വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഫേസ്ബുക്ക് ജീവനക്കാര്‍ വായിക്കുന്നു: പ്രോപബ്ലിക അന്വേഷണ റിപ്പോര്‍ട്ട്
|ഓസ്റ്റിന്‍, ടെക്സസ്, സിംഗപ്പൂര്‍, ഡബ്ലിന്‍ എന്നിവിടങ്ങളിലുള്ള ആയിരത്തിലേറെ കരാര്‍ ജീവനക്കാര്‍ വാട്സ്ആപ്പിലെ ലക്ഷക്കണക്കിന് ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ സുരക്ഷ വീണ്ടും ചര്‍ച്ചയാകുന്നു. ഉപയോക്താക്കള്‍ അയയ്ക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഫെയ്സ്ബുക്ക് ഏർപ്പെടുത്തിയിരിക്കുന്ന കരാറുകാര്‍ക്ക് വായിക്കാനും പങ്കുവെക്കാനും സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഓണ്‍ലൈന്‍ മാധ്യമം 'പ്രോപബ്ലിക' കഴിഞ്ഞ ദിവസം പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഓസ്റ്റിന്‍, ടെക്സസ്, സിംഗപ്പൂര്‍, ഡബ്ലിന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ആയിരത്തിലേറെ കരാര്‍ ജീവനക്കാര്‍ കമ്പനിക്കുണ്ട്. വാട്സ്ആപ്പിലെ ലക്ഷക്കണക്കിന് ഉള്ളടക്കങ്ങളാണ് ഇവര്‍ പരിശോധിക്കുന്നതെന്ന് പ്രോപബ്ലിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഉപയോക്താവ് സന്ദേശങ്ങള്‍ 'റിപ്പോര്‍ട്ട്' ചെയ്താല്‍ ആ സന്ദേശത്തിന്റെ പകര്‍പ്പ് വാട്സ്ആപ്പിന്റെ മോഡറേഷന് കരാറുകാരുടെ പക്കലേക്ക് അയക്കപ്പെടുമെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാട്സ്ആപ്പ് സന്ദേശങ്ങൾ കമ്പനി കാണുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് പ്രസ്തുത വെളിപ്പെടുത്തൽ. തട്ടിപ്പ്കേസുകൾ, കുട്ടികളുടെ അശ്ലീലം, തീവ്രവാദ ഗൂഢാലോചന എന്നിവ തടയുന്നതിന് കരാര്‍ ജോലിക്കാർ അൽഗോരിതവും ഉള്ളടക്കവും ഉപയോഗപ്പെടുത്തുന്നതായി കമ്പനി സമ്മതിച്ചിട്ടുണ്ട്.
സന്ദേശങ്ങൾക്ക് പുറമെ, ഒരു ഉപയോക്താവിന്റെ വാട്സ്ആപ്പ് പ്രൊഫൈൽ, ഗ്രൂപ്പുകളുടെ പേരുകള്‍, പ്രൊഫൈൽ ചിത്രങ്ങൾ, ഫോൺ നമ്പർ, സ്റ്റാറ്റസ് സന്ദേശം, ഫോൺ ബാറ്ററി നില, ഭാഷ, ബന്ധപ്പെട്ട ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എന്നിവയടക്കമുള്ള എൻക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങൾ ഈ കരാർ തൊഴിലാളികൾക്ക് കാണാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഓരോ കരാർ ജീവനക്കാരനും പ്രതിദിനം 600 പരാതികളാണ് കൈകാര്യം ചെയ്യുന്നത്. ഒരു കേസിന് ഒരു മിനിറ്റിൽ താഴെ സമയമാണ് ലഭിക്കുക. ഒന്നുകിൽ ഒന്നും ചെയ്യാതെയിരിക്കാം അല്ലെങ്കിൽ കൂടുതൽ പരിശോധനക്കായി ഉപയോക്താവിനെ നിരീക്ഷണത്തിൽ വെക്കാം അതുമല്ലെങ്കിൽ അക്കൗണ്ട് നിരോധിക്കാം.
അതേസമയം, ഇന്റര്‍നെറ്റ് ദുരുപയോഗങ്ങള്‍ തടയുന്നതിന് ഈ സംവിധാനം അനിവാര്യമാണെന്നും എന്റ് ടു എന്റ് എന്‍ക്രിപ്ഷനിലൂടെ ദിവസേന 10000 കോടി സന്ദേശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും വാട്സ്ആപ്പ് പറയുന്നു. ഉപയോക്താക്കളില്‍ നിന്നും പരിമിതമായി മാത്രം വിവരങ്ങള്‍ ശേഖരിക്കും വിധമാണ് സേവനം നടത്തുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. വാട്സ്ആപ്പിലൂടെയുള്ള ഫോണ്‍വിളികള്‍ കേള്‍ക്കാന്‍ കരാറുകാര്‍ക്ക് സാധിക്കില്ല എന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.
യു.എസ് നിയമ വിഭാഗത്തിന്റെ ചില സ്വകാര്യ ഡേറ്റ കമ്പനി പങ്കുവെച്ചതായും ആക്ഷേപമുണ്ട്. യു.എസ് ബാങ്കുകളിലൂടെ കള്ളപ്പണം എങ്ങനെ ഒഴുകുന്നുവെന്ന് വെളിപ്പെടുത്തുന്ന രഹസ്യ രേഖകൾ ബസ്ഫീഡ് ന്യൂസിന് ചോർത്തിയ ട്രഷറി വിഭാഗം ജീവനക്കാരനെ കുടുക്കാൻ പ്രോസിക്യൂട്ടർമാര്‍ വാട്സ്ആപ്പ് ഡേറ്റ ഉപയോഗിച്ചതായാണ് വിവരം.