'ഞാൻ റയൽ വിടാൻ കാരണം...': ആരാധകർക്ക് തുറന്ന കത്തെഴുതി സിദാൻ
|രണ്ട് പതിറ്റാണ്ടായി മാഡ്രിഡിൽ ചെലവഴിച്ച തനിക്ക് വലിയ തരത്തിലുള്ള സ്നേഹവും പിന്തുണയും ആരാധകർ തന്നെന്ന് സിദാൻ കത്തില് കുറിച്ചു
ക്ലബ് വിടാനുള്ള കാരണം അറിയിച്ചുകൊണ്ട് ആരാധകർക്ക് തുറന്ന കത്തെഴുതി മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ക്ലബ് വിട്ട് ഒരാഴ്ച്ചക്ക് ശേഷമാണ് ഫ്രഞ്ച് ഇതിഹാസം മൗനം വെടിയുന്നത്. സ്പാനിഷ് വാർത്താ മാധ്യമമായ എ.എസിലൂടെയാണ് സിദാന്റെ കത്ത് പുറത്ത് വന്നത്.
ക്ലബിന് തന്നിൽ മതിയായ വിശ്വാസമില്ലെന്ന് തോന്നിയതിനാലാണ് റയൽ വിടാൻ തീരുമാനിച്ചതെന്ന് സിനദിൻ സിദാൻ പറഞ്ഞു. തന്റെ തന്ത്രങ്ങൾ ക്ലബിന് ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടു. ദീർഘ കാലാടിസ്ഥാനത്തിൽ താൻ ആസൂത്രണം ചെയ്യുന്ന പദ്ധതിക്ക് വേണ്ട വിധിത്തിലുള്ള പിന്തുണ ക്ലബിൽ നിന്ന് ലഭിച്ചില്ലെന്നും സിദാൻ പറയുന്നു.
ഫുട്ബോളിനെ കുറിച്ച് തനിക്ക് നന്നായി അറിയാം. റയൽ മാഡ്രിഡ് പോലൊരു ക്ലബിന് വേണ്ടതെന്തെന്നും അറിയാം. എന്നാൽ വിജയിക്കാൻ കഴിയില്ലെന്ന് മനസിലായാൽ പുറത്ത് പോകണമെന്നും തനിക്ക് അറിയാമെന്ന് സിദാൻ പറഞ്ഞു.
രണ്ട് പതിറ്റാണ്ടായി മാഡ്രിഡിൽ ചെലവഴിച്ച തനിക്ക് വലിയ തരത്തിലുള്ള സ്നേഹവും പിന്തുണയും ആരാധകർ തന്നെന്ന് സിദാൻ കുറിച്ചു. തങ്ങൾക്കിടയിൽ പ്രത്യേകമായ എന്തോ ഒരു ബന്ധമുള്ളതായി തോന്നിയിരുന്നു. റയലിന്റെ കളിക്കാരനായും പരിശീലകനായും എത്താൻ സാധിച്ചത് അഭിമാനകരമായ നേട്ടമായി കരുതുന്നതായും, എല്ലാത്തിനുമുപരിയായി മറ്റൊരു റയൽ ആരാധകനാണ് താനെന്നും സിദാൻ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്നും പുറത്ത് പോകുന്നത്. 2016-2018 കാലഘട്ടത്തിൽ റയൽ കോച്ചായിരുന്ന സിദാൻ, പത്ത് മാസങ്ങൾക്ക് ശേഷം 2019ലാണ് തിരികെ ടീമിലെത്തിയത്. 2001 മുതൽ 2006 വരെ റയൽ ജേഴ്സിയിൽ കളത്തിലിറങ്ങിയിരുന്നു സിദാൻ.