സൂം മീറ്റിങ്ങിലൂടെ 900 പേരെ പിരിച്ചുവിട്ട കമ്പനിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 3000 ജീവനക്കാർ പുറത്ത്
|ബെറ്റർ.കോം എന്ന ഓൺലൈൻ മോർട്ട്‌ഗേജ് വായ്പാ കമ്പനിയാണ് ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാരെ ഒഴിവാക്കിയത്.
900 ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിട്ട സംഭവം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിശാൽ ഗാർഗിന്റെ നേതൃത്വത്തിലുള്ള അമേരിക്കയിലെ അതേ കമ്പനിയായ ബെറ്റർ.കോം 3,000-ത്തിലധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ഉയർന്ന പലിശനിരക്ക് മൂലം ഒറിജിനേഷൻ വോളിയത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. ഇതാണ് പിരിച്ചുവിടലിന് കാരണമായതെന്ന് ബെറ്റർ.കോമിന്റെ ഇടക്കാല അദ്ധ്യക്ഷൻ കെവിൻ റയാൻ പറഞ്ഞു.
പിരിച്ചുവിട്ടവരിൽ ഇന്ത്യയിലെ ജീവനക്കാരും ഉൾപ്പെടും. റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണിയിലെ കനത്ത തിരിച്ചടികളാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്. യുഎസിലും ഇന്ത്യയിലുമുള്ള കമ്പനിയുടെ തൊഴിലാളികളെ ഗണ്യമായി കുറയ്ക്കുകയാണെന്ന് നടപടിക്ക് പിന്നാലെ അധികൃതർ വ്യക്തമാക്കി. പെട്ടന്നുള്ള പിരിച്ചു വിടലായതിനാൽ ജീവനക്കാർക്ക് മെഡിക്കൽ ആനുകൂല്യങ്ങളുൾപ്പെടെ നൽകുന്നുണ്ട്. പിരിച്ചുവിട്ടാലും കുറച്ചു കാലത്തേക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കും.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ആദ്യമായി ബെറ്റർ.കോം എന്ന കമ്പനി ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. സിഇഒ വിശാൽ ഗാർഗ് 900 ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവ മുൻനിർത്തിയാണു തീരുമാനമെന്നാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്.