'നിങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല'; കിരീട നേട്ടത്തിന് പിറകേ കോഹ്ലിയെയും സംഘത്തേയും ട്രോളി രാജസ്ഥാന്
|'ഒടുക്കം ബാംഗ്ലൂരിന് ഒരു കിരീടം നേടിക്കൊടുക്കാൻ പെൺ പട തന്നെ വേണ്ടി വന്നു' എന്ന തരത്തിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്
ന്യൂഡല്‍ഹി: ഐ.പി.എൽ ക്രിക്കറ്റ് ആരംഭിച്ചിട്ട് 16 വർഷം പിന്നിടുന്നു. 2008 ൽ ആംരംഭിച്ച ടൂർണമെന്റിൽ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എക്കാലവും ഹോട്ട് ഫേവറേറ്റുകളായിരുന്നു. എന്നാൽ ഒന്നരപ്പതിറ്റാണ്ട് പിന്നിടുന്ന ഐ.പി.എല്ലിൽ കോഹ്ലിക്കും സംഘത്തിനും ഇതുവരെ കിരീടം ചൂടാനായിട്ടില്ല. എല്ലാ സീസണിലും 'ഈ വർഷം കപ്പ് നമുക്ക്' എന്ന് പറഞ്ഞെത്താറുള്ള ബാംഗ്ലൂരിന് പാതിവഴിയിൽ കാലിടറാറാണ് പതിവ്.
ഇപ്പോഴിതാ തങ്ങളുടെ നാണക്കേടിന്റെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കയാണ് ആർ.സി.ബിയുടെ പെൺപട. കഴിഞ്ഞ ദിവസമരങ്ങേറിയ വനിതാ പ്രീമിയർ ലീഗ് കലാശപ്പോരിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തകർത്താണ് ആർ.സി.ബി കിരീടം ചൂടിയത്. സോഷ്യൽ മീഡിയയിൽ ബാംഗ്ലൂർ ആരാധകരുടെ ആഘോഷം അരങ്ങു തകർക്കുകയാണ്. എന്നാൽ കിരീടം ചൂടിയിട്ടും ബാംഗ്ലൂരിനെ ട്രോളന്മാർ വെറുതെ വിട്ടില്ല. 'ഒടുക്കം ബാംഗ്ലൂരിന് ഒരു കിരീടം നേടിക്കൊടുക്കാൻ പെൺ പട തന്നെ വേണ്ടി വന്നു' എന്ന തരത്തിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ ഒഫീഷ്യൽ പേജും ബാംഗ്ലൂരിനെ വെറുതെ വിടാൻ കൂട്ടാക്കിയില്ല. പ്രമുഖ കോമഡി ഷോയായ 'താരക് മെഹ്താ കാ ഉൾട്ടാ ചശ്മയിലെ' ഒരു മീം പങ്കു വച്ചാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ ട്രോളിയത്.
ഒരു ഗ്യാസ് സിലിണ്ടർ ഏറെ കഷ്ടപ്പെട്ട് പൊക്കാൻ ശ്രമിച്ചിട്ടും അതിന് കഴിയാതിരുന്ന ഷോയിലെ ഒരു കഥാപാത്രത്തിനടുത്തേക്ക് വന്ന് അനായാസം സിലിണ്ടർ പൊക്കിയെടുത്ത് കൊണ്ടു പോകുന്ന ഭാര്യയുടെ ദൃശ്യമാണ് മീമിലുള്ളത്. സോഷ്യൽ മീഡിയയിൽ ഈ ട്രോൾ തരംഗമായിക്കഴിഞ്ഞു.
ഡൽഹി അരുൺ ജെയിറ്റ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് പന്തുകൾ ബാക്കി നിൽക്കെയാണ് ആര്.സി.ബി തോൽപിച്ചത്. സ്കോർ: ഡൽഹി ക്യാപിറ്റൽസ് 18.3 ഓവറിൽ 113. റോയൽ ചലഞ്ചേഴ്സ് 19.3 ഓവറിൽ 115-2
113 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് ഓപ്പണിങിൽ ക്യാപ്റ്റൻ സ്മൃതി മന്ഥാനയും(31) സോഫിയ ഡെവൈനും(32) മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് ക്രീസിലെത്തിയ എലീസ് പെറിയും(35)വിക്കറ്റ് കീപ്പർ റിച്ച ഘോഷും(17) ചേർന്ന് വിജയ തീരമണച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യഓവറുകളിൽ ടീം തകർന്നടിഞ്ഞു. 27 പന്തിൽ 44 റൺസെടുത്ത ഷഫാലി വർമയാണ് ഡല്‍ഹിയുടെ ടോപ് സ്കോറർ. നാലു വിക്കറ്റെടുത്ത ശ്രേയങ്ക പാട്ടീലും മൂന്ന് വിക്കറ്റെടുത്ത സോഫി മോളിനെക്സും രണ്ട് വിക്കറ്റെടുത്ത മലയാളി താരം ആശാ ശോഭനയും ചേർന്നാണ് ഡൽഹിയെ കറക്കിയിട്ടത്.
ഓപ്പണിംഗ് വിക്കറ്റിൽ ഷഫാലി വർമയും ക്യാപ്റ്റൻ മെഗ് ലാനിങും ചേർന്ന് ഡൽഹിക്ക് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഏഴോവറിൽ ഇരുവരും ചേർന്ന് 64 റൺസടിച്ചു. 27 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 44 റൺസടിച്ച ഷഫാലിയായിരുന്നു കൂടുതൽ ആക്രമിച്ചു കളിച്ചത്. എന്നാൽ എട്ടാം ഓവറിലെ ആദ്യ പന്തിൽ മോളിനെക്സിനെ സിക്സിന് പറത്താനുള്ള ഷഫാലിയുടെ ശ്രമം സ്ക്വയർ ലെഗ് ബൗണ്ടറിയിൽ വാറെഹാമിമിൻറെ കൈകളിലൊതുങ്ങിയതോടെ ഡൽഹിയുടെ തകർച്ച തുടങ്ങി. ഒരു പന്തിൻറെ ഇടവേളയിൽ ജെമീമ റോഡ്രിഗസിനെയും അടുത്ത പന്തിൽ അലീസ് ക്യാപ്സിയെയും ക്ലീൻ ബൗൾഡാക്കി കടുത്ത പ്രഹരമേൽപ്പിച്ചു ബംഗളൂരു. മലയാളി താരം മിന്നു മണിയെ(5) ശ്രേയങ്ക പാട്ടീൽ വീഴ്ത്തിയതോടെ 64-0ൽ നിന്ന് ഡൽഹി 87-7ലേക്ക് അവിശ്വസനീയമായി തകർന്നടിഞ്ഞു.