Tech
Apple accused of restricting workers slack, social media use by US labor board, latest news malayalam, തൊഴിലാളികളുടെ സ്വകാര്യതയെയും അവകാശങ്ങളെയും നിയന്ത്രിക്കുന്നു; ആപ്പിളിനെ രൂക്ഷമായി വിമർശിച്ച് യുഎസ് ലേബർ റിലേഷൻസ് ബോർഡ്
Tech

തൊഴിലാളികളുടെ സ്വകാര്യതയും അവകാശങ്ങളും നിയന്ത്രിക്കുന്നു; ആപ്പിളിനെ രൂക്ഷമായി വിമർശിച്ച് യുഎസ് ലേബർ റിലേഷൻസ് ബോർഡ്

Web Desk
|
13 Oct 2024 8:33 AM GMT

തൊഴിലാളികൾക്ക് ​ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി നടപടികൾ ആപ്പിളിന്റെ ഭാ​ഗത്തുനിന്നുണ്ടായതായി ലേബർ ബോർഡ് കണ്ടെത്തി

മുൻനിര ടെക് നിർമാണ കമ്പനിയായ ആപ്പിളിനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ ലേബർ റിലേഷൻസ് ബോർഡ്. തൊഴിലാളികളുടെ സ്വകാര്യതയിൽ ഇടപെടുന്നുവെന്നും തൊഴിൽ ലംഘനങ്ങൾ നടത്തുന്നുവെന്നും കണ്ടെത്തിയതിനു പിന്നാലെയാണ് ആപ്പിളിനെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ ലേബർ റിലേഷൻസ് ബോർഡ് രം​ഗത്തുവന്നത്.

തൊഴിലാളികൾക്ക് ​ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി നടപടികൾ ആപ്പിളിന്റെ ഭാ​ഗത്തുനിന്നുണ്ടായതായി ബോർഡ് കണ്ടെത്തി. തൊഴിലാളികൾക്കായി കമ്പനി തയാറാക്കിയ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ 'സ്ലാക്' അനധികൃതമായി നിയന്ത്രിക്കുന്നു എന്നതാണ് ആപ്പിളിനെതിരായ കണ്ടെത്തലിൽ പ്രധാനപ്പെട്ടത്. ഇത് കൂടാതെ തൊഴിലാളികളുടെ എല്ലാ സോഷ്യൽ മീഡിയാ ഉപയോഗത്തിലും കമ്പനി കൈകടത്തുന്നുവെന്നും സ്ലാക്കിലൂടെ തൊഴിൽ സാഹചര്യങ്ങളിൽ മാറ്റം ആവശ്യപ്പെട്ടവരെ പിരിച്ചുവിടുകയും ചെയ്തതായും ലേബർ റിലേഷൻസ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്.

ഇങ്ങനെ കമ്പനിയുടെ ആപ്പിലൂടെ തൊഴിൽ സാഹചര്യത്തിൽ മാറ്റം ആവശ്യപ്പെട്ട ഒരു തൊഴിലാളിയോട് പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നതായും കണ്ടെത്തിയി. തൊഴിലാളികളോടുള്ള ആപ്പിളിന്റെ മോശം പെരുമാറ്റം കണ്ടെത്തുന്നത് ആദ്യമായല്ലെന്നും സമൂഹ മാധ്യമങ്ങളിൽ സ്വയം നിയന്ത്രണം ആവശ്യപ്പെട്ട് തൊഴിലാളികളോട് കരാർ ഒപ്പിടാൻ നിർബന്ധിച്ചത് ഇതിന്റെ ഭാ​ഗമാണെന്നും ലേബർ ബോർഡ് വ്യക്തമാക്കി.

അതേസമയം ഉയർന്നു വന്ന ആരോപണങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് ആപ്പിളിൽ നിന്നുണ്ടായത്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ആപ്പിൾ വാദിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളും ​ഗൗരവമായി പരി​ഗണിക്കുകയും പരാതിയിന്മേൽ കൃത്യമായ പരിശോധനകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന രീതിയാണ് തങ്ങളുടേതെന്നുമാണ് കമ്പനി നൽകുന്ന വിശദീകരണം.

മൂന്ന് വർഷം മുൻപ് ജനക് പെരിഷ് എന്ന തൊഴിലാളി നൽകിയ പരാതിയിലാണ് ലേബർ റിലേഷൻസ് ബോർഡിന്റെ വിമർശനം. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നവരെയെല്ലാം കമ്പനി പുറത്താക്കാൻ ശ്രമം നടത്താറുണ്ടെന്നും ഇത് തൊഴിൽ നിയമങ്ങളുടെയും തൊഴിലാളികളുടെ അവകാശങ്ങളുടെയും ​ഗുരുതരായ ലംഘനമാണെന്നും പെരിഷ് തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സുതാര്യമായ ജോലി സാഹചര്യങ്ങൾക്കായും, തുല്യവേതനത്തിനായും, കമ്പനിയിലെ വിവേചനത്തിനെതിരെയും പെരിഷ് മുമ്പും നിരവധി പ്രതിഷേധങ്ങളുമായി രം​ഗത്തുവന്നിരുന്നു.

Similar Posts