ഫോൺ നമ്പറില്ലാതെ ഓഡിയോ, വീഡിയോ കോൾ ചെയ്യാം; പുതിയ സംവിധാനവുമായി എക്‌സ്
|iOS, ആൻഡ്രോയിഡ്, മാക് എന്നിവയിൽ ഈ ഓഡിയോ, വീഡിയോ കോളിംഗ് സംവിധാനം പ്രവർത്തിക്കുമെന്ന് ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു
ഫോൺ നമ്പർ ഇല്ലാതെ ഇനി മുതൽ എക്‌സിൽ വോയ്‌സ്, വീഡിയോ കോൾ സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് വാഗ്ദാനവുമായി ഇലോൺ മസ്‌ക്. വീഡിയോ കോൾ സംവിധാനം വൈകാതെ എക്‌സിൽ അവതരിപ്പിക്കുമെന്ന് എക്‌സ് സി.ഇ.ഒ ലിൻഡ യാക്കരിനോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
iOS, ആൻഡ്രോയിഡ്, മാക്, പി.സി എന്നിവയിൽ ഈ ഓഡിയോ, വീഡിയോ കോളിംഗ് സംവിധാനം പ്രവർത്തിക്കുമെന്നും മസ്‌ക് എക്‌സിൽ കുറിച്ചു. അതുപോലെ വാട്‌സ്ആപ്പിലെ പോലെ തന്നെ ഈ സംവിധാനം എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായിരിക്കും. എക്‌സിലെ ഡിസൈനറായ ആൻഡ്രിയ കോൺവേ ഡി.എം മെനുവിന്റെ വലത് കോണിൽ പ്രത്യക്ഷമായ പുതിയ വീഡിയോ കോളിംഗ് ഓപ്ഷന്റെ ചിത്രങ്ങൾ പങ്കിടുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിനു സമാനമായ രീതിയിലാണിത് കാണപ്പെടുന്നത്.
ട്വിറ്റർ എക്‌സ് ആയി റീബ്രാൻഡ് ചെയ്തതിനു പിന്നാലെ ഫെയ്‌സ്ബുക്കിലേത് പോലെയുള്ള വലിയ പോസ്റ്റുകൾ, യുട്യൂബിലേതു പോലെ ദൈർഘ്യമുള്ള വീഡിയോകൾ, വെരിഫൈഡ് ഉപയോക്താക്കൾക്ക് പരസ്യവരുമാനത്തിന്റെ ഓഹരി നൽകൽ തുടങ്ങിയ ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ ഉപയോക്താക്കൾക്ക് പരസ്പരം ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം എക്‌സ് നേരത്തെ നീക്കം ചെയ്തിരുന്നു.