Tech
ChatGPTfailsJEE, ChatGPTfailsJEEentranceexam
Tech

എ.ഐക്ക് എല്ലാം പുഷ്പമല്ല! ജെ.ഇ.ഇയിൽ 'തോറ്റമ്പി' ചാറ്റ്ജി.പി.ടി

Web Desk
|
13 April 2023 4:27 PM GMT

നീറ്റ് പരീക്ഷയിൽ മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി നേരത്തെ ചാറ്റ്ജി.പി.ടി അമ്പരപ്പിച്ചിരുന്നു

ന്യൂഡൽഹി: ഗൂഗിളിനു വെല്ലുവിളിയായി അവതരിപ്പിക്കപ്പെട്ട ചാറ്റ്ജി.പി.ടിക്ക് പോകാത്ത ഒന്നുമില്ലെന്നായിരുന്നു ഏറെ ആഘോഷത്തോടെ പരിചയപ്പെടുത്തപ്പെട്ടിരുന്നത്. തിരക്കഥയെഴുത്തു മുതൽ ഡിസൈനിങ്ങും വെബ് ഡെവലപിങ്ങും വരെ ഓപൺഎ.ഐയുടെ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ട് പുഷ്പം പോലെ ചെയ്തുതരുമെന്നാണ് പറയുന്നത്. എന്നാൽ, ചാറ്റ്ജി.പി.ടിക്ക് എല്ലാം അത്ര ഈസിയല്ലെന്നാണ് പുതിയൊരു റിപ്പോർട്ട് പറയുന്നത്.

രാജ്യത്തെ ഏറ്റവും മൂല്യമേറിയ മത്സരപരീക്ഷകളിലൊന്നായ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ(ജെ.ഇ.ഇ) പരീക്ഷയിൽ ചാറ്റ്ജി.പി.ടി അമ്പേ പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട്. രണ്ടു പേപ്പറുകളിലെ ആകെ ചോദ്യങ്ങളിൽ 11 എണ്ണത്തിനു മാത്രമാണ് എ.ഐ ബോട്ടിന് ശരിയുത്തരം നൽകാനായത്. സങ്കീർണമായ ഡയഗ്രമുകളും കണക്കുകളും ഉൾപ്പെടുന്ന കർക്കശമായ ക്വാന്റിറ്റേറ്റീവ് പരീക്ഷ ആയതുകൊണ്ടു തന്നെ ജെ.ഇ.ഇ ചാറ്റ്ജി.പി.ടിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് ഡൽഹി ഐ.ഐ.ടിയിലെ മുൻ ഡയരക്ടർ പ്രൊഫസർ രാം ഗോപാൽ റാവു പറഞ്ഞത്.

അതേസമയം, നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ(നീറ്റ്) 200ൽ മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി ചാറ്റ്ജി.പി.ടി അമ്പരപ്പിച്ചിരുന്നു. ആകെ 180 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകേണ്ടിടത്താണ് മുഴുവൻ ശരിയുത്തരം നൽകി എ.ഐ ബോട്ട് 'തിളങ്ങിയത്'. യു.എസ് മെഡിക്കൽ ലൈസൻസിങ് എക്‌സാം(യു.എസ്.എം.എൽ.ഇ), മിന്നസോട്ട സർവകലാശാലയുടെ നിയമപരീക്ഷകൾ, എം.ബി.എ അടക്കം നിരവധി പരീക്ഷകളും ചാറ്റ്ജി.പി.ടി വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Summary: ChatGPT fails JEE entrance exam miserably, could answer only 11 questions correctly

Similar Posts