'ഫോൺ മാറ്റി വെച്ച് കുടുംബത്തിനൊപ്പം ചെലവഴിക്കൂ': ട്വീറ്റുകളുടെ പരിധിയിൽ പ്രതികരിച്ച് മസ്‌ക്
|ശനിയാഴ്ചയാണ് ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകൾക്ക് പരിധി നിശ്ചയിച്ച് മസ്‌കിന്റെ പ്രഖ്യാപനമെത്തിയത്
ട്വീറ്റുകൾക്ക് പരിധി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ വ്യാപക വിമർശനങ്ങൾക്ക് പ്രതികരണവുമായി സി.ഇ.ഒ ഇലോൺ മസ്‌ക്. കുറച്ച് സമയം ഫോൺ മാറ്റി വെച്ച് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചെലവഴിക്കൂ എന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിനും വിമർശനങ്ങളേറെയുണ്ട്.
ശനിയാഴ്ചയാണ് ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകൾക്ക് പരിധി നിശ്ചയിച്ച് മസ്‌കിന്റെ പ്രഖ്യാപനമെത്തിയത്. പുതിയ മാറ്റം പ്രകാരം വേരിഫൈഡ് അക്കൗണ്ടുകളുള്ളവർക്ക് പ്രതിദിനം 6000 പോസ്റ്റുകൾ വരെ വായിക്കാൻ കഴിയും. വേരിഫിക്കേഷൻ ഇല്ലാത്ത അക്കൗണ്ടുകൾക്ക് 600ഉം വേരിഫൈ ചെയ്യാത്ത പുതിയ അക്കൗണ്ടുകൾക്ക് 300 പോസ്റ്റുകളും മാത്രമാണ് വായിക്കാൻ കഴിയുക. ഡേറ്റ സ്‌ക്രാപ്പിംഗും കൃത്രിമത്വവും തടയുന്നതിനാണ് പുതിയ മാറ്റങ്ങൾ എന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്.
ഈ താൽക്കാലിക പരിധി, ഇനി വർധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വെരിഫൈഡ് യൂസർമാർക്ക് പ്രതിദിനം എട്ടായിരം പോസ്റ്റുകളും വെരിഫൈ ചെയ്യാത്തവർക്ക് നിത്യേന 800 പോസ്റ്റുകളും കാണാനാവും.
കഴിഞ്ഞ വർഷമാണ് 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ വാങ്ങിയത്.ചുമതലയേറ്റയുടൻ ജീവനക്കാരെ പിരിച്ചുവിട്ടാണ് മസ്‌ക് തന്റെ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടത്. മസ്‌ക് ഏറ്റെടുക്കുമ്പോൾ 8,000 ജീവനക്കാരായിരുന്നു ട്വിറ്ററിലുണ്ടായിരുന്നത്. എന്നാൽ അത് 1,500 ആയി വെട്ടിക്കുറച്ചു. പിന്നീട് ട്വിറ്റർ ബ്ലൂ ടിക്കിന് പ്രതിമാസ വരിസംഖ്യയും മസ്‌ക് ഏർപ്പെടുത്തി. അതുവരെ ഉപഭോക്താക്കൾക്ക് സൗജന്യമായാണ് ബ്ലൂടിക്ക് നൽകിയിരുന്നത്. ബ്ലൂടിക്കിന് വെരിഫിക്കേഷൻ ചാർജ് ഈടാക്കിയതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പണമടക്കാത്ത പല പ്രമുഖ കമ്പനികളുടെയും വ്യക്തികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ബ്ലൂ ടിക്ക് അപ്രത്യക്ഷമായതും വാർത്തയായി.