'അവന്‍റെ പന്ത് ആദ്യമായി നേരിട്ടത് താങ്കളാണ്'; അഭിഷേക് ബച്ചന് നന്ദി പറഞ്ഞ് സച്ചിന്‍
|കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ അവസാന ഓവര്‍ എറിഞ്ഞ അര്‍ജുന്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടീമിനെ വിജയതീരമണച്ചിരുന്നു
ഐ.പി.എല്ലില്‍ രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്നൊരു യുവതാരത്തിന് രോഹിത് ശര്‍മ മത്സരത്തിലെ നിര്‍ണ്ണായകമായ അവസാന ഓവര്‍ എറിയാന്‍ നല്‍കുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ ആ താരം വെറും അഞ്ച് റണ്‍സ് മാത്രം വിട്ട് നല്‍കി അവസാന വിക്കറ്റും വീഴ്ത്തി ടീമിനെ വിജയതീരമണക്കുന്നു. മുംബൈ യുവതാരവും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനുമായ അര്‍ജുന്‍ തെണ്ടുല്‍ക്കറിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമാണ് അര്‍ജുന്‍ എന്ന് വിലയിരുത്തുന്നവര്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഏറെയാണ്.
കഴിഞ്ഞ ദിവസം അര്‍ജുന്‍റെ തകര്‍പ്പന്‍ പ്രകടനത്തിന് പിറകേ സച്ചിന്‍ ട്വിറ്ററില്‍ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന് നന്ദി പറഞ്ഞാണ് സച്ചിന്‍ പോസ്റ്റ് പങ്കുവച്ചത്. അര്‍ജുന്‍റെ പന്ത് ആദ്യം നേരിട്ടത് അഭിഷേകാണെന്നും.. താങ്കള്‍ക്ക് നന്ദി എന്നും സച്ചിന്‍ കുറിച്ചു.
"'നന്ദി അഭിഷേക്. ഇക്കുറി തെണ്ടുല്‍ക്കര്‍ ബാറ്റിങ് ഓപ്പണ്‍ ചെയ്യുന്നതിന് പകരം ബോളിങ് ഓപ്പണ്‍ ചെയ്യുന്നു. നമ്മുടെ ബില്‍ഡിങ്ങിന് താഴെ കളിക്കുമ്പോള്‍ അര്‍ജുന്‍റെ പന്തുകള്‍ ആദ്യം നേരിട്ടത് നിങ്ങളാണ്''- സച്ചിന്‍ കുറിച്ചു. അര്‍ജുന്‍റെ അരങ്ങേറ്റത്തിന് പിറകേ അഭിഷേക് പങ്കുവച്ച പോസ്റ്റ് ഷെയര്‍ ചെയ്താണ് സച്ചിന്‍ ഇത് കുറിച്ചത്.
കഴിഞ്ഞ ദിവസം ഓപ്പണിങ് സ്പെല്ലിലും അര്‍ജുന്‍ മികച്ച രീതിയില്‍ത്തന്നെ പന്തെറിഞ്ഞിരുന്നു. മത്സരത്തില്‍ 2.5 ഓവറില്‍ വെറും 6.35 റണ്‍സ് എക്കോണമിയില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അര്‍ജുന്‍ ഒരു വിക്കറ്റ് നേടിയത്. അര്‍ജുന്‍റെ ആദ്യ ഐ.പി.എല്‍ വിക്കറ്റ് കൂടിയായിരുന്നു അത്. സണ്‍റൈസേഴ്സിന്‍റെ അവസാന വിക്കറ്റായ ഭൂവനേശ്വര്‍ കുമാറിനെ രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചാണ് അര്‍ജുന്‍ കന്നി വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്