ആപ്പിൾ ഇന്ത്യയിൽ റിട്ടൈൽ സ്‌റ്റോർ തുടങ്ങുന്നു; ജീവനക്കാരെ തേടുന്നതായി റിപ്പോർട്ട്
|ഒരു സാധാരണ ആപ്പിൾ സ്‌റ്റോറിൽ തന്നെ 100 ജീവനക്കാരുണ്ടാകാറുണ്ട്
മൊബൈൽ നിർമാണ രംഗത്തെ വമ്പന്മാരായ ആപ്പിൾ ഇന്ത്യയിൽ റിട്ടൈൽ സ്‌റ്റോർ ജീവനക്കാരെ തേടുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പനി സ്‌റ്റോറുകൾ തുറക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ പറഞ്ഞു. ബിസിനസ് വിദഗ്ധൻ, ഓപ്പറേഷൻസ് വിദഗ്ധൻ, സാങ്കേതിക വിദഗ്ധൻ, സീനിയർ മാനേജർ, സ്‌റ്റോർ ലീഡർ തുടങ്ങിയവരെ കമ്പനിക്ക് ഇന്ത്യയിൽ വേണമെന്നാണ് ആപ്പിൾ കരിയർ പേജിൽ പറയുന്നത്.
ഒരു സാധാരണ ആപ്പിൾ സ്‌റ്റോറിൽ തന്നെ 100 ജീവനക്കാരുണ്ടാകാറുണ്ട്. പ്രധാന സ്ഥലങ്ങളിൽ ആയിരത്തോളം ജീവനക്കാരുണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. മുംബൈ, ന്യൂഡൽഹി തുടങ്ങിയ ഇടങ്ങളിലാണ് സ്‌റ്റോറുകൾ തുറക്കുന്നത്. ഇവിടങ്ങളിലെ സ്‌റ്റോറുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേർ ഈ വിവരം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചിട്ടുണ്ട്.
വളരെ വേഗത്തിൽ വളരുന്ന സ്മാർട്ട് ഫോൺ മാർക്കറ്റായ ഇന്ത്യയിൽ റിട്ടൈൽ സ്‌റ്റോറുകൾ തുറക്കാൻ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൾ നേരത്തെ പദ്ധതിയിട്ടിരുന്നു. 2020 മുതൽ കമ്പനി ഓൺലൈനായി ഡയറക്ട് വിൽപ്പന നടത്തുന്നുണ്ട്.
Apple is reportedly looking for retail store employees in India