഓവലില്‍ വച്ച് നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരിന് ഓസീസ് നേരത്തേ യോഗ്യത നേടിയിരുന്നു
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിലും ആസ്ത്രേലിയയെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ ആവേശ ജയം കുറിച്ചിരിക്കുകയാണ്. നാല് മത്സരങ്ങള്‍ അടങ്ങിയ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കിനി വെറും ഒരു സമനില മാത്രം മതിയാവും. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നഷ്ടപ്പെടുന്നതിന്റെ വക്കിലാണെങ്കിലും ജൂണില്‍ ഓവലില്‍ വച്ച് നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരിന് ഓസീസ് നേരത്തേ യോഗ്യത നേടിയിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്ത്രേലിയയുടെ എതിരാളി ആരാകുമെന്ന ആകാംക്ഷയിലാണിപ്പോള്‍ ക്രിക്കറ്റ് ലോകം. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനം ടീം ഇന്ത്യക്കാണിപ്പോള്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ഇപ്പോൾ ടീം ഇന്ത്യ. ഇന്ത്യയുടെ പോയിന്റ് ശതമാനം 64.06 ആണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 16 മത്സരങ്ങളില്‍ നിന്ന് പത്തു ജയങ്ങളാണ് ഇന്ത്യ കുറിച്ചത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഒരു മത്സരം കൂടി ജയിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാനാവും.
ശ്രീലങ്കയാണ് നിലവിൽ ഇന്ത്യക്ക് നേരിയ വെല്ലുവിളി ഉയർത്തുന്നത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് ന്യൂസിലാന്റിനെതിരെ രണ്ട് മത്സരങ്ങള്‍ അടങ്ങിയൊരു ടെസ്റ്റ് പരമ്പയുണ്ട്. രണ്ട് മത്സരങ്ങളും വിജയിച്ച് ശ്രീലങ്ക ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ബോർഡർ ഗവാസ്കർ ട്രോഫിയിലെ അടുത്ത രണ്ട് മത്സരങ്ങൾ ഇന്ത്യ തോൽക്കുകയും ചെയ്താൽ ലങ്കയുടെ സാധ്യതകൾ ഏറും.
ഇന്ത്യന്‍ വിജയഗാഥ തുടരുന്നു
ആസ്ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യൻ വിജയഗാഥ. 115 റൺസ് വിജയലക്ഷ്യം ടീം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 26.4 ഓവറിൽ ഇന്ത്യ 118 റൺസ് നേടി. വിജയത്തോടെ ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തി. പരമ്പരയിൽ 3-1 പോയിന്റോടെ വിജയിക്കാനായാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനാകും. അങ്ങനെ വിജയിച്ചാൽ 61.92 പി.സി.ടിയോടെ ആസ്ത്രേലിയയോടൊപ്പം ഫൈനൽ കളിക്കാൻ നീലപ്പടയിറങ്ങും.
ഓപ്പണറായ കെ.എൽ രാഹുൽ കേവലം ഒരു റൺസ് മാത്രം നേടി പുറത്തായപ്പോൾ നായകനായ ഓപ്പണർ രോഹിത് ശർമ 31 റൺസെടുത്തു. എന്നാൽ ടീമിനെ വിജയ തീരത്തെത്തിക്കാൻ നായകനായില്ല. പീറ്റർ ഹാൻഡ്സ്കോംപ് താരത്തെ റണ്ണൗട്ടാക്കി. വൺഡൗണായെത്തിയ ചേതേശ്വർ പൂജാര 31 റൺസുമായി പുറത്താകാതെ നിന്നു. താരവും 23 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകാർ ഭരതും ചേർന്നാണ് ചെറിയ ടോട്ടൽ മറികടക്കാൻ ഇന്ത്യയെ സഹായിച്ചത്. രണ്ട് ഇന്നിംഗ്സുകളിലായി പത്ത് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം