കേരളത്തിൽ 5ജി; എവിടെയൊക്കെ ലഭിക്കും, സിം മാറ്റണോ?
|എയർടെലും കേരളത്തിൽ 5ജി സേവനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്
രാജ്യത്തിന്റെ 5ജിയിലേക്കുള്ള മാറ്റത്തിനൊപ്പം കേരളവും കടക്കുകയാണ്. കാത്തിരിപ്പിന് വിരാമമിട്ട് റിലയൻസ് ജിയോ ആണ് 5ജി കേരളത്തിൽ ലഭ്യമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സേവനം ഉദ്ഘാടനം ചെയ്തു. കൊച്ചിയിലും ഗുരുവായൂരിലുമാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാവുന്നത്. മറ്റന്നാൾ മുതൽ തിരുവനന്തപുരത്തും അടുത്ത മാസം മുതൽ കോഴിക്കോടും മലപ്പുറത്തും സേവനം ലഭ്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
സേവനം ലഭ്യമാകാൻ
രാജ്യത്ത് ജിയോയും എയർടെലും ആണ് നിലവിൽ 5ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇതിൽ വേഗത കൂടുതൽ ജിയോയുടെ 5ജിയ്ക്ക് ആണെന്നാണ് കമ്പനിയുടെ അവകാശവാദം. ട്രൂ 5ജി എന്നാണ് ജിയോ തന്നെ തങ്ങളുടെ 5ജിയെ വിളിക്കുന്നത്. 5ജിയിലൂടെ സെക്കൻഡിൽ 1 ജിബി വരെ വേഗം നൽകുമെന്നാണ് ജിയോ പറയുന്നത്. ജിയോ ഉപയോക്താക്കൾ 5ജി ലഭിക്കാൻ നിലവിലെ സിം കാർഡ് മാറ്റേണ്ടതില്ല. എന്നാൽ 5 ജി പിന്തുണയ്ക്കുന്ന ഫോൺ ഉണ്ടായിരിക്കണം.
സെറ്റിങ്സിൽ മൊബൈൽ നെറ്റ് വർക്ക് തുറക്കുക, ജിയോ സിം തിരഞ്ഞെടുത്ത് പ്രിഫേർഡ് നെറ്റ് വർക്ക് ടൈപ്പ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക, 3ജി, 4ജി, 5ജി ഓപ്ഷനുകൾ കാണാം. അതിൽ 5ജി തിരഞ്ഞെടുക്കുക, നെറ്റ് വർക്ക് സ്റ്റാറ്റസ് ബാറിൽ 4ജി എൽടിഇയുടെ സ്ഥാനത്ത് 5ജി ചിഹ്നം വരും. ജിയോ 5ജി ലഭിക്കുന്ന പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ ഉപഭോക്താക്കൾക്ക് മൈ ജിയോ ആപ്പ് വഴി എസ്എംഎസ് നോട്ടിഫിക്കേഷൻ ലഭിക്കും. 5ജി വെൽക്കം ഓഫറും അത് എങ്ങനെ ലഭിക്കും എന്നത് സംബന്ധിച്ച മറ്റ് വിവരങ്ങളും അതിൽ ഉണ്ടാവും.
2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിലും 5 ജി സേവനത്തിന് തുടക്കമിട്ടത്. എയർടെലും കേരളത്തിൽ 5ജി സേവനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്.