പറത്തിവിട്ട നീലക്കിളിയെ തിരിച്ചുകൊണ്ടുവന്ന് മസ്ക്
|നേരത്തെ നീലക്കിളിക്ക് പകരം നായയുടെ ചിത്രം ലോഗോയുടെ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്‍റെ നീലക്കിളി (ബ്ലൂ ബേഡ്) ലോഗോ പുനസ്ഥാപിച്ചു. കുറച്ചു ദിവസം മുന്‍പ് നീലക്കിളിക്ക് പകരം നായയുടെ ചിത്രം ലോഗോയുടെ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. ഡോഗ് കോയിന്‍ എന്ന പേരിലുള്ള ക്രിപ്റ്റോ കറന്‍സിയുടെ ഡോഗി മീമിന് സമാനമായിരുന്നു ഇത്. കാരണം വ്യക്തമാക്കാതെയാണ് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്ക് നീലക്കിളിയുടെ സ്ഥാനത്ത് നായയെ കൊണ്ടുവന്നത്.
നായയെ ലോഗോയുടെ സ്ഥാനത്തു കൊണ്ടുവന്നതിനു പിന്നാലെ, നേരത്തെ ഒരു അജ്ഞാതനുമായി താന്‍ നടത്തിയ സംഭാഷണത്തിന്‍റെ സ്ക്രീന്‍ ഷോട്ട് മസ്ക് പങ്കുവെച്ചിരുന്നു. പക്ഷിയെ മാറ്റി ഡോഗിനെ ലോഗോ ആക്കൂ എന്നാണ് ചെയര്‍മാന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ട് മസ്കിനോട് ആവശ്യപ്പെട്ടത്. 'വാഗ്ദാനം ചെയ്ത പോലെ' എന്ന അടിക്കുറിപ്പോടെ മസ്ക് സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചു.
ട്വിറ്ററിന്‍റെ ലോഗോയുടെ സ്ഥാനത്ത് നായ വന്നതോടെ ഡോഗ്കോയിന്‍റെ മൂല്യം 30 ശതമാനം ഉയര്‍ന്നിരുന്നു. മൂന്നു ദിവസത്തിനു ശേഷമാണ് നായയെ മാറ്റി നീലക്കിളിയെ ലോഗോയുടെ സ്ഥാനത്ത് തിരിച്ചുകൊണ്ടുവന്നത്.
2013ലാണ് ഡോഗ്കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സി അവതരിപ്പിക്കപ്പെട്ടത്. മസ്ക് ഈ കറന്‍സിയെ പിന്തുണച്ചിരുന്നു. അതിന്‍റെ പേരില്‍ 258 ബില്യണ്‍ ഡോളറിന്‍റെ കേസ് മസ്കിനെതിരെ നടക്കുന്നുണ്ട്. ഈ കേസ് തള്ളണമെന്ന് മസ്ക് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നീലക്കിളി തിരിച്ചുവന്നപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ട്വിറ്ററാറ്റികളുടെ ഭാഗത്തുനിന്നുണ്ടായത്. നായയുടെ ലോഗോ തന്നെ മതിയായിരുന്നുവെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ലോഗോ മാറ്റത്തോടെ ഡോഗ്കോയിന്‍റെ മൂല്യം ഇടിഞ്ഞെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. സാമ്പത്തിക പ്രതിസന്ധി കാരണം ട്വിറ്റര്‍ വഴി ഡോഗ്കോയിനെ പ്രമോട്ട് ചെയ്ത് മസ്ക് പണം സമ്പാദിക്കുകയായിരുന്നുവെന്നാണ് മറ്റൊരാളുടെ നിരീക്ഷണം.
Summary- Twitter's CEO Elon Musk stunned the world when he changed the iconic blue bird logo, with the doge meme of the Dogecoin cryptocurrency. Today he changed it again reverting to the original blue bird logo.