Tech
facebook down
Tech

'നിങ്ങളിത് വായിക്കുന്നത് ഞങ്ങളുടെ സെര്‍വറുകള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്'; മസ്കിന് ഇന്നലെ ആഘോഷരാവ്

Web Desk
|
6 March 2024 4:39 AM GMT

ചൊവ്വാഴ്ച രാത്രി 8.45നു ശേഷമാണ് ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിൽ തടസ്സം നേരിട്ടത്

സാന്‍ ഫ്രാന്‍സിസ്കോ: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയതോടെ ഇന്നലെ താരമായത് മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സായിരുന്നു. ഇവ രണ്ടും പ്രവര്‍ത്തനരഹിതമായതിന്‍റെ ആവലാതികള്‍ എക്സിലൂടെയായിരുന്നു ഉപയോക്താക്കള്‍ പങ്കുവച്ചത്. ചിലരാകട്ടെ പഴയ എക്സ് അക്കൗണ്ടുകള്‍ പൊടിതട്ടിയെടുത്തു. instagramdown,facebookdown എന്നീ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങ്ങായി. ഇതിനിടയില്‍ ഫേസ്ബുക്കിനെ ട്രോളി ടെസ്‍ല സി.ഇ.ഒയും എക്സ് മേധാവിയുമായ ഇലോണ്‍ മസ്കും രംഗത്തെത്തി.

“നിങ്ങൾ ഈ പോസ്റ്റ് വായിക്കുകയാണെങ്കിൽ, ഞങ്ങളുടെ സെർവറുകൾ പ്രവർത്തിക്കുന്നതിനാലാണ്,” മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തു. തലയില്‍ കൈവച്ചുനില്‍ക്കുന്ന ഇന്‍സ്റ്റഗ്രാമിന്‍റെയും ഫേസ്ബുക്കിന്‍റെയും ത്രെഡിന്‍റെയും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എക്സിന്‍റെ മീമും മസ്ക് പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്കിന്‍റെ അഭാവത്തില്‍ സന്തോഷിച്ചുല്ലസിക്കുന്ന മസ്കിന്‍റെ വിവിധ ട്രോളുകളും എക്സില്‍ പ്രചരിച്ചു.

ചൊവ്വാഴ്ച രാത്രി 8.45നു ശേഷമാണ് ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിൽ തടസ്സം നേരിട്ടത്.ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഫേസ്ബുക്കിന് പുറമേ ഇന്‍സ്റ്റഗ്രാമും ത്രെഡുമെല്ലാം പ്രവർത്തന രഹിതമായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്തു.അതേ സമയം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തടസമാണോ മെറ്റയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല. ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്‍റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായാണ് ഹോങ്കോങ് ടെലികോം കമ്പനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറയുന്നത്.പ്രശ്നം പരിഹരിച്ച് 2 മണിക്കൂറിന് ശേഷമാണ് ആപ്ലിക്കേഷനുകൾ പ്രവർത്തന സജ്ജമായത്.

Similar Posts