സൈബർ സുരക്ഷയൊരുക്കാൻ 'മായ ഒ.എസു'മായി പ്രതിരോധവകുപ്പ്
|വിൻഡോസിന് പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'മായ ഒ.എസ്' ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം
സൈബർ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മായ ഒ.എസ് ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. സർക്കാർ കംപ്യൂട്ടർ ശൃംഖല ലക്ഷ്യമിട്ട് മാൽവെയർ, റാൻസം വെയർ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി.
പ്രതിരോധ മന്ത്രാലയത്തിന്റെ കംപ്യൂട്ടർ ശൃംഖലയെ ലക്ഷ്യമിട്ട് വിദേശ ശക്തികളിൽ നിന്നുള്ള സൈബറാക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് 2021 ൽ വിൻഡോസിനേക്കാൾ സുരക്ഷിതവും കൂടുതൽ ആശ്രയിക്കാവുന്നതുമായ ഒരു ഒ.എസ് സ്വന്തമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.
ജനപ്രിയ ലിനക്‌സ് ഡിസ്ട്രിബ്യൂഷനായ ഉബുണ്ടു അടിസ്ഥാനമാക്കിയാണ് മായ ഓ.എസ് പ്രവർത്തിക്കുന്നത്. അത്‌കൊണ്ട് തന്നെ ഉയർന്ന സൈബർ സുരക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി.ആർ.ഡി.ഓ, സി-ഡാക്,എൻ.ഐ.സി തുടങ്ങിയ വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെയാണ് ഒ.എസ് വികസിപ്പിച്ചെടുത്തത്. എകദേശം ആറുമാസം കൊണ്ടാണ് മായാ ഒ.എസ് പ്രവർത്തന സജ്ജമാക്കിയത്.
വിൻഡോസിന് സമാനമായ പ്രവർത്തനമാണ് മായ ഓ.എസിനും എന്നതിനാൽ ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഇതിന്റെ ഉപയോഗ രീതി പഠിച്ചെടുക്കാനാകും. കൂടാതെ ഇതിൽ ചക്രവ്യൂഹ് എന്ന ഒരു എൻഡ് പോയിന്റ് ്മാൽവെയർ ആൻഡ് ആന്റിവൈറസ് സോഫ്റ്റ് വെയറുമുണ്ട്. ഇത് സൈബ്‌റാക്രമണത്തിൽ നിന്ന കൂടുതൽ സുരക്ഷയേകും. നാവിക സേന ഇതിനോടകം തന്നെ മായക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കരസേനയും വ്യോമ സേനയും ഓ.എസ് വിലരയിരുത്തി വരുകയാണ്. ഓഗസ്റ്റ് 15 ന് മുമ്പ് തന്നെ സൗത്ത് ബ്ലോക്കിലെ ഇന്റർനെറ്റ് കണക്ടഡ് കംപ്യൂട്ടറുകളിലെല്ലാം ഓ.എസ് ഇൻസ്റ്റാൾ ചെയ്യാനാണ് പദ്ധതി. മറ്റുള്ള കംപ്യൂട്ടറുകളിൽ ഈ വർഷം അവസാനത്തോടെയും ഇൻസ്റ്റാൾ ചെയ്യും.