ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങള്‍; ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
|അകത്തു നുഴഞ്ഞുകയറി ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്ത് രഹസ്യവിവരങ്ങളും ചിത്രങ്ങളും പാസ്‌വേഡുകളുമെല്ലാം കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ക്കാകും
ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഹാക്കര്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ ചോര്‍ത്താനിടയുണ്ടെന്നാണു മുന്നറിയിപ്പ്. കേന്ദ്ര ഐ.ടി-ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം(സി.ഇ.ആര്‍.ടി-ഇന്‍) ആണു പുതിയ ബുള്ളറ്റിനില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആന്‍ഡ്രോയ്ഡിന്റെ 12, 12എല്‍, 13, 14 വേര്‍ഷനുകളിലാണ് ഹാക്കിങ് ആക്രമണത്തിനു കൂടുതല്‍ സാധ്യതയുണ്ടെന്ന് സി.ഇ.ആര്‍.ടി-ഇന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ മൂന്നു കോടിയിലേറെ പേര്‍ ഈ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളിലുള്ള ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകള്‍, എ.ആര്‍.എം-മീഡിയടെക്-ഇമാജിനേഷന്‍-ക്വാല്‍കോം ഉപകരണങ്ങള്‍ എന്നിവയിലൂടെയെല്ലാം ഹാക്കര്‍മാര്‍ക്കു നുഴഞ്ഞുകയറാനാകുമെന്നാണു മുന്നറിയിപ്പ്. നുഴഞ്ഞുകയറുക മാത്രമല്ല ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും നിങ്ങളുടെ രഹസ്യവിവരങ്ങളും സാമ്പത്തിക ഇടപെടലുകളുടെ പാസ്‌വേഡുകളും ചിത്രങ്ങളുമെല്ലാം കൈയിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് ആകും.
സാംസങ്, റിയല്‍മീ, വണ്‍പ്ലസ്, ഷവോമി, വിവോ ഉപയോക്താക്കളാണു കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. ഇതേക്കുറിച്ച് ഈ കമ്പനികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടസാധ്യത ഇല്ലാതാക്കാന്‍ വേണ്ട സുരക്ഷാ സോഫ്റ്റ്‌വെയറുകള്‍ ഇവര്‍ പുറത്തിറക്കിയിട്ടുണ്ടെന്നാണു വിവരം. അടുത്ത ആഴ്ചകളില്‍ എല്ലാ ആന്‍ഡ്രോയ്ഡുകളിലും ഇവര്‍ ഈ അപ്‌ഡേഷനുകള്‍ നടപ്പാക്കിയേക്കും.
നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിന്റെ സോഫ്റ്റ്‌വെയറില്‍ ഏറ്റവും പുതിയ അപ്‌ഡേഷന്‍ എത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ക്കു തന്നെ സ്വന്തമായി അറിയാനാകും. ഫോണിന്റെ സെറ്റിങ്‌സില്‍ പോയി സിസ്റ്റം എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. അതില്‍ കാണുന്ന സിസ്റ്റം അപ്‌ഡേറ്റില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ സിസ്റ്റം ഏറ്റവും പുതിയതാണോ എന്ന് അറിയാം. അല്ലെങ്കില്‍ പുതിയ അപ്‌ഡേറ്റ്‌സുകള്‍ കാണിക്കും. അപ്‌ഡേഷന്‍ ചെയ്ത് ഫോണിനെ കൂടുതല്‍ സുരക്ഷിതമായി നിലനിര്‍ത്താനാകും.
അല്‍പം കരുതല്‍ വേണം; അലംഭാവമരുത്
മേല്‍പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം ഫോണ്‍ സുരക്ഷ ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍ കൂടി പറയാം.
1. ഓട്ടോമാറ്റിക് അപ്‌ഡേറ്റ്‌സ് എനാബിള്‍ ചെയ്യുക
-ഫോണിന്റെ ഓപറേറ്റിങ് സിസ്റ്റവും ആപ്പുകളും എപ്പോഴും അപ്‌ഡേറ്റ് ചെയ്തുനിര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിനായി എപ്പോഴും പ്ലേസ്റ്റോറിലോ മറ്റോ പോയി അപ്‌ഡേറ്റ് ചെയ്തുവയ്‌ക്കേണ്ടതില്ല. സെറ്റിങ്‌സില്‍ പോയി ഓട്ടോമാറ്റിക് അപ്‌ഡേറ്റ്‌സ് എനാബിള്‍ ചെയ്തുവച്ചാല്‍ മതി. അങ്ങനെയാകുമ്പോള്‍ പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ സ്വയം അപ്‌ഡേറ്റ് ചെയ്യും.
