ആമസോണില്‍ നിന്ന് ഇനി ടിവിയും; അടുത്തമാസം പുറത്തിറങ്ങും
|ആമസോണിൽ നിന്ന് ഒരു ടിവി പുറത്തിറങ്ങുമ്പോൾ അതൊരു സാധാരണ ടിവിയാകാൻ പാടില്ലല്ലോ. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് വർഷമായി ആമസോൺ ഈ ടിവിയുടെ പണിപ്പുരയിലാണ്.
ആഗോള ഷോപ്പിങ് ഭീമനായ ആമസോണിൽ നിന്ന് പുതിയൊരു ഉത്പന്നം കൂടി പുറത്തുവരുന്നു. അലക്സ പുറത്തിറക്കി ഞെട്ടിച്ച കമ്പനിയിൽ നിന്ന് അടുത്തതായി പുറത്തുവരുന്നത് ഒരു ടി.വിയാണ്. ആമസോണിൽ നിന്ന് ഒരു ടിവി പുറത്തിറങ്ങുമ്പോൾ അതൊരു സാധാരണ ടിവിയാകാൻ പാടില്ലല്ലോ. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് വർഷമായി ആമസോൺ ഈ ടിവിയുടെ പണിപ്പുരയിലാണ്. അടുത്തമാസം ടിവി വിപണിയിലിറങ്ങുമെന്നാണ് സൂചന.
സാധാരണ ടിവികൾ സ്മാർ്ട്ടാക്കാൻ വേണ്ടി ആമസോൺ ഫയർ സ്റ്റിക്ക് വിപണിയിലുണ്ടെങ്കിലും ആദ്യമായാണ് ആമസോണിൽ നിന്ന് ഒരു സ്മാർട്ട് ടി.വി വരുന്നത്.
55 മുതൽ 75 ഇഞ്ച് വരെ വലിപ്പമാണ് ടിവിക്ക് പ്രതീക്ഷിക്കുന്നത്. ആമസോണിന്റെ എ.ഐ പേഴ്സണൽ അസിസ്റ്റന്റായ അലക്സ ടിവിയിൽ ലഭ്യമായിരിക്കും. ടി.വിയുടെ മറ്റു പ്രത്യേകതകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ആമസോൺ നേരിട്ടല്ല ടി.വി നിർമിക്കുന്നത്. ടി.സി.എല്ലാണ് ആമസോണിന് വേണ്ടി ടി.വി നിർമിക്കുക.
അതേസമയം അലക്സയിൽ അഡാപ്റ്റീവ് വോളിയം എന്ന പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പരിസരത്തെ ശബ്ദത്തിന്റെ അളവ് മനസിലാക്കി അതിനനുസരിച്ച് അലക്സയുടെ ശബ്ദം ശ്രമീകരിക്കുന്നതാണ് ഈ ടെക്നോളജി. പരിസരത്തെ ശബ്ദം വളരെ കൂടുതലാണ് എങ്കിൽ അലക്സയുടെ ശബ്ദം അതിനനുസരിച്ച് ഉയരും. അതേസമയം പരിസരം നിശബ്ദമാണെങ്കിൽ അലക്സ ശബ്ദം കുറയ്ക്കുമോ എന്നതിൽ വ്യക്തതയില്ല.