India
Supreme Court will hear the Gyanvapi Masjid case on April 14

ഗ്യാൻവാപി മസ്ജിദ് 

India

റമദാനായതിനാൽ ഗ്യാൻവാപി മസ്ജിദ് കേസ് ഉടൻ പരിഗണിക്കണമെന്ന് അപേക്ഷ, ഏപ്രിൽ 14ന് കേൾക്കാമെന്ന് സുപ്രിംകോടതി

Web Desk
|
6 April 2023 2:39 PM GMT

ഗ്യാൻവാപി ഹരജികളെല്ലാം ഒന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഏപ്രിൽ 21ന്‌ കേൾക്കാൻ സുപ്രിംകോടതി നേരത്തെ സമ്മതിച്ചിരുന്നു

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസ് ഏപ്രിൽ 14ന് കേൾക്കാമെന്ന് സുപ്രിംകോടതി. സീനിയർ അഭിഭാഷകൻ ഹുസേഫാ അഹ്മദി കേസ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവർക്ക് മുമ്പാകെ വ്യാഴാഴ്ച കേസ് ഉന്നയിച്ചതോടെയാണ് തീരുമാനം. അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് എന്ന ഗ്യാൻവാപിയുടെ കമ്മിറ്റിക്ക് വേണ്ടിയാണ് ഇദ്ദേഹം ഹാജരായത്. വിശ്വാസികളുടെ വിശുദ്ധ മാസം റമദാൻ വന്നതിനാൽ കേസ് പെട്ടെന്ന് പരിഗണിക്കണമെന്ന് അഹ്മദി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കേസ് 14ന് പരിഗണിക്കുന്നത്.

കഴിഞ്ഞ വർഷം മേയിൽ മസ്ജിദിൽ നടത്തിയ സർവേയിൽ 'ശിവലിംഗം' കണ്ടെത്തിയതായി ആരോപണം ഉയർന്നിരുന്നു. നമസ്‌കാരത്തിന് മുമ്പ് അംഗവിശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന വുദുഖാനയിൽ നിന്ന് ഇത് കണ്ടെടുത്തുവെന്നാണ് ആരോപണം. എന്നാൽ അത് വാട്ടർ ഫൗണ്ടയ്‌നണെന്നാണ് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയത്.

സർവേയെ തുടർന്ന് വാരണാസി കോടതി സ്ഥലം സീൽ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഗ്യാൻവാപി മസ്ജിദ് കോംപ്ലക്‌സിനകത്തായി പടിഞ്ഞാറേ മതിലിന് പിറകിലായി ഹിന്ദു ദേവാലയമുണ്ടെന്നും അവിടെ സ്ഥിരം പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചു ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു വാരണാസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി. തുടർന്ന് 2022 മേയ് 17ന് വാരണാസി കോടതിയുടെ ഉത്തരവ് നിലനിർത്തി മസ്ജിദിലേക്കുള്ള പ്രവേശനം സുപ്രിംകോടതി നിയന്ത്രിച്ച് ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു. 2022 മേയ് 20ന് സുപ്രിംകോടതി കേസ് വീണ്ടും വാരണാസി ജില്ലാ കോടതി കേൾക്കണമെന്ന് നിർദേശിച്ചു. വൈകാരികമായ ഈ വിഷയവുമായി ബന്ധമുള്ള മുതിർന്ന പരിചയ സമ്പത്തുള്ള ജഡ്ജി കേസ് കേൾക്കണമെന്നായിരുന്നു നിർദേശത്തിന് പിറകിലെ കാരണം. മസ്ജിദ് കമ്മിറ്റിയുടെ പരിപാലനാവകാശ ഹരജി സി.പി.സിയുടെ റൂൾ 11, ഓർഡർ ഏഴ് പ്രകാരം പരിഗണിക്കണമെന്നും പറഞ്ഞു.

എന്നാൽ 2022 സെപ്തംബറിൽ മസ്ജിദ് കമ്മിറ്റിയുടെ പരിപാലനാവകാശ ഹരജി ജില്ലാ കോടതി തള്ളി. 1991ലെ പ്ലേസസ് ഓഫ് വർഷിപ് ആക്ട് പ്രകാരം ഇതിന് തടസ്സമില്ലെന്നും പറഞ്ഞു. അതേസമയം, 'ശിവലിംഗം' ശാസ്ത്രീയ പരിശോധന നടത്തണമെന്നും കാർബൺ ഡേറ്റിംഗ് നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയും വാരണാസി കോടതി തള്ളി. തുടർന്ന് വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടു. ശേഷം 'ശിവലിംഗ'ത്തിന്റെ കാലം നിർണയിക്കാൻ ആർക്കിയോളജിക്കൽ ഇന്ത്യയ്ക്ക് ഒരു അവസരം കൂടി നൽകാമെന്ന് കോടതി പറഞ്ഞു. ഏപ്രിൽ 17ന് മുമ്പായി മറുപടി നൽകാൻ അവസാന അവസരം നൽകുകയും ചെയ്തു. ഗ്യാൻവാപി ഹരജികളെല്ലാം ഒന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഏപ്രിൽ 21ന്‌ കേൾക്കാൻ സുപ്രിംകോടതി നേരത്തെ സമ്മതിച്ചിരുന്നു.

Supreme Court will hear the Gyanvapi Masjid case on April 14

Similar Posts