Sports
igor stimac
Sports

''നിങ്ങള്‍ മാറാന്‍ തയ്യാറല്ലെങ്കില്‍ പറയൂ, ഞാന്‍ മടങ്ങാം''; പൊട്ടിത്തെറിച്ച് ഇഗോര്‍ സ്റ്റിമാച്ച്

Web Desk
|
30 Aug 2023 1:22 PM GMT

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്‍റെ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടു നൽകാൻ കഴിയില്ലെന്ന ഐ.എസ്.എൽ ക്ലബ്ബുകളുടെ നിലപാടില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യന്‍ കോച്ച്

ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ ഏഷ്യൻ ഗെയിംസില്‍ പന്ത് തട്ടാന്‍ കേന്ദ്ര കായിക മന്ത്രാലയം അനുവദിച്ചത്. എന്നാല്‍ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്‍റെ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടു നൽകാൻ കഴിയില്ലെന്ന് ഐ.എസ്.എൽ ക്ലബ്ബുകൾ പ്രഖ്യാപിച്ചത് പിന്നീട് വന്‍ വിവാദമായി.ക്ലബ്ബുകൾ രാജ്യത്തിനായുള്ള മത്സരങ്ങൾക്ക് താരങ്ങളെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കോച്ച് ഇഗോർ സ്റ്റിമാച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഒരൽപ്പം കടുത്ത ഭാഷയിൽ ഐ.എസ്.എൽ ടീമുകൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇഗോർ സ്റ്റിമാച്ച്. ഇന്ത്യൻ ഫുട്‌ബോളിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തന്റെ കൂടെ നിൽക്കാനാവില്ലെങ്കിൽ അത് തുറന്ന് പറയണമെന്നും തന്നോട് വീട്ടിൽ പോവാൻ പറഞ്ഞാൽ താൻ പോവാമെന്നും സ്റ്റിമാച്ച് പറഞ്ഞു. ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റിമാച്ച് തുറന്നടിച്ചത്.

''ഞാനൊരാളോടും ക്ഷമ ചോദിക്കാൻ പോവുന്നില്ല. ഞാനിങ്ങോട്ട് വന്നത് ഇന്ത്യൻ ഫുട്‌ബോളിനെ സഹായിക്കാനാണ്. എന്റെ സഹായം നിങ്ങൾക്ക് വേണമെങ്കിൽ എനിക്ക് ചില സത്യങ്ങൾ തുറന്നു പറയണം. നിങ്ങളത് കേട്ടേ മതിയാവൂ. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്കെന്നെ സഹായിക്കാം. അല്ലെങ്കിൽ ഞങ്ങൾ ഒന്നും മാറ്റാൻ തയ്യാറല്ലെന്ന് തുറന്നു പറയാം. എന്നോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടാം. ഞാൻ സന്തോഷത്തോടെ മടങ്ങാം. നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം''- സ്റ്റിമാച്ച് പറഞ്ഞു.

ദേശീയ ടീമിനായി കലണ്ടർ ക്രമീകരിക്കാൻ കഴിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അതിന് പിന്നില്‍ മറ്റെന്തെങ്കിലും താൽപ്പര്യങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടി വരുമെന്നും സ്റ്റിമാച്ച് ചൂണ്ടിക്കാട്ടി. താന്‍ പറയുന്നത് തെറ്റാണെന്ന് തെളിയിക്കാൻ ആഗ്രഹിക്കുന്നവരെ സ്റ്റിമാച്ച് പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു.


Related Tags :
Similar Posts