ഒരേ ടീമിൽ യുവരാജും ഗെയിലും ഡിവില്ലിയേഴ്‌സും; ബാറ്റിങ് വിസ്‌ഫോടനത്തിന് വേദിയാകാന്‍ ഓസീസ് ടി20 കപ്പ്
|ഓസ്‌ട്രേലിയയിലെ മൾഗ്രേവ് ക്രിക്കറ്റ് ക്ലബ് ആണ് ലോക ക്രിക്കറ്റിലെ ഏറ്റവും സംഹാരശേഷിയുള്ള മൂന്ന് താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കം നടത്തുന്നത്
യുവരാജ് സിങ്, ക്രിസ് ഗെയിൽ, എബി ഡിവില്ലിയേഴ്‌സ്... ഇവർ മൂന്നുപേരും അണിനിരക്കുന്ന ഒരു ബാറ്റിങ് നിര എങ്ങനെയുണ്ടാകും? വിസ്‌ഫോടനാത്മകം എന്ന് ഒറ്റവാക്കിൽ പറയാം. ആ ഡ്രീം ടീം കോമ്പിനേഷന് വേദിയൊരുങ്ങുകയാണ് ഓസ്ട്രേലിയയില്‍.
ഓസ്‌ട്രേലിയയിലെ മൾഗ്രേവ് ക്രിക്കറ്റ് ക്ലബ് ആണ് ലോക ക്രിക്കറ്റിലെ ഏറ്റവും സംഹാരശേഷിയുള്ള ബാറ്റിങ് ത്രയത്തെ പരീക്ഷിക്കാനൊരുങ്ങുന്നത്. മെൽബണിലെ ക്രിക്കറ്റ് ക്ലബുകളുടെ കൂട്ടായ്മയായ ഈസ്റ്റേൺ ക്രിക്കറ്റ് അസോസിയേഷനിൽ(ഇസിഎ) അംഗമാണ് മൽഗ്രേവ് ക്രിക്കറ്റ് ക്ലബ്. മൂന്നുപേരുമായി ക്ലബ് വൃത്തങ്ങൾ ചർച്ച നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ചർച്ച അവസാനഘട്ടത്തിലാണുള്ളത്.
വരാനിരിക്കുന്ന ഇസിഎ ടി20 കപ്പ് മുന്നിൽ കണ്ടാണ് ക്ലബ് സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കം നടത്തുന്നത്. വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുമായും ചർച്ച നടത്തുന്നുണ്ടെന്നാണ് മൽഗ്രേവ് പ്രസിഡന്റ് മിലാൻ പുള്ളെനായകം അറിയിച്ചിട്ടുള്ളത്. മുൻ ശ്രീലങ്കൻ താരങ്ങളായ തിലകരത്‌നെ ദിൽഷൻ, ഉപുൽ തരംഗ എന്നിവർ ടീമിലെത്തിയിട്ടുണ്ട്. ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യയാണ് ടീമിന്റെ മുഖ്യ പരിശീലകൻ.
അടുത്ത നവംബർ-ഫെബ്രുവരി കാലയളവിലാണ് ഇസിഎ ടി20 കപ്പ് നടക്കുന്നത്. ടൂര്‍ണമെന്‍റില്‍ നോക്കൗട്ട് ഘട്ടത്തിനുമുൻപ് മൂന്ന് പ്രാഥമികഘട്ട മത്സരങ്ങളും നടക്കും.