Tech
വരുന്നൂ, ആപ്പിൾ ഐ ഫോൺ 15; സെപ്തംബർ 13ന് ലോഞ്ചിങ്
Tech

വരുന്നൂ, ആപ്പിൾ ഐ ഫോൺ 15; സെപ്തംബർ 13ന് ലോഞ്ചിങ്

Web Desk
|
5 Aug 2023 10:27 AM GMT

മുൻ സീരീസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾ പുതിയ മോഡലിനുണ്ട്

ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസായ ഐ ഫോൺ 15 ന്റെ ലോഞ്ചിങ് സെപ്തംബർ 13നെന്ന് റിപ്പോര്‍ട്ട്. 9to5Mac ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഐ ഫോൺ 15, ഐ ഫോൺ 15 പ്ലസ്, ഐ ഫോൺ 15 പ്രോ, ഐ ഫോൺ 15 പ്രോ മാക്‌സ് ഫോണുകളാണ് ഈ വർഷമെത്തുക. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഐ ഫോൺ 14ന് മികച്ച വരവേൽപ്പാണ് ലഭിച്ചിരുന്നത്. 2022 സെപ്തംബർ ഏഴിനായിരുന്നു ലോഞ്ചിങ്.

സെപ്തംബർ 13ന് എല്ലാവരോടും ജോലിക്ക് ഹാജരാകാൻ ആപ്പിൾ നിർദേശം നൽകിയതായി 9to5Mac റിപ്പോർട്ടിൽ പറയുന്നു. സെപ്തംബർ 15 മുതൽ ഫോൺ പ്രീ ഓർഡർ ചെയ്യാം. 22 മുതൽ സ്റ്റോറുകളിൽ ലഭ്യമാകുമെന്നും റിപ്പോർട്ടിലുണ്ട്.

മുൻ സീരീസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾ പുതിയ മോഡലിനുണ്ടാകും. ആപ്പിൾ യുഎസ്ബി ടൈപ് സി ചാർജിങ് പോർട്ടുകളാണ് പ്രധാന സവിശേഷത. ഫോണിന്റെ അരികുകൾ സ്‌റ്റെയിൻലസ് സ്റ്റീലിന് പകരം ടൈറ്റാനിയം ഉപയോഗിച്ചാകും നിർമിക്കുക. അതു കൊണ്ടു തന്നെ വിലയിൽ വലിയ വർധന പ്രതീക്ഷിക്കാം.

യൂറോപ്യൻ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടർന്നാണ് ലൈറ്റ്‌നിങ് പോർട്ടുകൾക്ക് പകരം ടൈപ് സി പോർട്ടുകൾ കമ്പനി അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേയുടെ ഡിസൈനിലും മാറ്റത്തിന് പദ്ധതിയുണ്ട്. ലോ ഇഞ്ചക്ഷൻ പ്രഷർ ഓവർ മോൾഡിങ് അഥവാ ലിപോ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ ആണ് അണിയറയിൽ ഒരുങ്ങുന്നത്. ഐഫോൺ വാച്ച് സീരീസ് 7ൽ ലിപോ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്.

ഐ ഫോൺ 14നേക്കാൾ പുതിയ സീരീസിന് ഡിമാൻഡ് കുറവാകുമെന്ന് ആപ്പിൾ അനാലിസ്റ്റായ മിങ് ചി കുവോ പ്രവചിക്കുന്നു. അതേസമയം, 15 പ്രോക്ക് നൂറു ഡോളറിന്റെയും 15 പ്രോ മാക്‌സിന് 200 ഡോളറിന്റെയും വിലവർധന പ്രതീക്ഷിക്കപ്പെടുന്നു. ഐഫോൺ 15ന് ഇന്ത്യയിൽ ഏകദേശം 1,44,900 രൂപയാണ് പ്രതീക്ഷിക്കുന്ന വില.




Similar Posts