വാട്സ്ആപ്പിൽ പരസ്യം വന്നേക്കും; വ്യക്തമാക്കി വാട്സ്ആപ്പ് മേധാവി
|ബ്രസീലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വാട്സ്ആപ്പ് മേധാവി കാത്കാർട്ട് ഇക്കാര്യം പറഞ്ഞത്
വാട്‌സ്ആപ്പിലും പരസ്യം അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഉപയോക്താക്കളുടെ കടുത്ത എതിർപ്പ് മൂലം വാട്‌സ്ആപ്പിന് ഇതുവരെ പരസ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കാനായില്ല. എന്നാൽ എക്കാലവും പ്ലാറ്റ്‌ഫോം പരസ്യരഹിതമായിരിക്കില്ലെന്ന് വ്യക്തമാക്കുകയാണ് വാട്‌സ്ആപ്പ് മേധാവി വിൽ കാത്കാർട്ട്.
ആപ്പിന്റെ ചാറ്റ് വിൻഡോയിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് വാട്‌സ്ആപ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മറ്റിടങ്ങളിൽ പരസ്യങ്ങൾ വന്നേക്കുമെന്ന സൂചനയാണ് കാത്കാർട്ട് നൽകുന്നത്. ബ്രസീലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാത്കാർട്ട് ഇക്കാര്യം പറഞ്ഞത്. പ്രധാന ഇൻബോക്‌സിൽ പരസ്യങ്ങൾ കാണിക്കാൻ കമ്പനിക്ക് പദ്ധതിയില്ല. എന്നാൽ മറ്റിടങ്ങളിൽ കാണിച്ചേക്കാം. അത് ചിലപ്പോൾ വാട്‌സ്ആപ്പ് സ്റ്റാറ്റസുകൾക്കൊപ്പമോ ചാനൽ ഫീച്ചറിനൊപ്പമോ ആയിരിക്കാം.
ഉദാഹരണത്തിന് പണം നൽകാൻ തയ്യാറുള്ള ഉപയോക്താക്കൾക്ക് മാത്രമായുള്ള ഉള്ളടക്കങ്ങൾ നൽകുന്ന ചാനലുകൾക്ക് സബ്‌സ്‌ക്രിപ്ഷന് വേണ്ടി പണമീടാക്കാൻ സാധിക്കും. എങ്കിലും തങ്ങൾ ചാറ്റുകളിൽ പരസ്യം പ്രദർശിപ്പിക്കില്ലെന്ന് കാത്കാർട്ട് പറഞ്ഞു. മുമ്പും ഇത്തരത്തിൽ പരസ്യങ്ങൾ വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. കാത്കാർട്ട് തന്നെ ഇത്തരത്തിൽ പരസ്യങ്ങൾ കാണിച്ചേക്കുമെന്ന സൂചനയും നൽകിയിരുന്നു.