ആപ്പിളിലൊരു ജോലിയാണോ സ്വപ്നം; ഈ ഗുണങ്ങൾ നിർബന്ധമായും വേണമെന്ന് ടിം കുക്ക്
|ഒരു കുട്ടിയെപ്പോലെ ചോദ്യങ്ങൾ ചോദിക്കുന്നവരെ തനിക്ക് ഇഷ്ടമാണെന്ന് കുക്ക് പറഞ്ഞു
കാലിഫോർണിയ: ലോകത്തിലെ ഏറ്റവും മികച്ച ടെക് കമ്പനികളിലൊന്നാണ് ആപ്പിൾ എന്നതിൽ സംശയമില്ല. ഓരോ ടെക്കിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ആപ്പിളിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരാണ്. പലരുടെയും സ്വപ്ന ജോലിയായിരിക്കും ഇത്. പക്ഷേ വെറുതെ ആഗ്രഹമുണ്ടായിട്ട് കാര്യമില്ല.. ഈ ഗുണങ്ങൾ കൂടി നിങ്ങൾക്ക് വേണമെന്നാണ് ആപ്പിൾ സി.ഇ.ഒ ടിംകുക്ക് പറയുന്നത്. പ്രധാനമായും നാല് സ്വഭാവ സവിശേഷതകളാണ് ആപ്പിളിലെ ജീവനക്കാരന് വേണ്ടതെന്ന് ടിം കുക്ക് പറയുന്നത്. ഒരു ഇറ്റാലിയൻ സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് കുക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
ഉദ്യോഗാർഥികളിൽ വേണ്ട ഒന്നാമത്തെ ഗുണം സഹകരണ മനോഭാവമാണെന്ന് കുക്ക് പറയുന്നു. ടീമുമായും മറ്റ് ജീവനക്കാരുമായും യോജിച്ച് പ്രവർത്തിക്കുന്നതിന് ഇത് പ്രധാനമാണ്. വ്യക്തിഗത സംഭാവനകൾ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ നമ്മളെ കൂടാതെ മറ്റൊരാളുമായി ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഒരുപക്ഷേ അതിശയകരമായ ആശയങ്ങൾ ഉരുത്തിരിഞ്ഞു വന്നേക്കാം. ചെറിയ ടീമുകൾക്ക് അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്യോഗാർഥികളിൽ രണ്ടാമത് വേണ്ട ഗുണം ക്രിയാത്മകമായി ചിന്തിക്കാനുള്ള കഴിവാണ്. ഞങ്ങൾ വ്യത്യസ്തമായി ചിന്തിക്കുന്ന ആളുകളെയാണ് നോക്കുന്നത്. ഏതൊരു പ്രശ്നത്തെയും വളരെ ലളിതമായും ക്രിയാത്മകമായും സമീപിക്കാനും പരിഹരിക്കാനും കഴിവുള്ളവരെയാണ് കമ്പനിക്ക് വേണ്ടതെന്നും സി.ഇ.ഒ പറഞ്ഞു. എന്ത് പ്രശ്നമുണ്ടായാലും അതിനെ വിവിധ കോണിൽ നിന്നും നോക്കി അവരുടെ സർഗാത്മകമായ കഴിവുകൾ ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്തുന്നതിനും കഴിവുള്ളവരെയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച ഉദ്യോഗാർഥിക്ക് വേണ്ട മറ്റൊരു പ്രധാനപ്പെട്ട ഗുണം ജിജ്ഞാസ നിറഞ്ഞ മനസ്സാണെന്ന് ടിം കുക്ക് പറയുന്നു. തെറ്റാണെങ്കിലും ശരിയാണെങ്കിലും ധാരാളം ചോദ്യങ്ങൾ ചോദിക്കാനും കാര്യങ്ങളെ കുറിച്ച് അറിയാനുള്ള ജിജ്ഞാസയും വേണം.ഒരു കുട്ടിയെ പോലെ ആരെങ്കിലും ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിന് ഉത്തരം നൽകാൻ ആ വ്യക്തിക്ക് മേലുണ്ടാകുന്ന സമ്മർദം അതിശയകരമാണെന്നും കുക്ക് പറയുന്നു. ഒരു കുട്ടിയെപ്പോലെ ചോദ്യങ്ങൾ ചോദിക്കുന്നവരെ തനിക്ക് ഇഷ്ടമാണെന്ന് കുക്ക് പറഞ്ഞു. "
കമ്പനിക്ക് വേണ്ട നാലാമത്തെയും അവസാനത്തെയും ഗുണം ചെയ്യുന്ന ജോലിയെ കുറിച്ചുള്ള സാമാന്യമായ അറിവാണ്.ഉദ്യോഗാർഥിക്ക് ജോലിയെ കുറിച്ച് അറിവുള്ളവരും ആവശ്യമായ വൈദഗ്ധ്യവും വേണമെന്നും അദ്ദേഹം പറയുന്നു.
ചുരുക്കത്തിൽ, ഈ ഗുണങ്ങളാണ് ആപ്പിൾ ഉദ്യോഗാര്ഥികളില് നിന്ന് തേടുന്നതെന്നും ഇത് ഒരു മികച്ച പാചകക്കുറിപ്പാണെന്നും കുക്ക് പറഞ്ഞു.