വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇനി 512 അംഗങ്ങളെ ചേർക്കാം
|വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷനുള്ള ആർക്കും ഈ സൗകര്യം ലഭിക്കും
വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഇനി 512 അംഗങ്ങളെ ചേർക്കാനുള്ള അവസരമൊരുങ്ങുന്നു. ഗൂഗിൾ ഡ്രൈവിൽ നിന്ന് വാട്‌സ് ആപ്പ് ചാറ്റുകൾ വീണ്ടെടുക്കാൻ അവസരമൊരുങ്ങുന്ന വിവരത്തിന് ശേഷമാണ് പുതിയ വാർത്ത. വാട്‌സ് ആപ്പ് നിരീക്ഷകരായ വാബെറ്റാഇൻഫോയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
512 അംഗങ്ങളെ ഉൾക്കൊള്ളുന്ന ലാർജ് വാട്‌സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള വിവരം കഴിഞ്ഞ മാസം വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ് എന്നിവയിൽ സൗകര്യം ലഭിച്ചിരുന്നില്ല. വളരെ കുറച്ച് ബെറ്റാ ടെസ്റ്റർമാർക്കാണ് ഈ സൗകര്യം കിട്ടിയിരുന്നത്. എന്നാൽ വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷനുള്ള ആർക്കും ഈ സൗകര്യം ലഭിച്ചിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ ഒപ്ഷൻ എല്ലാവർക്കും ലഭിക്കും. പക്ഷേ അപ്‌ഡേറ്റ് ചെയ്ത വാട്‌സ് ആപ്പ് വേർഷനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് മാത്രം.
വാട്സാപ് സുരക്ഷയ്ക്കായി വീണ്ടും കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുന്നതായി വാർത്തയുണ്ടായിരുന്നു. അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ തന്നെ മികച്ച സുരക്ഷ ഒരുക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നായിരുന്നു വിവരം. വാട്സാപ്പിന്റെ വരാനിരിക്കുന്ന ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പിക്കുകളിൽ ഈ മാറ്റം പ്രതീക്ഷിക്കാം. വാഹബീറ്റാഇൻഫോ റിപ്പോർട്ട് അനുസരിച്ച് മറ്റൊരു സ്മാർട് ഫോണിൽ നിന്ന് നിങ്ങളുടെ വാട്സാപ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ 'ഡബിൾ വെരിഫിക്കേഷൻ കോഡ്' ഫീച്ചറിൽ തന്നെ സ്ഥിരീകരണ കോഡിന്റെ മറ്റൊരു ഘട്ടം കാണിക്കുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ഒരു വാട്സാപ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനുള്ള ആദ്യ ശ്രമം വിജയിച്ചാൽ തന്നെ പ്രക്രിയ പൂർത്തിയാക്കാൻ മറ്റൊരു ആറക്ക കോഡ് ആവശ്യമാണെന്ന് നോട്ടിഫിക്കേഷൻ വരും. ആരെങ്കിലും വാട്സാപ്പിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ ഫോൺ നമ്പറിന്റെ ഉടമയ്ക്ക് മറ്റൊരു സന്ദേശവും അയയ്ക്കും.
അതേസമയം, വാട്‌സ്ആപ്പ് 'അൺഡു ഓപ്ഷൻ' ആപ്പിലേക്ക് എത്തിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അറിയാതെ ഡിലീറ്റ് ചെയ്തുപോയ സന്ദേശം ഈ ഫീച്ചർ ഉപയോഗിച്ച് തിരിച്ചെടുക്കാം. വാട്‌സ്ആപ്പിൽ, ഒരു സന്ദേശം 'ഡിലീറ്റ് ഫോർ മി' എന്ന രീതിയിൽ നീക്കം ചെയ്താൽ, കുറച്ച് സെക്കൻഡുകൾക്കുള്ളിൽ അത് തിരിച്ചെടുക്കാവുന്നതാണ്. സ്‌ക്രീനിന്റെ അടിയിൽ അതിനായുള്ള 'അൺഡു' ഓപ്ഷൻ ദൃശ്യമാകുമെന്ന് WABetaInfo പങ്കിട്ട സ്‌ക്രീൻഷോട്ട് സൂചിപ്പിക്കുന്നു, അതിൽ ടാപ്പുചെയ്യുന്നതിലൂടെ സന്ദേശം പുനഃസ്ഥാപിക്കപ്പെടും.
ജിമെയിൽ ആപ്പിൽ നിലവിൽ ഉള്ള 'അൺഡു' ഓപ്ഷന് സമാനമാണിത്. ഇതുപയോഗിച്ച്, നിങ്ങൾക്ക് ഒന്നുകിൽ സന്ദേശം സൂക്ഷിക്കാം അല്ലെങ്കിൽ സ്വീകർത്താവിന്റെ ഫോണിൽ നിന്നടക്കം സന്ദേശം ഇല്ലാതാക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. അതേസമയം, എല്ലാതരം ഡിലീറ്റഡ് മെസ്സേജുകളും ഈ സംവിധാനം വഴി തിരിച്ചെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.
വാട്സ് ആപ്പിൽ സന്ദേശം എഡിറ്റ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നതായും വിവരമുണ്ടായിരുന്നു. സന്ദേശം അയച്ചു കഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ ഡിലീറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഇപ്പോഴുണ്ട്. അതിന് പുറമേയാണ് പുതിയ ഒപ്ഷൻ വരുന്നത്. വാബെറ്റാഇൻഫോയാണ് വിവരങ്ങൾ പുറത്തുവിട്ടിരുന്നത്. നിലവിൽ വികസിപ്പിച്ചെടുത്ത എഡിറ്റ് സൗകര്യത്തിന്റെ സ്‌ക്രീൻ ഷോട്ട് ഇവർ പുറത്തുവിട്ടിരിക്കുകയാണ്. നാം അയച്ച സന്ദേശത്തിൽ അമർത്തിയാൽ ഇൻഫോ, കോപ്പി, എഡിറ്റ് എന്നീ ഒപ്ഷനുകൾ കാണിക്കുന്ന സ്‌ക്രീൻ ഷോട്ടാണ് ഇവർ പുറത്തുവിട്ടിരിക്കുന്നത്. സന്ദേശം ഡിലീറ്റ് ചെയ്യുന്നതിന് പകരം എഡിറ്റ് ചെയ്ത് അക്ഷരത്തെറ്റുകളും മറ്റു പിഴവുകളും തിരുത്താനാകുമെന്നതാണ് ഈ ഒപ്ഷന്റെ ഗുണം.
512 more members can be added to the WhatsApp group