പുറത്തിരുത്തിയവര്‍ക്ക് മറുപടി; ഇംഗ്ലീഷ് മണ്ണില്‍ മിന്നും ഫോമില്‍ ചഹല്‍
|നിലവിൽ കൗണ്ടി ക്രിക്കറ്റിൽ നോർതാംപ്ടൻഷെയറിനായി പന്തെറിയുന്ന ചഹൽ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ ദിവസം പുറത്തെടുത്തത്
ഇന്ത്യൻ ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസന്റെ അതേ അവസ്ഥയാണ് യുസ്വേന്ദ്ര ചാഹലിനും. നിരന്തരം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും പലരുടേയും നിഴലിൽ ഒതുങ്ങേണ്ടി വന്ന കരിയർ. കുൽദീപ് യാദവ് മികച്ച ഫോമിലായപ്പോഴൊക്കെ ചഹൽ ടീമിൽ നിന്ന് തഴയപ്പെട്ടു. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും ചഹലിന് ഇടമില്ല. നേരത്തേ ദുലീപ് ട്രോഫിയിലും ചഹൽ തഴയപ്പെട്ടിരുന്നു.
അതേ സമയം തന്നെ പുറത്തിരുത്തിയവർക്ക് മൈതാനത്ത് വച്ച് തന്നെ മറുപടി നൽകുകയാണിപ്പോൾ ചഹൽ. നിലവിൽ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ നോർതാംപ്ടൻഷെയറിനായി പന്തെറിയുന്ന ഇന്ത്യന്‍ താരം തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ ദിവസം പുറത്തെടുത്തത്. ഡെർബിഷെയറിനെതിരെ കഴിഞ്ഞ ദിവസം അഞ്ച് വിക്കറ്റാണ് ചഹല്‍ വീഴ്ത്തിയത്.
16.3 ഓവറിൽ 45 റൺസ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ചഹലിന്റെ മിന്നും പ്രകടനത്തിന്റെ മികവിൽ നോർതാംപ്ടൻഷെയർ ഡെർബിഷെയറിനെ 165 റൺസിന് കൂടാരം കയറ്റി. ഇന്ത്യൻ ടെസ്റ്റ് ടീമിൽ നാളിത് വരെ ചഹലിന് അവസരം ലഭിച്ചിട്ടില്ല. ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ബെഞ്ചിലിരിക്കാനായിരുന്നു വിധി. അതിന് ശേഷം നടന്ന സിംബാബ്‍വേ, ശ്രീലങ്ക പര്യടനങ്ങളിലും താരം പുറത്തായിരുന്നു.