ട്വിറ്റർ ആസ്ഥാനത്ത് 'എക്‌സ്' ലോഗോ സ്ഥാപിച്ചതിന് പിന്നാലെ കമ്പനി പ്രതിസന്ധിയിൽ
|ട്വിറ്റർ ആസ്ഥാനത്ത് സ്ഥാപിച്ച 'എക്‌സ്' ലോഗോയുടെ ചിത്രം മസ്‌ക് നേരത്തെ പങ്കുവെച്ചിരുന്നു
അടുത്തിടെയാണ് ഇലോൺ മസ്‌ക് ട്വിറ്ററിനെ റീബ്രാൻഡിങ് ചെയ്ത് 'എക്‌സ്' എന്നാക്കി മാറ്റിയത്. ഇപ്പോഴിതാ സാൻഫ്രാൻസിസ്‌കോയിലെ ട്വിറ്റർ ആസ്ഥാനത്ത് വലിയ ഒരു 'എക്‌സ്' ലോഗോ സ്ഥാപിച്ചതിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുകയാണ് കമ്പനി.
ലോഗോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുൻകൂട്ടി അനുമതി വാങ്ങാത്തതിനാൽ സാൻഫ്രാസികോ ഭരണകൂടം കമ്പിനിക്കതിരെ അന്വേഷണമാരംഭിച്ചിരിക്കുകയാണ്. ഒരു കമ്പനി അതിന്റ ചിഹ്നമോ ലോഗോയോ മാറ്റുന്നതിന് മുമ്പ് ഡിസൈൻ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അനുമതി വാങ്ങേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
മാറ്റി സ്ഥാപിക്കുന്ന അക്ഷരങ്ങൾക്കോ ചിഹ്നങ്ങൾക്കോ കെട്ടിടത്തിന്റ ചരിത്രപരമായ സ്വഭാവവുമായി സ്ഥിരത ഉറപ്പാക്കാനും പുതുതായി കൂട്ടിചേർക്കുന്നത് സുരക്ഷിതമായി ഘടിപ്പിച്ചുവെന്ന് ഉറപ്പിക്കാനും അനുമതി ആവശ്യമാണെന്ന് ബിൽഡിംഗ് ഇൻസ്‌പെക്ഷൻ വിഭാഗം വക്താവ് പറഞ്ഞു.
അടുത്തിടെ ട്വിറ്റർ ആസ്ഥാനത്ത് സ്ഥാപിച്ച 'എക്‌സ്' ലോഗോയുടെ ചിത്രം മസ്‌ക് പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് 44 ബില്ല്യൺ ഡോളറിന് ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. റീബ്രാൻഡിങ്ങിലൂടെ ട്വിറ്ററിനെ വീഡിയോ, ഓഡിയോ, മെസേജിങ്, പെയ്‌മെന്റ് പ്ലാറ്റ്‌ഫോമാക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ട്വിറ്റർ സി.ഇ.ഓ ലിൻഡ യക്കാറിനോ നേരത്തെ വ്യക്തമാക്കിയിരുന്നു.