Tech
ഇന്ത്യയിൽ ഐഫോണിന് വില കുറയും?; രാജ്യത്ത് ഉത്പാദനം വർദ്ധിപ്പിക്കാൻ ആപ്പിൾ
Tech

ഇന്ത്യയിൽ ഐഫോണിന് വില കുറയും?; രാജ്യത്ത് ഉത്പാദനം വർദ്ധിപ്പിക്കാൻ ആപ്പിൾ

Web Desk
|
17 Jan 2023 1:22 PM GMT

ഐഫോൺ 15 ചൈനയിൽ പരീക്ഷണ ഉത്പാദനം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്, ചൈനയിലും ഇന്ത്യയിലും ഒരേസമയം ഉത്പാദനം ആരംഭിച്ചേക്കും

രാജ്യത്തെ സ്മാർട്ട്‌ഫോൺ മാർക്കറ്റിൽ ഐഫോൺ അതിന്റെ പിടിമുറുക്കാൻ തുടങ്ങിയിട്ട് നാള് കുറച്ചായി. അതിനിടെയാണ് ഇടിത്തീ പോലെ കോവിഡ് വന്ന് പതിച്ചത്. കോവിഡ്-19 മഹാമാരിയും അത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും രാജ്യത്ത് ബിസിനസുകളെയും ഉത്പാദന പ്ലാന്റുകളെയും കാര്യമായി തന്നെ ബാധിച്ചു. ഇലക്ട്രോണിക് മേഖലയാണ് ഇതിൽ ഭീമമായ നഷ്ടം സഹിക്കേണ്ടിവന്നത്. ഐഫോൺ ഉത്പാദനത്തിൽ ആപ്പിൾ കൂടുതലും ആശ്രയിച്ചിരുന്നത് ചൈനയെ തന്നെയായിരുന്നു. 2027 ആകുമ്പോഴേക്ക് 50 ശതമാനം ഫോണുകളും ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.

നിലവിൽ ആകെ ഐഫോണുകളുടെ 5 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഐഫോൺ 14 സീരീസിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ആപ്പിൾ ഈ വർഷം ശ്രമങ്ങൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 2025 ആകുമ്പോഴേക്കും ഇന്ത്യയിൽ ഐഫോൺ ഉൽപ്പാദനം മൊത്തം ആഗോള ഉൽപ്പാദനത്തിന്റെ 25 ശതമാനത്തിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ 2027-ഓടെ ലോകത്തെ രണ്ടിലൊന്ന് ഐഫോണുകൾ ഇന്ത്യ ഉൽപ്പാദിപ്പിച്ചേക്കാമെന്ന് തായ്വാനിലെ ഡിജിടൈംസ് പത്രത്തിന്റെ ഗവേഷണ വിഭാഗത്തിലെ അനലിസ്റ്റായ ലൂക്ക് ലിൻ അഭിപ്രായപ്പെടുന്നു.

ഐഫോൺ 15-ന് വേണ്ടി തയ്യാറെടുക്കാൻ ആപ്പിൾ ഉദ്ദേശിക്കുന്നുണ്ട്, ചൈനയിലും ഇന്ത്യയിലും ഒരേസമയം ഉൽപ്പാദനം ആരംഭിക്കുമെന്നും ചൈനയിൽ പരീക്ഷണ ഉൽപ്പാദനം ഇതിനകം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ആപ്പിളിന്റെ ചില ഐപാഡ് ഉൽപ്പാദനം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതായും വാർത്തയുണ്ടായിരുന്നു. ഈ നീക്കത്തെ ഇന്ത്യൻ ഗവൺമെന്റ് സ്വാഗതം ചെയ്യുമെന്ന് തന്നെയാണ് കരുതുന്നത്. കാരണം ഇത് മെയ്ക്ക് ഇൻ ഇന്ത്യ കാമ്പെയ്‌നിന് ഊർജമാവും. രാജ്യത്ത് ആഭ്യന്തര ഉൽപ്പാദനം ആരംഭിക്കുന്നതിന് ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ നിരവധി നയങ്ങൾ നടപ്പിലാക്കിയിട്ടുമുണ്ട്.

വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നിവരുമായി ചേർന്നാണ് രാജ്യത്ത് ആപ്പിളിന്റെ പ്രവർത്തനം. കേന്ദ്രസർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയുമായി നേരിട്ട് ബന്ധപ്പെട്ടാണ് ഐഫോൺ 14ന്റെ രാജ്യത്തെ നിർമ്മാണം. ഇന്ത്യയിൽ ആപ്പിൾ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതു വഴി ഇറക്കുമതി തീരുവയിൽ 20 ശതമാനം ലാഭിക്കാൻ ആപ്പിളിന് സാധിക്കും. ഇത് ആപ്പിളിന്റെ വിലയിലും മാറ്റങ്ങൾ ഉണ്ടാക്കിയേക്കും.

അതേസമയം, ഐഫോൺ നിർമാതാവായ വിസ്ട്രൺ കമ്പനിയുടെ പ്ലാന്റ് ടാറ്റ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. ഇരു കമ്പനികളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഏറ്റെടുക്കൽ 2023 മാർച്ച് അവസാനത്തോടെ പൂർത്തിയായേക്കുമെന്നുമാണ് റിപ്പോർട്ട്. ബെംഗളൂരിനു സമീപം പ്രവർത്തിക്കുന്ന വിസ്ട്രൺ ഫാക്ടറിയുടെ 51 ശതമാനത്തിലേറെ ഓഹരി ടാറ്റ ഏറ്റെടുക്കും. പുതിയ നീക്കം നടന്നാല്‍ ടാറ്റയും വിസ്ട്രണും ചേര്‍ന്നായിരിക്കും ബെംഗളൂരുവിലെ ഫാക്ടറിയില്‍ ഐഫോണ്‍ നിര്‍മിച്ച് ആപ്പിളിനു നല്‍കുക.

Similar Posts