2. വിശ്വസനീയവും സുരക്ഷിതവുമായ സ്രോതസുകളെ മാത്രം ആശ്രയിക്കുക
-പുതിയ ആപ്പുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അത് എവിടെനിന്നാണെന്ന കരുതല്‍ വേണം. സുരക്ഷിതരമായ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പുകള്‍ ആണോ എന്നു നോക്കണം. ഉദാഹരണത്തിന് ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആമസോണ്‍ ആപ്പ്‌സ്റ്റോര്‍, സാംസങ് ഗ്യാലക്‌സി സ്‌റ്റോര്‍, ഷവോമി ഗെറ്റ് അപ്‌ഡേറ്റ്‌സ്, എ.പി.എ പ്യൂവര്‍ എല്ലാം വിശ്വസിക്കാവുന്ന ആപ്പ് സ്റ്റോറുകളുടെ ഗണത്തിലുള്ളവയാണ്.
ഈ ശ്രദ്ധ ഉണ്ടായിട്ടില്ലെങ്കില്‍ നിങ്ങളുടെ ഫോണുകള്‍ അപകടത്തിലാകാനുള്ള സാധ്യതയും കൂടുതലാണ്. തേഡ് പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നുള്ള ആപ്പുകള്‍ ആണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ അവയില്‍ മാല്‍വെയറുകളുമുണ്ടാകാന്‍ സാധ്യതയേറെയാണ്.
3. ആപ്പ് പെര്‍മിഷന്‍ പരിശോധിക്കുക
-ഫോണിലെ ഓരോ ആപ്പിനും നല്‍കിയ അംഗീകാരങ്ങള്‍(permissions) നിര്‍ബന്ധമായും ഇടയ്ക്കിടെ ഉറപ്പുവരുത്തണം. പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അശ്രദ്ധമായി ഉപയോഗിച്ചാല്‍ നിങ്ങളുടെ രഹസ്യവിവരങ്ങള്‍ ഉള്‍പ്പെടെ കാണാനും ഉപയോഗിക്കാനും കൂടിയുള്ള അനുമതിയും നിങ്ങള്‍ നല്‍കിയിട്ടുണ്ടാകും. ഇത് ആപ്പ് സെറ്റിങ്‌സില്‍ ചെന്നു പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നന്നാകും.
4. എല്ലാ ലിങ്കിലും പോയി കൊത്തരുത്
-മെസേജുകളിലൂടെയോ ഇ-മെയില്‍ വഴിയോ എത്തുന്ന എല്ലാ ലിങ്കിലും പോയി ക്ലിക്ക് ചെയ്യുന്നവരുണ്ട്. അത്തരക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വ്യാജ സന്ദേശങ്ങള്‍ അയച്ചുള്ള വന്‍ തട്ടിപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. ഫോണിലേക്കു നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഹാക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു മാര്‍ഗം കൂടിയാണിത്. വാട്‌സ്ആപ്പ് വഴിയും ഇപ്പോള്‍ ഈ തട്ടിപ്പുകള്‍ വരുന്നുണ്ട്. വിശ്വാസയോഗ്യമായ ലിങ്കുകളില്‍ മാത്രമേ ക്ലിക്ക് ചെയ്യുന്നുള്ളൂ എന്ന കരുതല്‍ പ്രത്യേകം വേണം.
5. സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകള്‍ കരുത്ത് കൂട്ടും
-മേല്‍പറഞ്ഞ മുന്‍കരുതലുകള്‍ക്കൊപ്പം തന്നെ ഫോണിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. ഫോണില്‍ വൈറസുകള്‍ എത്തിയാലും എന്തെങ്കിലും അപായകരമായ നീക്കം നടന്നാലും അവ കണ്ടെത്തി പ്രതിരോധിക്കാന്‍ ഇവയ്ക്കാകും. അപ്പോഴും സുരക്ഷിതമായ ആന്റി വൈറസ് സോഫ്റ്റ്‌വെയറാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്നും ശ്രദ്ധിക്കണം.
Summary: Millions of Android users in India get major security warning from govt: Here’s what it says