മൂന്ന് കോടി പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്
|ഇന്‍സ്റ്റഗ്രാമില്‍ 22 ലക്ഷം പോസ്റ്റുകള്‍ക്കെതിരെയും വാട്സ് ആപ്പിലെ 20.7 ലക്ഷം അക്കൗണ്ടുകളും ബാന്‍ ചെയ്തിട്ടുണ്ട്.
ഹാനികരമായ ഉള്ളടക്കവുമായി ബന്ധപ്പെട്ട് മൂന്നു കോടി പോസ്റ്റുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചു. ഓഗസ്റ്റ് മാസത്തില്‍ മാത്രമാണ് ഇത്രയും പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഓഗസ്റ്റിലെ കോംപ്ലിയന്‍സ് റിപ്പോര്‍ട്ടിലാണ് വിവിധ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെ നടപടിയെടുത്ത കാര്യം ഫേസ്ബുക്ക് വ്യക്തമാക്കിയത്.
അനാവശ്യ ഉള്ളടക്കം, തീവ്രവാദ അജണ്ടകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, അക്രമാസക്തം അടങ്ങുന്ന ഉള്ളടക്കങ്ങള്‍, നഗ്നതയും ലൈംഗികതയുമുള്ള ഉള്ളടക്കങ്ങള്‍, അപമാനിക്കലും അപഹസിക്കലും, ആത്മഹത്യയും, സ്വയം മുറിവേല്‍പ്പിക്കലും, സംഘടിത ഭീകരപ്രവര്‍ത്തനം എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെയാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 22 ലക്ഷം പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വാട്സ് ആപ്പിലെ 20.7 ലക്ഷം അക്കൗണ്ടുകള്‍ ബാന്‍ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുമായിരുന്നു നടപടി.
അതേസമയം, ഫേസ്ബുക്ക് അതിന്റെ ഏറ്റവും വലിയ ക്രിയേറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് എനേബിള്‍മെന്റ് പ്രോഗ്രാം ഇന്ത്യയില്‍ ആരംഭിച്ചു. ഇതിലൂടെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പഠിക്കാനും പണം സമ്പാദിക്കാനും ഒപ്പം അവരുടെ കമ്മ്യൂണിറ്റിയെ വലുതാക്കാനും കഴിയും.
''രാജ്യത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ആളുകള്‍ പോലും ഇന്‍സ്റ്റഗ്രമിന്റെ ഫീച്ചര്‍ റീലുകള്‍ ഉണ്ടാക്കുന്നു. ഇന്ത്യയില്‍ പ്രതിദിനം 60 ലക്ഷം റീലുകള്‍ നിര്‍മിക്കപ്പെടുന്നുണ്ട്. അത്രമാത്രം കണ്ടന്റ് നിര്‍മാതാക്കള്‍ ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ധനസമ്പാദന ഉപകരണങ്ങള്‍ അവതിരിപ്പിക്കുന്നു''. ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹന്‍ പറഞ്ഞു.