Tech
ലൈസന്‍സില്ലാതെ മുന്‍കൂര്‍ ബുക്കിങ് വേണ്ടെന്ന് കേന്ദ്രം; ഇന്ത്യക്കാരുടെ പണം തിരിച്ചുനൽകുമെന്ന് മസ്‌കിന്‍റെ കമ്പനി
Tech

ലൈസന്‍സില്ലാതെ മുന്‍കൂര്‍ ബുക്കിങ് വേണ്ടെന്ന് കേന്ദ്രം; ഇന്ത്യക്കാരുടെ പണം തിരിച്ചുനൽകുമെന്ന് മസ്‌കിന്‍റെ കമ്പനി

Web Desk
|
4 Jan 2022 12:17 PM GMT

2020 ഫെബ്രുവരിയിലാണ് മസ്‌കിന്റെ കീഴിലുള്ള സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് കമ്പനി ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി പ്രീ-ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയത്

ഇലോണ്‍ മസ്കിന്‍റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ, ഇന്ത്യയിലെവിടെയും സാറ്റലൈറ്റ് ഇന്റർനെറ്റ് എത്തിക്കാനുള്ള നീക്കം പ്രതിസന്ധിയില്‍. ലൈസന്‍സില്ലാതെ പണം വാങ്ങിയുള്ള മുന്‍കൂര്‍ ബുക്കിങ് പാടില്ലെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതാണ് കാരണം. ഇന്ത്യയില്‍ നിന്ന് സ്റ്റാര്‍ലിങ്ക് സേവനത്തിനായി ഇതുവരെ ബുക്ക് ചെയ്തവര്‍ക്കെല്ലാം പണം തിരികെ നല്‍കാനൊരുങ്ങുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം പ്രീ-ഓർഡറുകൾ എടുക്കുന്നത് കമ്പനി നേരത്തേ തന്നെ നിർത്തിയിരുന്നു.

പണം തിരിച്ചുനൽകുന്നത് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടെലികോം വകുപ്പിന്‍റെ നിര്‍ദേശം സംബന്ധിച്ച് ഉപഭോക്താക്കൾക്ക് ഇ-മെയിൽ അയച്ചതായി റിപ്പോർട്ടുണ്ട്. ലൈസൻസുകൾ ലഭ്യമാക്കുന്നതിനുള്ള സമയക്രമം നിലവിൽ അജ്ഞാതമാണെന്നും കമ്പനിക്ക് ഇന്ത്യയിലെ പ്രവർത്തനത്തിനു മുമ്പ് പരിഹരിക്കേണ്ട ചില പ്രശ്‌നങ്ങളുണ്ടെന്നും ഇ-മെയില്‍ സന്ദേശത്തില്‍ കമ്പനി സൂചിപ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ഫെബ്രുവരിയിലാണ് മസ്‌കിന്റെ കീഴിലുള്ള സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് കമ്പനി ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി പ്രീ-ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയത്. 99 ഡോളറായിരുന്നു പ്രീ–ഓർഡറുകള്‍ക്ക് വാങ്ങിയിരുന്നത്. കേന്ദ്ര നിര്‍ദേശപ്രകാരം, 2021 നവംബറിലാണ് ഇന്ത്യയിൽ പ്രീ-ഓർഡറുകൾ എടുക്കുന്നത് സ്റ്റാർലിങ്ക് നിർത്തിയത്. ഇക്കാലയളവില്‍ അയ്യായിരത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്പനി സൂചിപ്പിച്ചിരുന്നു.

Related Tags :
Similar Posts