ആ ഫീച്ചറും കോപ്പിയടി; ആപ്പിൾ സ്‍മാർട്ട് വാച്ചുകൾ വിപണിയിലെത്തില്ല, വിലക്ക് തുടരും
|വൈദ്യശാസ്ത്ര ഉപകരണ നിര്‍മാതാക്കളായ മാസിമോ നൽകിയ പരാതിയിലാണ് ആപ്പിൾ വാച്ചുകൾക്ക് അമേരിക്കയിൽ വിലക്ക് ഏർപ്പെടുത്തിയത്
ഏറ്റവും പുതിയ സീരീസ് 9, അള്‍ട്രാ 2 സ്മാര്‍ട്ട് വാച്ചുകള്‍ ആഘോഷമായാണ് ആപ്പിൾ വിപണിയിൽ എത്തിച്ചത്. നിരവധി ഫീച്ചറുകൾക്കൊപ്പം രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാനുള്ള സാങ്കേതികവിദ്യയും ആപ്പിൾ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ ഫീച്ചർ ഒരു പൊല്ലാപ്പായിരിക്കുകയാണ് കമ്പനിക്ക്. പുതിയ വാച്ചുകൾ വില്പനക്ക് എത്തിച്ചതിന് പിന്നാലെ വൈദ്യശാസ്ത്ര ഉപകരണ നിര്‍മാതാക്കളായ മാസിമോ ആപ്പിളിനെതിരെ രംഗത്തെത്തി.
രക്തത്തിലെ ഓക്‌സിജന്‍ അളവ് പരിശോധിക്കുന്ന സെന്‍സറുകളുമായി ബന്ധപ്പെട്ട പേറ്റന്റ് അവകാശം ലംഘിച്ചുവെന്നായിരുന്നു പരാതി. തങ്ങളുടെ പള്‍സ് ഓക്‌സിമീറ്റര്‍ അടക്കമുള്ള ഉപകരണങ്ങളില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവു നോക്കാനായി ഉപയോഗിക്കുന്ന SpO2 സെന്‍സിങ് സാങ്കേതികവിദ്യ ആപ്പിൾ മോഷ്ടിച്ചുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന്, യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷൻ (ഐടിസി) സീരീസ് 9, അള്‍ട്രാ 2 ആപ്പിൾ സ്മാർട്ട് വാച്ചുകൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.
ഇറക്കുമതിക്കും വില്പനക്കുമാണ് അമേരിക്കയിൽ വിലക്ക്. നടപടി വൈകിപ്പിക്കണമെന്ന് ആപ്പിൾ അപേക്ഷ നൽകിയെങ്കിലും ഐടിസി അത് തള്ളുകയായിരുന്നു. വിലക്ക് വന്നതോടെ ഡിസംബർ 24 മുതൽ അമേരിക്കയിൽ വാച്ച് സീരീസ് 9, അള്‍ട്ര 2 മോഡലുകളുടെ വിൽപന നിർത്തിവെക്കുമെന്ന് ആപ്പിൾ അറിയിച്ചിരുന്നു. ഡിസംബർ 26 മുതലാണ് വിലക്ക് നിലവിൽ വരിക. ഇന്ത്യയിലടക്കം മറ്റുരാജ്യങ്ങളിൽ ഈ വാച്ചുകൾ ലഭ്യമാകും.
ഈ വര്‍ഷം പുറത്തിറങ്ങിയ എസ്ഇ2 ബജറ്റ് ആപ്പിള്‍ വാച്ചുകള്‍ക്കെതിരെ ഇത്തരത്തിൽ ആരോപണങ്ങളൊന്നും ഉയർന്നിരുന്നില്ല. രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കുന്ന സെന്‍സര്‍ ഈ മോഡൽ വാച്ചിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് കാരണം. സാങ്കേതികവിദ്യ ആപ്പിൾ ദുരുപയോഗം ചെയ്തുവെന്നും തങ്ങളുടെ ചില ജീവനക്കാരെ വേട്ടയാടിയിരുന്നതായും മാസിമോ പരാതിയിൽ പറയുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം തന്നെ ആപ്പിൾ നിഷേധിക്കുകയാണുണ്ടായത്.
അതേസമയം, വിലക്ക് തടയണമെന്ന അപേക്ഷ ഐടിസി തള്ളിയതോടെ വാച്ചുകളെ തിരികെ വിപണിയിൽ എത്തിക്കാനുള്ള വഴികൾ തിരയുകയാണ് ആപ്പിൾ. സോഫ്റ്റ്‌വെയറുകളിൽ മാറ്റം വരുത്തി അവതരിപ്പിക്കാനാണ് നീക്കം. ഐടിസി വിലക്ക് ഏർപ്പെടുത്തിയെങ്കിലും അന്തിമ തീരുമാനം പ്രസിഡന്റ് ജോ ബൈഡന്റെതാണ്. ഐടിസിയുടെ വിലക്ക് വീറ്റോ ചെയ്യാനുള്ള അധികാരം ബൈഡനുണ്ട്. ആപ്പിളിന്റെ 17 ബില്യൺ ഡോളറിന്റെ സ്മാർട്ട് വാച്ച് ബിസിനസാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ ഇടപെടലിൽ ഉറ്റുനോക്കുകയാണെങ്കിലും വിലക്ക് പിൻവലിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.