ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ: ജാമീസന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ
|ടെസ്റ്റില്‍ വെറും ഏഴാമത്തെ മത്സരം കളിക്കുന്ന കെയില്‍ ജാമീസനാണ് അഞ്ച് വിക്കറ്റ് നേട്ടവുമായി കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്‍റെ മൂന്നാം ദിവസം ഇന്ത്യയ്ക്ക് കൂട്ടത്തകർച്ച. കൃത്യതയാര്‍ന്ന ആക്രമണത്തിലൂടെ മുന്‍നിരയെ തകര്‍ത്ത ശേഷം ന്യൂസിലൻഡ് ബൗളർമാര്‍ ഇന്ത്യയെ 217 റണ്‍സിന് ചുരുട്ടിക്കെട്ടി. ടെസ്റ്റില്‍ വെറും ഏഴാമത്തെ മത്സരം കളിക്കുന്ന കെയില്‍ ജാമീസനാണ് അഞ്ച് വിക്കറ്റ് നേട്ടവുമായി കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
രണ്ടാം ദിവസം തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നായകൻ വിരാട് കോഹ്ലിയെ നഷ്ടമായി. കോഹ്ലിക്ക് അർധസെഞ്ച്വറിക്ക് വെറും ആറ് റൺസ് വേണ്ടിയിരുന്ന സമയത്താണ് വെളിച്ചക്കുറവിനെ തുടർന്ന് ഇന്നലെ കളിനിർത്തിയത്. ആദ്യദിവസത്തെ പിഴവുകളില്ലാത്ത കളി തുടരുമെന്നു പ്രതീക്ഷിച്ചിരുന്ന നായകന്റെ ഇന്നിങ്‌സിന് എന്നാൽ രണ്ടാംദിനം മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. തലേന്നത്തെ സ്‌കോറിൽ ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനാകാതിരുന്ന കോഹ്ലിയെ ജാമീസൻ വിക്കറ്റിനുമുൻപിൽ കുരുക്കുകയായിരുന്നു. പുറത്താകുമ്പോൾ 132 പന്തിൽ ഒരൊറ്റ ബൗണ്ടറിയോടെ 44 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം.
തുടർന്നുവന്ന റിഷഭ് പന്തിന്റെ ഇന്നിങ്‌സും അധികം നീണ്ടുനിന്നില്ല. ജാമീസന്റെ തന്നെ പന്തിൽ ലാഥമിന് ക്യാച്ച് നൽകി പന്ത് മടങ്ങി. പിന്നീട് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമായി ചേർന്ന് ഉപനായകൻ അജിങ്ക്യ രഹാനെ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചു. എന്നാൽ, അർധസെഞ്ച്വറിക്ക് ഒരു റൺസ് അകലെ രഹാനെയും വീണു. 117 പന്തിൽ അഞ്ചു ബൗണ്ടറികൾ സഹിതം 49 റൺസെടുത്ത രഹാനെയെ വാഗ്നറുടെ പന്തിൽ ലാഥം പിടികൂടി. തുടർന്ന് വന്ന രവിചന്ദ്രൻ അശ്വിൻ ആക്രമണമൂഡിലായിരുന്നു. ഒരുഘട്ടത്തിൽ ലഞ്ചിനുമുൻപ് ഓൾഔട്ടാകുമെന്നു തോന്നിയേടത്തുനിന്ന് ടീം സ്‌കോർ 200 കടത്തിയെങ്കിലും ടിം സൗത്തിയുടെ പന്തിൽ ലാഥമിന് മൂന്നാം ക്യാച്ച് നൽകി അശ്വിൻ(27 പന്തിൽ മൂന്ന് ബൗണ്ടറികളോടെ 22) മടങ്ങി.
ലഞ്ചിന് പിരിയുമ്പോൾ 46 പന്തിൽ 15 റൺസുമായി ജഡേജയും ആറു പന്തിൽ രണ്ടു റൺസുമായി ഇഷാന്ത് ശർമയുമാണ് ക്രീസിലുണ്ടായിരുന്നത്. ലഞ്ചിനുശേഷം തൊട്ടടുത്ത പന്തുകളില്‍ ഇഷാന്തിനെയും ബുംറയെയും പുറത്താക്കി ജാമീസന്‍ കരിയറിലെ നാലാം അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. ട്രന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വാട്‍ലര്‍ ജഡേജയെ പിടികൂടിയതോടെ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണമായി. രണ്ടാംദിനം ഓപണർമാരായ രോഹിത് ശർമയെയും ശുഭ്മൻ ഗില്ലിനെയും മൂന്നാമനായെത്തിയ ചേതേശ്വർ പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. കിവീസ് ബൌളര്‍മാരില്‍ ജാമീസനു പുറമെ ബോള്‍ട്ടും നീല്‍ വാഗ്നറും രണ്ടു വിക്കറ്റ് വീതവും ടിം സൌത്തി ഒരു വിക്കറ്റും സ്വന്തമാക്കി.