കാത്തിരിപ്പിന് വിട; ഡിസംബറോടെ ഐഫോണിലും സാംസങിലും 5ജി
|നിലവിൽ എയർടെലാണ് വാണിജ്യാടിസ്ഥാനത്തിൽ 5 ജി സേവനം ലഭ്യമാക്കിയിട്ടുള്ളത്
മൊബൈലുകളിൽ 5ജി സേവനത്തിനാവശ്യമായ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ഡിസംബറോടെ പൂർത്തിയാക്കുമെന്ന് ആപ്പിൾ, സാംസങ് ഇലക്‌ട്രോണിക്‌സ് കമ്പനികൾ. രാജ്യത്ത് 5ജി സേവനം പ്രഖ്യാപിക്കപ്പെട്ടതോടെ ഈ സൗകര്യം ഏർപ്പെടുത്താൻ മൊബൈൽ ഫോൺ നിർമാതാക്കളെ അധികൃതർ നിർബന്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമ്പനികൾ 5ജി സേവനം ലഭ്യമാക്കുന്ന തിയ്യതി പ്രഖ്യാപിച്ചത്.
5ജി സേവനം ലഭിക്കാത്ത ഐഫോൺ 14, ഐഫോൺ 13, ഐഫോൺ 12, ഐഫോൺ എസ്.ഇ എന്നിവയുടെ സോഫ്റ്റ്‌വെയറുകളാണ് നവീകരിക്കുകയെന്ന് കമ്പനി ബുധനാഴ്ച വ്യക്തമാക്കി. നവംബർ പകുതിയോടെ തങ്ങൾ 5ജി സേവനത്തിനായി സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ നടത്തുമെന്നാണ് സാംസങ് ഇന്ത്യയുടെ അറിയിപ്പ്.
ബുധനാഴ്ച ചേർന്ന ടെലികോം-ഐടി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിവിധ മൊബൈൽ ഫോൺ കമ്പനികളോട് ഉടൻ 5ജി സൗകര്യം കൊണ്ടുവരാൻ നിർദേശിച്ചിരുന്നു. ആപ്പിൾ, സാംസങ്, വിവേ, ഷിവോമി എന്നീ മൊബൈൽ ഫോൺനിർമാതാക്കൾക്കും റിലയൻസ് ജിയോ, എയർടെൽ, വെഡാഫോൺ ഐഡിയ എന്നീ മൊബൈൽ സേവന ദാതാക്കൾക്കുമാണ് നിർദേശം നൽകിയിരുന്നത്. 5ജി സേവനം ലഭ്യമാക്കുന്നതിലെ തടസ്സം ചർച്ച ചെയ്യാൻ ടെലികോം, ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയങ്ങൾ ഉടൻ യോഗം ചേരും.
നിലവിൽ എയർടെലാണ് വാണിജ്യാടിസ്ഥാനത്തിൽ 5 ജി സേവനം ലഭ്യമാക്കിയിട്ടുള്ളത്. ജിയോ ബീറ്റ ട്രയൽ നടത്തിയിട്ടേയുള്ളൂ. രാജ്യത്ത് 5 ജി സേവനം ലഭ്യമാക്കുമെന്ന് ഒക്‌ടോബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഭാരതി എയർടെൽ എട്ടും റിലയൻസ് ജിയോ നാലും നഗരങ്ങളിൽ 5ജി സൗകര്യം ഏർപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. 8 നഗരങ്ങളിൽ 5ജി സേവനം മെച്ചപ്പെട്ട നിലയിൽ പുരോഗമിക്കുന്നതായി എയർടെൽ അറിയിച്ചിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരാണസി എന്നിവിടങ്ങളിലാണ് സർവീസ് തുടങ്ങിയതെന്നും എയർടെൽ അറിയിച്ചു. 5ജി സേവനം പ്രയോജനപ്പെടുത്തുന്നവർ 4ജി പ്ലാനിന് വരുന്ന ചാർജ് നൽകിയാൽ മതി. ഏത് 5ജി മൊബൈൽ ഹാൻഡ് സെറ്റിലും നിലവിലെ സിം ഉപയോഗിച്ച് തന്നെ ഉപഭോക്താവിന് 5ജി സേവനം ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
5ജി സിഗ്നൽ ലഭിക്കുന്നവർക്ക് 5ജിയിലേക്ക് മാറാം. എന്നാൽ ഡേറ്റയുടെ ഉപഭോഗം കൂടുതലാണ് എന്ന് തോന്നിയാൽ 4ജിയിലേക്ക് മാറാനുള്ള ഓപ്ഷനുമുണ്ട്. വരിക്കാരന്റെ സ്വാതന്ത്ര്യം അനുസരിച്ച് 5ജി തെരഞ്ഞെടുക്കാം. ഇതിൽ നിർബന്ധബുദ്ധിയില്ലെന്നും കമ്പനി അറിയിച്ചു.
Apple, Samsung Electronics companies to complete software update required for 5G service in mobiles by December