Tech
കൂടുതൽ സ്വകാര്യതാ ഫീച്ചറുകൾ, ആപ്പുകൾ വേഗത്തിൽ ലോഡ് ചെയ്യും; ആൻഡ്രോയിഡ് 12 ഗോ എഡിഷൻ ഗൂഗിൾ പുറത്തിറക്കി
Tech

കൂടുതൽ സ്വകാര്യതാ ഫീച്ചറുകൾ, ആപ്പുകൾ വേഗത്തിൽ ലോഡ് ചെയ്യും; ആൻഡ്രോയിഡ് 12 ഗോ എഡിഷൻ ഗൂഗിൾ പുറത്തിറക്കി

Web Desk
|
18 Dec 2021 9:21 AM GMT

മുൻ പതിപ്പുകളേക്കാൾ 30 ശതമാനം വേഗത്തിൽ ആൻഡ്രോയിഡ് 12 ഗോ എഡിഷനിൽ ആപ്പുകൾ തുറന്നുവരുമെന്ന് ഗൂഗിൾ പറയുന്നു

ആൻഡ്രോയിഡ് 12 ഗോ എഡിഷൻ ഗൂഗിൾ പുറത്തിറക്കി. കുറഞ്ഞ റാമും, സ്റ്റോറേജും, പ്രൊസസിങ് ശേഷിയുമുള്ള വില കുറഞ്ഞ ആൻഡ്രോയിഡ് ഫോണുകൾക്ക് വേണ്ടിയാണ് ഈ എഡിഷൻ ഓഎസ് ഉപയോഗിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ട് ആൻഡ്രോയിഡ് ഗോ എഡിഷന്.

ചില വലിയ മാറ്റങ്ങളോടുകൂടിയാണ് ആൻഡ്രോയിഡ് 12 ഗോ എഡിഷൻ എത്തുന്നത്. ആപ്പുകൾ വേഗത്തിൽ ലോഡ് ആക്കിയിട്ടുണ്ട്. കൂടുതൽ സ്വകാര്യതാ ഫീച്ചറുകൾ ഉൾപ്പെടുത്തി. ഫോൺ ഉപയോഗത്തെ ബാധിക്കാത്ത വിധത്തിൽ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തി. മുൻ പതിപ്പുകളേക്കാൾ 30 ശതമാനം വേഗത്തിൽ ആൻഡ്രോയിഡ് 12 ഗോ എഡിഷനിൽ ആപ്പുകൾ തുറന്നുവരുമെന്ന് ഗൂഗിൾ പറയുന്നു. ആനിമേഷനുകളും സുഗമമാവും. ആപ്പുകൾ തുറക്കുമ്പോൾ ഇനി ബ്ലാങ്ക് സ്‌ക്രീനിലേക്ക് നോക്കി നിൽക്കേണ്ടി വരില്ലെന്ന് ഗൂഗിൾ ഉറപ്പുനൽകുന്നു.

ഏറെനാളുകളായി ഉപയോഗിക്കാത്ത ആപ്പുകൾ നിഷ്‌ക്രിയമാക്കി ബാറ്ററി ലൈഫും, സ്റ്റോറേജും സംരക്ഷിക്കാനുള്ള സംവിധാനം പുതിയ ഒഎസിലുണ്ട്. കുറഞ്ഞ സ്റ്റോറേജുള്ള ഫോണുകളിൽ ഇത് ഏറെ ഉപയോഗപ്പെടും.

സ്റ്റോക്ക് ആൻഡ്രോയിഡിന്റെ ചെറുപതിപ്പ് ആയതിനാൽ തന്നെ സ്‌ക്രീനിലെ ഉള്ളടക്കങ്ങൾ ഇഷ്ടമുള്ള ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാൻ ഇതിൽ സാധിക്കും. ഫയലുകൾ കൈമാറുന്നതിനുള്ള നിയർബൈ ഷെയർ സംവിധാനവും ഇതിൽ എത്തിയിട്ടുണ്ട്.

സ്വകാര്യത ഫീച്ചറാണ് ഇതിൽ പ്രധാന മാറ്റങ്ങളിൽ ഒന്ന്. ഏത് ആപ്പുകളാണ് യൂസർ ഡാറ്റ പരിശോധിക്കുന്നത്, ഏതെല്ലാം പെർമിഷനുകൾ നൽകിയിട്ടുണ്ട് എന്നെല്ലാമുള്ള വിവരങ്ങൾ ആൻഡ്രോയിഡ് 12 ഗോ എഡിഷൻ കാണിക്കും. പ്രൈവസി ഡാഷ് ബോർഡും ഇതിൽ ലഭ്യമാണ്.

Related Tags :
Similar Posts