7.4 കോടി രൂപ വാർഷിക ശമ്പളം; ജോലി ഓഫറുമായി നെറ്റ്ഫ്ലിക്സ്
|പ്രൊഡക്ട് മാനേജർ-മെഷീൻ ലേണിംഗ് പ്ലാറ്റഫോം എന്ന തസ്തികയിലേക്കാണ് നിയമനം
ബിസിനെസ്സിന്റെ എല്ലാ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് എ.ഐ പ്രൊഡക്ട് മാനേജറെ നിയമിക്കുന്നു. പ്രൊഡക്ട് മാനേജർ-മെഷീൻ ലേണിംഗ് പ്ലാറ്റഫോം എന്നതാണ് തസ്തികയുടെ ഔദ്യോഗിക പേര്. ഈ ജോലി ലഭിക്കുന്നയാൾക്ക് മൂന്ന് ലക്ഷം ഡോളർ (എകദേശം 2.4 കോടി രൂപ) മുതൽ ഒമ്പത് ലക്ഷം ഡോളർ (എകദേശം 7.4 കോടി രൂപ) വരെ വാർഷിക ശമ്പളം ലഭിക്കും. നെറ്റഫ്ലിക്സിന്റെ കാലിഫോർണിയയിലെ ആസ്ഥാനത്തിലോ പടിഞ്ഞാറൻ മേഖലയിലോ ആയിരിക്കും നിയമനം ലഭിക്കുക.
നെറ്റ്ഫ്ലിക്സിന് 190 ലധികം രാജ്യങ്ങളിലായി 230 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഉള്ളടക്കം മികച്ചതാക്കുന്നതിനും ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട വ്യക്തിഗത സേവനം നല്‍കുന്നതിനും പേയ്മെന്റ് പ്രോസസ്സിംഗ് അടക്കമുള്ള വരുമാന കേന്ദ്രീകൃത സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കുമെന്ന് നെറ്റ്ഫ്ലിക്സ് അധികൃതർ പറഞ്ഞു.
ഇതിന് പുറമെ നെറ്റ്ഫ്ലിക്സിന്റെ ഗെയിം സ്റ്റുഡിയോയിലേക്ക് ടെക്നിക്കൽ ഡയക്ടർ തസ്തികയിലേക്കും ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ഇതിന് 650,000 ഡോളർ (എകദേശം 5 കോടി രൂപ) വാർഷിക ശമ്പളം ലഭിക്കും. ഈ ജോലിക്കും ആർട്ടഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള അറിവ് വേണം.