Tech
Elon musk
Tech

'ഓപ്പൺ എ.ഐയുമായുള്ള സഹകരണം രസിച്ചില്ല': ആപ്പിളിന് നിരോധന ഭീഷണിയുമായി ഇലോൺ മസ്‌ക്‌

Web Desk
|
11 Jun 2024 11:45 AM GMT

തന്‍റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂയോർക്ക്: ആപ്പിള്‍ അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) അധിഷ്ഠിത സേവനങ്ങളാണ് ടെക് ലോകത്തെ സംസാര വിഷയം. ആകാംക്ഷയോടെയാണ് ടെക് ലോകം ഈ അപ്‌ഡേറ്റുകൾക്കായി കാത്തിരുന്നത്.

ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഗ്രസിലാണ് അവര്‍ ഇക്കാര്യം അവതരിപ്പിച്ചത്. ഓപ്പൺ എ.ഐയുമായി സഹകരിച്ചാണ് ആപ്പിളിന്റെ ഈ മേഖലയിലെ പ്രവർത്തനം. ഓപ്പണ്‍ എ.ഐയുമായുള്ള സഹകരണം ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശതകോടീശ്വരനും എക്സ് അടക്കമുള്ള സ്ഥാപനങ്ങളുടെ മേധാവിയുമായ ഇലോണ്‍ മസ്ക്. തന്‍റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്‌കിന്റെ ഭീഷണി. അസ്വീകാര്യമായ സുരക്ഷാ ലംഘനമായിരിക്കുമെന്നാണ് മസ്‌ക് എക്‌സിൽ കുറിച്ചത്. തന്റെ കമ്പനിയിലെ ജോലിക്കാർക്ക് മാത്രമല്ല സന്ദർശകർക്കും ഈ വിലക്ക് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ആപ്പിൾ പ്രൊഡക്ട് ഉണ്ടെങ്കിൽ അവ പുറത്ത് വെച്ച് ഓഫീസിൽ കയറിയാൽ മതിയെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം മസ്‌കിന്റെ ഭീഷണികളോട് ഓപൺ എ.ഐയോ ആപ്പിളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരണം ആരാഞ്ഞ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ബന്ധപ്പെട്ടുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ടെസ്‌ല, സ്‌പേസ് എക്‌സ്, സ്റ്റാർലിങ്ക്, എക്‌സ് എന്നിവ മസ്കിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളാണ്.

ആപ്ലിക്കേഷനുകളിലും ഓപറേറ്റിങ് പ്ലാറ്റ്‌ഫോമുകളിലും എ.ഐ ഫീച്ചറുകൾ ആപ്പിൾ ഇന്നാണ് അവതരിപ്പിച്ചത്. ഓപൺ എ.ഐ ചാറ്റ് ജി.പി.ടി എന്നിവയുമായി സഹകരിച്ചാണ് ആപ്പിളിന്റെ പ്രവർത്തനം. ആപ്പിളിന്‍റെ സിരി ഡിജിറ്റൽ അസിസ്റ്റന്‍റ് വഴി ഉപഭോക്താക്കൾക്ക് ഓപ്പണ്‍ എഐയുടെ ചാറ്റ് ജി.പി.ടി ചാറ്റ്‌ബോട്ടിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും.

അതേസമയം ജനറേറ്റീവ് എഐ അധിഷ്ഠിത സൗകര്യങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ എത്തുന്നു എന്നതായിരുന്നു ഇത്തവണത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ പ്രഖ്യാപനങ്ങളുടെ മുഖ്യ ഹൈലൈറ്റ്. ഐഫോണ്‍, മാക്ക്, ഐപാഡ് എന്നിവയിലുടനീളമുള്ള ആപ്പുകളിലെല്ലാം പുതിയ ജനറേറ്റീവ് എഐ അധിഷ്ഠിത സൗകര്യങ്ങള്‍ ലഭിക്കും. സാംസങിന്റെ ഗാലക്‌സി എ.ഐയോട് മത്സരിക്കാനാവും വിധമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍.

Similar Posts